സഹകരണം ശങ്കുണ്ണി

‘സഹകരണം ശങ്കുണ്ണി’യെന്നാണ്‌ ശങ്കുണ്ണിയേട്ടൻ നാട്ടിലാകെ അറിയപ്പെടുന്നതു തന്നെ.

‘ശങ്കു’ എന്നാണ്‌ മാതാപിതാക്കൾ വാത്സല്യത്തോടെ വിളിച്ച പേര്‌.

‘ശങ്കു’ ‘ശങ്കുണ്ണിയായി’ പിന്നെ ‘ശങ്കുണ്ണി സാറായി’ കുറേക്കഴിഞ്ഞപ്പോൾ ‘ശങ്കുണ്ണിയേട്ടനും’ ദേ

ഇപ്പൊ നാട്ടുകാർ സഹകരണം ശങ്കുണ്ണിയാക്കി!

ആ പേര്‌ നാട്ടുകാർ കൊടുക്കാനുണ്ടായ സാഹചര്യവും മറ്റുമൊക്കെ പറഞ്ഞു തുടങ്ങിയാൽ

അത്‌ ഇവിടം കൊണ്ടൊന്നും തീരില്ല. അതങ്ങനെ പോകും. ‘തകഴി’യുടെ ‘കയർ’പോലെയോ,

വിലാസിനിയുടെ അവകാശികൾ പോലെയോ നീളും. തൽക്കാലം നമുക്കിത്രയേ

മനസ്സിലാക്കേണ്ട ആവശ്യമുള്ളൂ. നാട്ടുകാരുടെ മുഴുവൻ സ്നേഹവും അവർ കൊടുത്ത പേരിന്‌

പിന്നിലുണ്ടെന്ന കാര്യം.

ശങ്കുണ്ണിയേട്ടൻ ‘മാല്യങ്കര’ വഴി വരുന്ന ‘ഗോശ്രീ ട്രാൻസ്‌പോർട്ട്‌’ ബസ്‌ കാത്തങ്ങിനെ

നിൽക്കുകയാണ്‌.

വെറുതെ എങ്ങിനെ ശങ്കുണ്ണിയേട്ടനോട്‌ ചാടിക്കേറി ചോദിക്കും? എവിടെ പോകുകയാണെന്ന്‌?

ഒരു പരിചയമില്ലാത്ത നാമൊക്കെ അങ്ങനെ അഥവാ ചോദിച്ചാൽ തന്നെ ശങ്കുണ്ണിയേട്ടൻ

മറുപടി പറയാൻ നിൽക്കുകയല്ലേ? നല്ല കാര്യം. കൂടി പോയാൽ ‘ദാ ഇവിടെ വരെ’യെന്ന്‌

പറഞ്ഞേക്കാം.

‘ഇതാ ഇവിടെ വരെ’ എന്ന ഐ.വി ശശി സിനിമയിൽ എം.ജി സോമന്റെ‘ ഡയലോഗ്‌

പോലെ.

ഒരുപക്ഷേ അങ്ങനെ വഴിയേ പോകുന്നവർ കേറിയങ്ങ്‌ ചോദിച്ചാൽ ശങ്കുണ്ണിയേട്ടന്‌

ഇഷ്ടമായില്ലെന്നും വരാം “പത്തുപേർ പതിനൊന്നു വിധമല്ലേ”!!

ഇനീപ്പൊ എന്താ ചെയ്യുക? വെറുതെ ശങ്കുണ്ണിയേട്ടനെ ബസ്‌സ്‌റ്റോപ്പിൽ നിർത്തി അങ്ങ്‌

പോയാൽ ശരിയാകോ? കുറഞ്ഞപക്ഷം എവിടേക്കാണ്‌ പോകുന്നത്‌? എന്തിനാണ്‌

എന്നെങ്കിലും അറിയേണ്ടേ?

മറ്റുള്ളവരുടെ സ്വകാര്യതകൾ അറിയാഞ്ഞാൽ എന്തോ ഒരു വീർപ്പുമുട്ടൽ അല്ലേ.

“നമ്മുടെ ഒക്കെ ഒരു കാര്യം”

ദാ ’ആറാലി‘ സൈക്കിളിൽ വരുന്ന ’പാൽക്കാരൻ‘ ജോണിക്കുട്ടിയ കൊണ്ട്‌ തന്നെ നമുക്ക്‌

ചോദിപ്പിക്കാം. ജോണിക്കുട്ടിയാണെങ്കിൽ ശങ്കുണ്ണിയേട്ടന്റെ വീട്ടിലെ സ്ഥിരം

പാൽക്കാരനുമാണ്‌.

വഴിയിൽവച്ച്‌ അപ്രതീക്ഷിതമായി കണ്ടതുകൊണ്ട്‌ അത്യാവശ്യം ഒരു കുശലം ചോദിക്കുന്നതിൽ

തെറ്റില്ല. കൃത്യം ഒന്നാം തീയതി തന്നെ പാലിന്റെ പറ്റ്‌ തീർക്കുന്ന, ജോണിക്കുട്ടിയുടെ

’ഗുഡ്‌കസ്‌റ്റമർ‘ എന്ന ക്യാറ്റഗറിയിൽ ഇടം കിട്ടിയ ആളുമാണ്‌ ശങ്കുണ്ണിയേട്ടൻ.

ജോണിക്കുട്ടിയാണെങ്കിൽ ഇന്നൽപം വൈകിയാണ്‌ പാലുമായി ഇറങ്ങിയതുതന്നെ. അടുത്ത

സ്ഥലത്ത്‌ സമയം വൈകാതെ എത്താനുള്ള ’സ്പീഡിൽ‘ അടിച്ചുകത്തിച്ചുവരികയായിരുന്നു

ജോണിക്കുട്ടി.

ശങ്കുണ്ണിയേട്ടനെ കണ്ടെങ്കിലും തന്നെ കണ്ടില്ലെങ്കിൽ വേഗം വിടാമെന്ന്‌ വിചാരിച്ചാണ്‌

ജോണിക്കുട്ടി സൈക്കിൾ ചവിട്ടികൊണ്ടിരുന്നതു തന്നെ. പക്ഷേ അതാ ശങ്കുണ്ണിയേട്ടൻ

കണ്ടുകഴിഞ്ഞു. ഇനി കുശലം ചോദിക്കാതെ പോകുന്നത്‌ ഭംഗിയല്ല.

“നമുക്കും അതാണല്ലോ വേണ്ടതും” ’ക്യാരിയറിൽ പ്ലാസ്‌റ്റിക്‌ റോപ്പ്‌കൊണ്ട്‌ കെട്ടിയുറപ്പിച്ച

പാൽപാത്രത്തിന്റെ ഭാരം ബാലൻസ്‌ ചെയ്തത്‌ ജോണിക്കുട്ടി സൈക്കിൾ നിർത്തി.

“ശങ്കുണ്ണിയേട്ടനിതെങ്ങോട്ടേക്കാ?

”ഒന്നെറണാകുളം വരെ“

”വിശേഷിച്ച്‌?“

ജില്ലാ സഹകരണബാങ്ക്‌ ‘മ്യൂച്ചൽ ഫണ്ട്‌’ മേഖലയിലേക്ക്‌ കടക്കുന്നതിന്റെ ഉദ്‌ഘാടനമാണ്‌

ഇന്ന്‌.

ഇക്കഴിഞ്ഞ മാസംവരെ ‘മ്യൂച്ചൽ ഫണ്ടി’നേയും ‘ഓഹരി’യേയും ഒക്കെ കുറ്റം പറഞ്ഞുനടന്ന

ആളാണ്‌ ശങ്കുണ്ണിയേട്ടൻ. ദേ ഇപ്പോ ‘മണി ഗ്രോത്ത്‌’ എന്നൊക്കെ പറഞ്ഞ്‌ ഉദ്‌ഘാടനത്തിന്‌

മറൈൻഡ്രൈവ്‌ വരെ പോകാൻ പോകുന്നു. ജോണിക്കുട്ടിക്ക്‌ ചിരിവന്നു. ഈ

ശങ്കുണ്ണിയേട്ടന്റെ ഒരുകാര്യം. എന്തും ഏതും ‘സഹകരണമേഖല’ തുടങ്ങിക്കഴിഞ്ഞാൽ അത്‌

ശങ്കുണ്ണിയേട്ടന്‌ സ്വീകാര്യമായി.

പല ബാങ്കുകളും, കോർ ബാങ്കിംഗും, എ.ടി.എം. കൗണ്ടർ ഒക്കെ തുടങ്ങിയപ്പോൾ അതൊന്നും

സാധാരണക്കാർക്ക്‌ വേണ്ടിയല്ല എന്നൊക്കെ വിമർശിച്ച ശങ്കുണ്ണിയേട്ടൻ അതൊക്കെ ജില്ലാ

സഹകരണബാങ്ക്‌ തുടങ്ങിക്കഴിഞ്ഞപ്പോൾ നേരെ തിരിച്ച്‌ പറയാൻ തുടങ്ങി.

‘ഇന്ത്യ, വളരുകയല്ലേ’ പണ്ട്‌ പണക്കാർക്ക്‌ മാത്രം പ്രാപ്യമായ ‘എ.ടി.എം ഒക്കെ

സാധാരണക്കാർക്ക്‌ ലഭ്യമാക്കേണ്ടേ. അതിന്‌ സഹകരണ ബാങ്ക്‌ തന്നെ നല്ലത്‌. ഒന്നും

ശങ്കുണ്ണിയേട്ടനോട്‌ പറഞ്ഞ്‌ ജയിക്കാമെന്ന്‌ ആരും വിചാരിക്കേണ്ട.

വസ്തുനിഷ്‌ഠമായി സമർത്ഥിക്കാൻ ശ്രമിച്ചാലും ശങ്കുണ്ണിയേട്ടനോട്‌ പറഞ്ഞ്‌ ജയിക്കാൻ

സാധിക്കില്ലതന്നെ. പ്രത്യേകിച്ച്‌ സഹകരണമേഖലയെക്കുറിച്ച്‌ പറഞ്ഞ്‌ തുടങ്ങിയാൽ.

വേറുതെയാണോ ശങ്കുണ്ണിയേട്ടന്‌ ’സഹകരണം ശങ്കുണ്ണി‘യെന്ന പേര്‌ വീണതു തന്നെ.

അകലെ നിന്നും ബസുവരുന്നത്‌ കണ്ടപ്പോൾ ശങ്കുണ്ണിയേട്ടൻ തന്റെ കാലൻകുടയും ബാഗും ഇടതുകൈയിൽ ഒതുക്കി പിടിച്ച്‌ ബസ്സിൽ കയറാൻ തയ്യാറെടുത്തു.

വണ്ടി സ്‌റ്റോപ്പിലേക്കെത്തുന്നതിനു മുമ്പായി തന്നെ ജോണിക്കുട്ടി റോഡിന്റെ ഓരംചേർന്ന്‌

സൈക്കിൾ ഉന്തിത്തള്ളി ചവിട്ടികയറി പോയി. ഇനി വഴിയിൽ ഇതേപോലെ വേണ്ടപ്പെട്ട

പരിചയക്കാരെ കണ്ടുമുട്ടല്ലേ എന്ന പ്രാർത്ഥനയോടെ. ഇനി വൈകുന്നേരമോ മറ്റോ

ശങ്കുണ്ണിയേട്ടനെ നോക്കിയാൽ മതി.

ശങ്കുണ്ണിയേട്ടൻ ബസിൽ കയറി കമ്പിയിൽ പിടിച്ചുകഴിഞ്ഞു എന്ന്‌ കണ്ണാടിയിലൂടെ കണ്ട

ഡ്രൈവർ കണ്ടക്ടറുടെ ബെല്ലടിക്കായി എഞ്ചിൻ റൈസ്‌ ചെയ്യാൻ തുടങ്ങി. കണ്ടക്ടർ ടിക്കറ്റ്‌

കൊടുക്കുന്നതിനിടെ ഡോറിലേക്കൊന്ന്‌ പാളിനോക്കിയിട്ട്‌ ഡബിൾ ബെല്ല്‌ കൊടുത്തു. ഒരു

മേനക ശങ്കുണ്ണിയേട്ടൻ ’അൻപത്‌ രൂപ‘ നോട്ട്‌ നീട്ടിയിട്ട്‌ പറഞ്ഞു. ബാക്കി തുക ടിക്കറ്റിന്റെ

മൂലയിൽ കുറിക്കുന്നതു കണ്ടപ്പോൾ ശങ്കുണ്ണിയേട്ടന്റെ ഉള്ള്‌ കാളി. ഇറങ്ങുമ്പോൾ ബാക്കി

മേടിക്കാൻ മറന്നെങ്ങാൻ പോയാൽ…. ടിക്കറ്റ്‌ മേടിച്ച്‌ മറിച്ചുനോക്കി. പതിനൊന്ന്‌ രൂപ.

പോക്കറ്റിൽ തപ്പി നോക്കി. രണ്ട്‌ ’അൻപത്‌‘ പൈസ കിടപ്പുണ്ട്‌. കൂടെ രണ്ട്‌ അഞ്ചിന്റെ

കോയിനും. ’പതിനൊന്നായി‘ ചില്ലറ കിട്ടിക്കഴിഞ്ഞപ്പോൾ കണ്ടർക്ക്‌ പെരുത്തു സന്തോഷം.

തൊട്ടപ്പുറത്ത്‌ നിന്നും രണ്ടാമത്തെ സീറ്റ്‌ ചൂണ്ടിക്കാട്ടി പറഞ്ഞു.

”ദാ അവിടെ നിന്നോളൂ ആ ഇരിക്കുന്നവർ ഞാറക്കൽ ഇറങ്ങും“ രണ്ടുപേരും മിത്ര സൂപ്പർ

മാർക്കറ്റിലെ ജോലിക്കാരാണെന്ന്‌ കണ്ടക്ടർക്ക്‌ അറിയാം. ഞാറക്കൽ എത്താറാകുമ്പോഴേക്കും

നല്ല തിരക്കായി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ ആ ഒഴിയുന്ന സീറ്റിൽ ഇരിക്കണമെങ്കിൽ മറ്റുള്ള

യാത്രക്കാരുമായി ബലപ്രയോഗം വേണ്ടിവരും. അങ്ങനെയുള്ള കസേരകളിക്ക്‌ പണ്ടേ

ശങ്കുണ്ണിയേട്ടന്‌ താല്പര്യം ഇല്ലതന്നെ. മുന്നിൽ ഏറ്റവും അറ്റത്തായി എവിടെയെങ്കിലും ചെന്ന്‌

സൗകര്യമായി നിൽക്കാമെന്ന്‌ കരുതി ശങ്കുണ്ണിയേട്ടൻ കണ്ടക്ടർ തിരിച്ചുവന്ന ഒഴിവിലൂടെ

ചെരിഞ്ഞ്‌ നീങ്ങുമ്പോൾ ഒരു സീറ്റിലിരുന്ന മെലിഞ്ഞ ചെറുപ്പക്കാരൻ

”ഇവിടെ ഇരുന്നോളൂ“ എന്നുപറഞ്ഞ്‌ എഴുന്നേറ്റു. പക്ഷെ ശങ്കുണ്ണിയേട്ടൻ ഇരിക്കാൻ

കൂട്ടാക്കിയില്ല. ആ ചെറുപ്പക്കാരനേക്കാൾ ആരോഗ്യം തനിക്കാണ്‌. ഇപ്പഴും. പക്ഷേ ആ

ചെറുപ്പക്കാരൻ ഒരുതരം വാശിയോടെന്നപോലെ എഴുന്നേറ്റ്‌ നിൽക്കുകയാണ്‌.

’വേണ്ട രണ്ടുപേരും വാശിപിടിച്ചങ്ങനെ നിന്നാൽ വേറെ ആരെങ്കിലും കയറി അങ്ങ്‌

ഇരുന്നേക്കും. അതുവേണ്ട. സീറ്റിൽ ഇരിക്കുന്നതിന്‌ മുമ്പായി സീറ്റിന്‌ മുകളിലേക്കൊന്ന്‌

പാളിനോക്കി. സ്ര്തീകൾക്കായി റിസർവ്വ്‌ ചെയ്ത സീറ്റ്‌ വല്ലതും ആണോ എന്ന്‌ ശ്രദ്ധിക്കണമല്ലോ.

പക്ഷേ അവിടെ എഴുതിയിരിക്കുന്നത്‌ മറ്റൊന്നായിരുന്നു.

‘മുതിർന്ന പൗരന്മാർ’

വെറുതെയല്ല പയ്യന്‌ തന്നെ കണ്ടപ്പോൾ ഇരിപ്പുറക്കാതിരുന്നത്‌. വണ്ടി

മുരിക്കുംപാടത്തെത്തിയപ്പോൾ എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ കമനീയമായ

പരസ്യബോർഡിൽ ശങ്കുണ്ണിയേട്ടന്റെ കണ്ണുടക്കി. വലിയ ആ പരസ്യബോർഡിലെ

പരസ്യവാചകം ശങ്കുണ്ണിയേട്ടൻ വായിക്കാൻ തുടങ്ങി.

”സഹകരണത്തിന്റെ മേന്മ“

”ഗ്രാമീണതയുടെ നന്മ“

വലിയൊരു വയലിന്റെ നടുക്കുള്ള വരമ്പത്തുകൂടെ ‘കറ്റ’ ചുമന്ന്‌ വരിവരിയായി വരുന്ന

ഗ്രാമീണതയുടെ നന്മയായ ഏതാനും യുവതികൾ. വയൽ മുഴുവൻ ഇടതൂർന്ന്‌ വളർന്ന്‌

നിൽക്കുന്ന നെൽചെടികൾ.

‘പച്ചപ്പട്ട’ പുതച്ച പോലെ. ഇങ്ങനെയുള്ള ഒരു കാഴ്‌ച ഇനി കുറച്ചുകാലം കൂടി കഴിഞ്ഞാൽ

മേമ്പൊടിക്ക്‌ പോലും ഒന്നു കാണാൻ പറ്റുമോ? വയലായ വയലെല്ലാം നികത്തി കെട്ടിടങ്ങൾ

നിർമ്മിച്ചു കൊണ്ടിരിക്കുന്ന കാലമല്ലേ?

അരിയും, പച്ചക്കറിയും ഒക്കെ ‘ആന്ധ്രയിൽ’ നിന്നും തമിഴ്‌നാട്ടിൽ നിന്നും

വാങ്ങിക്കഴിക്കാമല്ലോ അല്ലേ? നെടുവീർപ്പോടുള്ള ശങ്കുണ്ണിയേട്ടന്റെ ആത്മഗതം ലേശം

ഉച്ചത്തിലായോ.

സീറ്റിൽ അടുത്തിരുന്ന്‌ ‘കേരള കൗമുദി’ വായിച്ചുകൊണ്ടിരുന്ന ‘കട്ടിക്കണ്ണട’ക്കാരൻ മുഖം

ഉയർത്തി നോക്കി ഒന്ന്‌ പുഞ്ചിരിച്ചു. മേനകസ്‌റ്റോപ്പിൽ ഇറങ്ങി ‘അക്ഷരമന്ദിരത്തിലേയ്‌ക്ക്‌’

നടക്കുമ്പോൾ കുട നിവർത്താൻ മറന്നില്ല. എന്തോ ചൂട്‌. ടൗണിൽ കൂടുതലും ‘തണ്ണിമത്തൻ’

വിൽപ്പനക്കാർ തന്നെ. ചൂടിന്‌ പ്രകൃതിയുടെ വരദാനം. ഒരു കാലത്ത്‌ ആർക്കും

വേണ്ടാതായിരുന്ന ഫലം. ‘ലിഫ്‌റ്റിൽ കയറി സ്വിച്ച്‌ ബോർഡിൽ പരതി നോക്കി, ഏഴാം

നിലയിലേക്കുള്ള ’ബട്ടൺ‘ അമർത്തി ശങ്കുണ്ണിയേട്ടൻ ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ

അഴിച്ച്‌ ഇടതൂർന്ന നരച്ചരോമങ്ങൾ വളർന്ന നെഞ്ചിലേയ്‌ക്ക്‌ ഒന്നൂതി വിയർപ്പാറ്റി.

മൂന്നാം നിലയിലെത്തിയപ്പോൾ ലിഫ്‌റ്റ്‌ പൊടുന്നനെ നിന്നു. ആരെങ്കിലും കയറാനുണ്ടാകും.

തെറ്റിയില്ല ’ബാങ്കി‘ൽ നിന്നും ഇറങ്ങിവന്ന നീലവരയൻ ഷർട്ടുകാരൻ കയറിയ ഉടനെ

ഫാനിന്റെ സ്വിച്ച്‌ ഓൺ ചെയ്തു. ഹാവൂ എന്തൊരാശ്വാസം. ആ ചെറുപ്പക്കാരൻ അമർത്തിയ

സ്വിച്ച്‌ ഏതെന്ന്‌ ശങ്കുണ്ണിയേട്ടൻ സൂത്രത്തിൽ നോക്കിവെച്ചു. മീറ്റിംഗ്‌ തുടങ്ങാൻ

ആകുന്നേയുള്ളൂ.

ഒരാൾ ഉദ്‌ഘാടനത്തിന്‌ കത്തിക്കേണ്ടുന്ന വലിയ നിലവിളക്കിന്‌ തിരിയിടുന്നു.

മറ്റൊരാൾ തിരി വേഗം കത്താനായി കർപ്പൂർക്കട്ട ഓരോ തിരിയോട്‌ ചേർത്താവയ്‌ക്കുന്നു.

അതിഥികൾ ഇരിക്കുന്നതിന്‌ മുന്നിലുള്ള മേശമേൽ കമനീയമായ ഷീറ്റ്‌ വിരിച്ചു

കൊണ്ടിരിക്കുന്നു ഒരു കേരളസാരി ഉടുത്ത യുവതി.

അതിനിടയ്‌ക്ക്‌ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്കായുള്ള ചായ വിതരണവും

നടക്കുന്നുണ്ട്‌. തന്റെ മുന്നിൽ നീട്ടിയ ട്രേയിൽ നിന്ന്‌ ഒരു ബിസ്‌ക്കറ്റ്‌ എടുത്ത്‌ ശങ്കുണ്ണിയേട്ടൻ

കടിച്ചു നോക്കി. കൊള്ളാം. നല്ലരുചിയുണ്ട്‌. നല്ല ചൂടിൽ ഒരു ചായകിട്ടിക്കഴിഞ്ഞപ്പോൾ

ശങ്കുണ്ണിയേട്ടന്റെ ക്ഷീണം പമ്പകടന്നു. ശങ്കുണ്ണിയേട്ടൻ ’മണിഗ്രോത്തിനെ‘ പറ്റി കൂടുതലായി

അറിയാനായി ഉദ്‌ഘാടന ചടങ്ങ്‌ തുടങ്ങാനായി ആകാംക്ഷയോടെ കാത്തിരുന്നു.

Generated from archived content: story3_july26_07.html Author: suresh_kanapilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English