തേലതുരുത്തിൽ നിന്നുള്ള യാത്ര

‘തേലത്തുരുത്തി’ലെ ‘ചിന്ത’ തീയറ്റേഴ്‌സിന്റെ ‘ജനകീയ’ കവിയരങ്ങ്‌ കഴിഞ്ഞപ്പോഴേക്കും സമയം ഏറെ വൈകി.

‘ഏഴിക്കര നാരായണന്റെ’ ‘മുഖർ ശംഖ്‌’ വായനയായിരുന്നു കവിയരങ്ങിനു തൊട്ടുമുമ്പായി നടന്നത്‌.

പല്ലവി വായ്‌മൊഴിയായും, പിന്നെ അനുപല്ലവി മുഖർശംഖിന്റെ നാദത്തിലൂടെയും.

അന്യം നിന്ന്‌ പൊയ്‌ക്കൊണ്ടിരുന്ന ആ ആലാപന രീതി ആ വന്ദ്യവയോധികന്റെ പാടവം നല്ലൊരനുഭവമായി.

സംഗീതസംവിധായകൻ ‘രാജൻ ആന്റണിയുടെ’ ഉദ്‌ഘാടനപ്രസംഗം നടക്കുമ്പോൾ ‘മുഖർശംഖ്‌’ വായിച്ചു. നാരായണേട്ടനെ കാണാനായി സദസ്സിൽ പരതി നോക്കി. ‘ചിന്ത തീയറ്റേഴ്‌സിന്റെ സെക്രട്ടറി സുബ്രഹ്‌മണ്യന്റെ അടുത്തായി തന്റെ തോൾസഞ്ചി ശരീരത്തോട്‌ ചേർത്ത്‌ നാരായണേട്ടൻ ഇരിക്കുന്നുണ്ട്‌.

സുബ്രഹ്‌മണ്യൻ എന്തോ പറയുന്നത്‌ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കണ്ണ്‌ അങ്ങ്‌ ഉദ്‌ഘാടക പ്രസംഗികന്റെ മുഖത്തു തന്നെ. സത്യൻ, എത്തിയിരിക്കുന്ന കവികളുടെയും അവർ അവതരിപ്പിക്കാൻ പോകുന്ന കവിതകളുടേയും പേര്‌ ഒരു വെള്ളക്കടലാസിൽ മുൻഗണനാക്രമത്തിൽ എഴുതാനുള്ള തത്രപ്പാടിലും. കവിയരങ്ങിലെ രണ്ടാമത്തെ ഊഴത്തിൽ തന്നെ കവിത അവതരിപ്പിക്കാനായി.

സ്വന്തം കവിത അവതരിപ്പിച്ചുകഴിഞ്ഞ്‌ മറ്റുള്ള കവികളുടെ കവിതകൾ കേൾക്കാൻ കാത്തുനിൽക്കാതെ ഉടനെയങ്ങ്‌ ഇറങ്ങിപ്പോകാൻ എന്തോ മനസനുവദിക്കാറില്ലതന്നെ. അങ്ങനെ ഓരോരുത്തരായി പോയിതുടങ്ങിയാൽ അവസാനക്കാരനായ നിർഭാഗ്യവാനായ കവിക്ക്‌ (കവയിത്രി എന്ന്‌ പറയേണ്ട ആവശ്യമില്ല, ലേഡീസ്‌ ഫസ്‌റ്റ്‌ എന്ന പ്രായോഗികതയിൽ അവർക്കൊക്കെ ആദ്യം തന്നെ കവിത അവതരിപ്പിക്കാം, നേരത്തെ ഹാജരുണ്ടെങ്കിൽ….) സംഘാടകരിൽ ചിലരുടേയും, മൈക്ക്‌സെറ്റുകാരന്റേയും അക്ഷമ കളിയാടുന്ന മുഖത്തുനോക്കി നിർവികാരതയോടെ കവിതകൾ ചൊല്ലേണ്ടിവരും.

വർഷങ്ങൾക്കുമുമ്പ്‌ അങ്ങിനെയൊരു ദുരനുഭവം ഉണ്ടായിട്ടും ഉണ്ട്‌.

അന്നനുഭവിച്ച ആ ’ചമ്മൽ‘.

ആ ’ചമ്മൽ‘ തന്നെയാണ്‌ ഏതു യോഗത്തിലും ആദ്യവായനക്കാരനായിരിക്കാൻ പ്രചോദനം നൽകാറുള്ളത്‌.

’ഹോമറിന്റെ കവിതാവലോകനം കഴിഞ്ഞപ്പോഴേക്കും കൈത്തണ്ടയിൽ പറ്റിച്ചേർന്നു കിടന്നിരുന്ന കാസിയോ വാച്ച്‌ ‘പി പി എന്ന്‌ മുന്നറിയിപ്പു നൽകി. ’പറവൂർ ഭാഗത്തേയ്‌ക്കുള്ള ബസസ്‌റ്റോപ്പിൽ കണ്ണുകൾ പരതി. അവിടവിടെ ചില യാത്രക്കാർ ബസ്സ്‌ കാത്തു നിൽക്കുമ്പോലെ നിൽക്കുന്നുണ്ട്‌.

ഒരുപക്ഷേ കവിയരങ്ങ്‌ ആസ്വദിക്കാൻ നിന്നവരുമാകാം. ഏതെങ്കിലുമൊരു ബസ്‌ വരുമായിരിക്കും!

അവരിൽ ഒരാളായി അങ്ങ്‌ കിഴക്ക്‌ ഭാഗത്തേയ്‌ക്ക്‌ ഉറ്റുനോക്കി നിൽക്കുമ്പോൾ ഒരു യാത്രക്കാരൻ ധൃതിയിൽ വന്ന്‌ ആരാഞ്ഞു.

“ഇനീപ്പൊ ബസ്‌ കിട്ട്വോ ആവോ?”

“ചേട്ടൻ എവിടേയ്‌ക്കാണ്‌”

വെറും കൗതുകത്തോടെ ആരാഞ്ഞു.

“പറവൂർക്ക്‌”

“ഏതെങ്കിലും ട്രാൻസ്‌പോർട്ട്‌ ബസ്‌ വരുമായിരിക്കും”! അയാൾക്ക്‌ വെറുതെ ഒരാശ നൽകി, അഥവാ ഇനി ബസൊന്നും കിട്ടിയില്ലെങ്കിൽ തന്നെ രണ്ടുപേർക്കും കൂടി ഒരോട്ടോ വിളിച്ചങ്ങ്‌ പോകാം. ഓട്ടോകാശ്‌ രണ്ട്‌ പേർക്കുംകൂടി ഷെയർ ചെയ്യാമല്ലോ.

പറഞ്ഞ്‌ നാവെടുത്തില്ല അങ്ങകലെ നിന്നും സർക്കാർ ബസ്‌ കൂട്ടിൽ കയറാൻ വ്യഗ്രതയോടെ പറക്കുന്ന പറവകളെപോലെ പാഞ്ഞുവന്നു. ചിന്താ ജംഗ്‌ഷനിൽനിന്നും ബസ്‌ മാഞ്ഞാലി പാലം കയറാൻ തുടങ്ങി. കവിയരങ്ങിൽ ആലപിച്ച കവിത വെറുതെ ഒന്ന്‌ മനസിൽ ചൊല്ലി നോക്കി.

Generated from archived content: story1_sept4_07.html Author: suresh_kanapilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here