കുട്ടിശങ്കരൻ

കുട്ടിശങ്കരൻ പാവമായിരുന്നു. ആ തല ഉയർത്തിപ്പിടിച്ചുളള നടപ്പ്‌ ഒന്നു കാണേണ്ടതുതന്നെയായിരുന്നു. എന്തൊരു വശ്യതയാണ്‌ ആ ശരീരത്തിന്‌. ആരു കണ്ടാലും ഒന്നു നോക്കിനിന്നുപോകും. എന്തൊരഴകാണ്‌. കറുപ്പിന്‌ ഏഴഴക്‌. പക്ഷെ പുറംനാട്ടിലൊക്കെ കുട്ടിശങ്കരന്‌ അത്ര നല്ല പേരല്ല ഞങ്ങൾ പറഞ്ഞുകേട്ടിട്ടുളളത്‌? അതൊക്കെ അസൂയാലുക്കളുടെ പുലമ്പലുകളായേ ഞങ്ങൾ നാട്ടുകാർ കരുതിയുളളൂ. അയൽനാട്ടിലെ ക്ഷേത്രത്തിൽ ആറാട്ടിനുപോയപ്പോൾ അടുത്തു നിന്ന ഒരാനയെ കുട്ടിശങ്കരൻ കുത്തിയത്രേ.

ക്ഷേത്രം വക ആനയാണെങ്കിലും ഞങ്ങൾ ദേശക്കാരുടെ പൊന്നോമനയാണ്‌ കുട്ടിശങ്കരൻ.

കുട്ടിശങ്കരൻ നാട്ടിൽ വന്നതിനുശേഷമാണ്‌ ഞങ്ങൾ നാട്ടുകാർ ആനക്കമ്പക്കാരായത്‌. ആനയെ കുത്തിയ വാർത്ത ഞങ്ങളുടെ കാതിൽ എത്തിയപ്പോൾ ഞങ്ങൾ കുട്ടിശങ്കരന്റെ പക്ഷം ചേർന്നു.

ഒരുപക്ഷെ അടുത്തുനിന്ന ആന കുട്ടിശങ്കരന്റെ മുന്നിലെ പട്ട കട്ടെടുത്തുകാണും.

അപ്പോ കൊടുത്തുകാണും ഒരു കുത്ത്‌. അല്ലാതെ പിന്നെ കളളന്മാരെ പൂവിട്ടു പൂജിക്കണോ? ഇതു നല്ല കൂത്ത്‌.

അല്ലാതെ ഒരു കാര്യവും ഇല്ലാതെ ആരേയും കുട്ടിശങ്കരൻ ഉപദ്രവിക്കില്ല. കുട്ടിശങ്കരൻ പാവമല്ലേ.

എത്ര കുരുത്തംകെട്ട മക്കളേയും ന്യായീകരിക്കുന്നത്‌ മാതാപിതാക്കളുടെ കടമയാണല്ലോ. കാക്കക്കും തൻകുഞ്ഞ്‌ പൊൻകുഞ്ഞ്‌.

ഒരിക്കൽ കൂപ്പിൽ പണിയെടുത്തുകൊണ്ടിരിക്കുമ്പോൾ രണ്ടാം പാപ്പാൻ ശശിയെ കോരിയെടുത്ത്‌ എറിഞ്ഞു എന്നുകേട്ടപ്പോൾ ഞങ്ങൾ സംശയിച്ചു. ഏയ്‌ കുട്ടിശങ്കരൻ അങ്ങനെയൊന്നും ചെയ്യില്ല.

ആനക്കാർ പരദൂഷണം പറയുന്നതായിരിക്കും. ഞങ്ങൾ ആ വാർത്ത രണ്ടാമതൊന്നാലോചിക്കാതെ തളളിപ്പറഞ്ഞു.

പക്ഷെ പത്രത്താളിൽ രണ്ടാം പാപ്പാൻ ശശി ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ വന്നപ്പോൾ ഞങ്ങൾ പറഞ്ഞു. ശശി കുട്ടിശങ്കരനെ മദ്യപിച്ചുവന്ന്‌ ഉപദ്രവിച്ചുകാണും. അല്ലെങ്കിലും ശശി ഒരു മുഴുക്കുടിയനാണ്‌. ഞങ്ങൾ ശശിക്ക്‌ ഇല്ലാത്ത ഒരു ദുഃസ്വഭാവം ചാർത്തിക്കൊടുത്തു. കുടിച്ചുവന്ന്‌ ഉപദ്രവിച്ചാൽ ആരാണ്‌ പ്രതികരിക്കാത്തത്‌. കുട്ടിശങ്കരനും ഒരു ജീവിയല്ലേ. കുടിച്ചാൽ വയറ്റിൽ കിടക്കണം. അല്ലാതെ ആനേടെ മെക്കിട്ടു കേറുകയാണോ വേണ്ടത്‌. അഹമ്മതി അല്ലാതെന്താ. അനുഭവിക്കട്ടെ അവൻ. ഞങ്ങൾ ശശിയെ മതിവരുവോളം പുലഭ്യം പറഞ്ഞു. ഞങ്ങളുടെ ആനയല്ലേ കുട്ടിശങ്കരൻ.

എന്നാലും കുട്ടിശങ്കരൻ കൊന്നില്ലല്ലോ. ഞങ്ങൾ കുട്ടിശങ്കന്റെ സുമനസ്സിനെ വാഴ്‌ത്തി.

ദേശത്തെ ക്ഷേത്രത്തിൽ കൊടികയറിയപ്പോൾ ഞങ്ങൾ നാട്ടുകാർ ആഹ്ലാദിച്ചു. ഉത്സവം കഴിയുംവരെ കുട്ടിശങ്കരനെ എന്നും കാണാമല്ലോ.

പക്ഷെ ഞങ്ങളുടെ ആഗ്രഹം പുതുമഴയിൽ രൂപം കൊളളുന്ന നീർകുമിളയായിത്തീർന്നു.

ഒരുദിവസം ഞങ്ങൾ കേട്ടു കുട്ടിശങ്കരൻ മദമിളകി നിൽക്കുകയാണത്രേ.

ക്ഷേത്ര മതിൽകെട്ടുകൾ തകർക്കുന്നു. അടുത്തിടെ കെട്ടിയ മതിലാ.

വിശ്വസിക്കാനാകാതെ ഞങ്ങൾ പരസ്‌പരം നോക്കി. കുട്ടിശങ്കരൻ ക്ഷേത്രമതിൽ തകർക്കുകയോ ഏയ്‌ മറ്റേതെങ്കിലും ആനയായിരിക്കും.

പക്ഷെ ഞങ്ങൾക്ക്‌ വിശ്വസിക്കേണ്ടിവന്നു. കുട്ടിശങ്കരൻ ക്ഷേത്രമതിൽകെട്ട്‌ തകർത്ത്‌ നാട്ടിലേക്കിറങ്ങിയപ്പോൾ ഞങ്ങൾ ഭയവിഹ്വലരായി.

കണ്ണിൽ കണ്ട തെങ്ങിൻതോപ്പുകളും, കടകളും പച്ചക്കറിതോട്ടങ്ങളും തകർത്ത്‌ മദിക്കുന്ന കുട്ടിശങ്കരന്റെ ഭയാനകമായ രൂപം ഒരു സുനാമി തിരമാലപോലെ ഞങ്ങളെ ഭീതിയിലാഴ്‌ത്തി.

കടലമ്മയുടെ സംഹാരതാണ്ഡവംപോലെ ആർത്തലച്ച്‌ നാട്‌ വിറപ്പിക്കുന്ന കുട്ടിശ്ശങ്കരനെ ഞങ്ങൾക്ക്‌ ന്യായീകരിക്കാനായില്ല.

കുട്ടിശങ്കരൻ തകർത്തത്‌ ഞങ്ങളുടെ കടകളാണ്‌, ഞങ്ങളുടെ കൃഷികളാണ്‌, ഞങ്ങളുടെ നാടാണ്‌.

കാര്യമൊക്കെ ശരി നാട്ടുകാരായ ഞങ്ങളൊക്കെ ആനക്കമ്പക്കാർ തന്നെ. പക്ഷെ…

മയക്കുവെടി ഡോക്‌ടറെ തേടി കാറുകൾ പാഞ്ഞു.

മുൻപൊരിക്കൽ അയൽനാട്ടിൽവച്ച്‌ കുട്ടിശങ്കരൻ ഇടഞ്ഞപ്പോൾ ക്ഷേത്രഭാരവാഹികൾ മയക്കുവെടിക്കാരെ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ, മയക്കുവെടിവെക്കുന്നത്‌ ആനക്ക്‌ കേടാണ്‌ എന്നൊക്കെ പറഞ്ഞ്‌ ഞങ്ങൾ തടഞ്ഞതും അന്നാട്ടുകാരുമായി ഇടഞ്ഞു സംസാരിച്ചതും ഒക്കെ ഞങ്ങൾ സൗകര്യപൂർവ്വം മറന്നു.

ഡോക്‌ടറെ തേടിപ്പോയ കാറുകൾ കാണാതായപ്പോൾ മൊബൈൽ ഫോണുകൾക്ക്‌ വിശ്രമമില്ലാതെയായി. തോക്കുകളുമായി പോലീസെത്തി. സമയം നീങ്ങുംതോറും ഞങ്ങൾ അക്ഷമരായി. വെയ്‌ക്ക്‌ വെടി. ഞങ്ങൾ ആക്രോശിച്ചു. നിയമപാലകർ കൈമലർത്തി. ഉത്തരവു വേണം.

ഉത്തരവിനായി മറ്റൊരു കാർ പായുമ്പോൾ മയക്കു ഡോക്‌ടർ എത്തി. വെടികൊണ്ട കുട്ടിശങ്കരൻ സംഹാരഭാവത്തോടെ തിരിഞ്ഞു. വടവുമായി തഞ്ചത്തിൽ നിന്ന പാപ്പാന്‌ ഒഴിഞ്ഞുമാറാനായില്ല. ക്ഷേത്രക്കുളത്തിൽ ഇറങ്ങി കൊമ്പുകൾ കഴുകാനായി കുട്ടിശങ്കരൻ നടക്കാൻ ഒരുങ്ങി. പക്ഷെ കാലുകൾ മരവിക്കുന്നതുപോലെ, തളരുംപോലെ കുട്ടിശങ്കരൻ ചലിക്കാനാവാതെ വടങ്ങളും, ചങ്ങലകളും ഒക്കെയായി തന്നോടടുക്കുന്ന പാപ്പാന്മാരെ നോക്കി നിസ്സഹായനായി നിന്നു.

Generated from archived content: story1_mar21.html Author: suresh_kanapilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English