വലിയ കൃഷ്‌ണൻകുട്ടിയും ചെറിയ നാരായണൻകുട്ടിയും

കൃഷ്‌ണൻകുട്ടിയെ ക്ഷേത്രപറമ്പിലെ ഒഴിഞ്ഞ കോണിൽ തളച്ച്‌ പാപ്പാൻമാർ കുളിക്കാനും മറ്റുമായി ക്ഷേത്രക്കുളത്തിലേക്കുപോയി.

ചെവി താളാത്മകമായി ആട്ടിക്കൊണ്ട്‌ കൃഷ്‌ണൻകുട്ടി മുന്നിൽകിടന്ന പനയോല ഒടിച്ചെടുത്ത്‌ തിന്നാൻ തുടങ്ങി. പനയോലയെടുത്ത്‌ വിശറിപോലെ വീശാനും മറന്നില്ല. ഇടയ്‌ക്ക്‌ തീറ്റയും വീശലും നിർത്തി തുമ്പിക്കൈയിലൂടെ ഭൂമിയുടെ സുഗന്ധം നുകർന്നു. ഭൂമിക്കും അതിന്റേതായ മണമുണ്ട്‌. നാമൊക്കെ ഒരിക്കൽ തിരിച്ചറിയാതിരിക്കുന്ന മണം. ആന എവിടെ ചെന്ന്‌ നിന്നാലും ആ സ്ഥലത്തിന്റെ ഗന്ധം മനസ്സിലാക്കും.

ഇടയ്‌ക്കൊന്ന്‌ മണ്ണിൽ പരതാൻ മറന്നില്ല. ഒരു മൊട്ടുസൂചിപോലും കിട്ടിയില്ല.

ആനയുടെ തുമ്പിക്കൈയുടെ വിരൽപോലത്തെ അറ്റത്തിന്‌ അന്ധനായ ഒരു മനുഷ്യന്റെ വിരലുകളേക്കാൾ ഗ്രഹണശക്തിയുണ്ട്‌. വൻ മരം മുതൽ മൊട്ടുസൂചിവരെ ആ തുമ്പിക്കൈകൊണ്ട്‌ എടുക്കാൻ സാധിക്കും.

കൃഷ്‌ണൻകുട്ടി താഴെ ഒന്നാകെ കണ്ണോടിച്ചു. നല്ല പൂഴിമണ്ണ്‌. കുറച്ചെടുത്ത്‌ മേലാകെ ഒന്നു പൂശിയാലോ.

പക്ഷെ പാപ്പാൻ ചെവിയുടെ പിന്നിൽ ചാരിവെച്ചുപോയ തോട്ടിയെക്കുറിച്ചോർത്തപ്പോൾ ആ ആഗ്രഹം ഉളളിലൊതുക്കി.

പൂഴിമണ്ണിന്റെ നീരാട്ട്‌ രസത്തിലെങ്ങാൻ അബദ്ധത്തിൽ തോട്ടി താഴെ പോയാലോ. ശിക്ഷയായി കിട്ടുന്നത്‌ അടിയാണെങ്കിൽ സഹിക്കാം. നഖത്തിൽ, പിച്ചാത്തിമുന കേറ്റിയാലോ.

ആഗ്രഹം കടിഞ്ഞാണിട്ടപ്പോൾ അത്‌ ഈർഷ്യ രൂപത്തിൽ പുറത്തുവന്നു.

മുമ്പിൽ കിടക്കുന്ന പനമ്പട്ട കൃഷ്‌ണൻകുട്ടിക്ക്‌ തന്റെ ഒന്നാം പാപ്പാനാണെന്ന്‌ തോന്നി.

ആ മടലെടുത്ത്‌ ദൂരേയ്‌ക്ക്‌ ഒരേറ്‌ വച്ചുകൊടുത്തു. സകല ദേഷ്യവും ആവാഹിച്ച്‌.

ദേഷ്യം സഹിക്കവയ്യാതാകുമ്പോൾ സാധാരണ ആനകൾ ചെയ്യാറുളളതുപോലെ തുമ്പിക്കൈ നിലത്തിറക്കി ശക്തിയായി ഊതി. ഭയപ്പെടുത്തുന്ന വിധത്തിൽ. ചങ്ങലക്കിലുക്കം കേട്ട്‌ കൃഷ്‌ണൻകുട്ടി ആദ്യം തന്റെ കാലുകളിലേക്ക്‌ നോക്കി. താൻ കാലനക്കിയോ?

ഏയ്‌, തന്റെ ചങ്ങലയുടെ കിലുക്കമല്ല. കൃഷ്‌ണൻകുട്ടി തല ചെരിച്ചു നോക്കി. ചെറിയൊരാന പൂരക്കാഴ്‌ച കാണാൻ വരുന്ന കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ആടിയാടി വരുന്നു. എവിടത്തെ ആനയാണാവോ? എന്താണാവോ ഈ ഇത്തിരി കുഞ്ഞന്റെ പേര്‌. ഇതിനെയൊക്കെ എന്തിനാണ്‌ ഉത്സവത്തിന്‌ കൊണ്ടുവരുന്നത്‌. ആനപ്പുറത്ത്‌ കയറാൻ കൂലിക്ക്‌ വരുന്നവർ പോലും ഇതുപോലുളള ചെറിയ ആനയുടെ പുറത്ത്‌ കയറാൻ തയ്യാറാകില്ല.

ഏതു സമയത്തും കുസൃതി കാട്ടി ശരീരമാസകലം ഇളക്കിക്കൊണ്ടിരിക്കും.

കാര്യമൊക്കെ ശരി താഴെ നിന്ന്‌ അവന്റെ കുസൃതി കാണാൻ നല്ല രസമൊക്കെ ആയിരിക്കും. പക്ഷെ..

പിന്നെ ഏതു സമയത്തും തിന്നുകൊണ്ടേയിരിക്കണം. ചിലപ്പോൾ തോന്നും ഇവന്റെയൊക്കെ വയറ്റിൽ കോഴിക്കുഞ്ഞുണ്ടോയെന്ന്‌.

തന്റെ മുന്നിൽ പനയോല കിടക്കുന്നുണ്ടെങ്കിലും അടുത്തു നിൽക്കുന്ന ആനയുടെ മുന്നിലെ തീറ്റ കട്ടെടുത്തു തിന്നാനാണ്‌ താൽപര്യം ‘കളള തിരുമാലി.’

തന്റെ അടുത്ത്‌ മാവിൽ ആനക്കുട്ടിയെ തളയ്‌ക്കുന്ന കണ്ടപ്പോൾ കൃഷ്‌ണൻകുട്ടി തുമ്പിക്കൈ വായിൽ തിരുകി അത്ഭുതം കൂറി.

ഇതിന്റെ പാപ്പാൻമാർക്ക്‌ തന്നെപ്പറ്റി ഒന്നും അറിയില്ലെന്നുണ്ടോ. ഏകദേശം പത്തോളം ആനകളെ കുത്തിയ ചരിത്രമാണ്‌ തന്റെ പേരിലുളളത്‌. ഒരിക്കൽ തന്റെ മുന്നിൽ കിടന്ന പനമ്പട്ട അടുത്തുനിന്ന ആന എടുത്തു തിന്നാൻ തുടങ്ങിയപ്പോൾ, പിന്നൊരിക്കൽ വഴിയിലൂടെ നടക്കുമ്പോൾ തന്നെ മുന്നിൽ കടന്ന്‌ ഒരാന നടന്നപ്പോൾ. അല്ലെങ്കിൽ താൻ വഴിപോക്കരുടെ മുന്നിൽ മോശക്കാരനാകില്ലേ. അവരൊക്കെ പുച്ഛിക്കും. ശരിക്കൊന്ന്‌ നടക്കാൻ പറ്റാത്ത ആന. സാധാരണ പ്രൈവറ്റ്‌ ബസുകാർക്ക്‌ പോലും പിറകിൽ നിന്നും വരുന്ന ബസ്‌ ഓവർ ടേക്ക്‌ ചെയ്‌തു പോകുന്നത്‌ ഇഷ്‌ടമല്ല. അപ്പൊ പിന്നെ കരയിൽ ഏറ്റവും വലിയ ജീവിയായ തന്റെ കാര്യമോ?

പിന്നൊന്നും ആലോചിച്ചില്ല. നടന്ന്‌ ചെന്ന്‌ അടുത്തു കണ്ട മതിലിൽ ചാരി നിർത്തി കൊടുത്തൊരു കുത്ത്‌. കുത്തുകൊണ്ട ആന നാവ്‌ ഉളളിലേക്ക്‌ ഒതുക്കിക്കൊണ്ട്‌ ആഴത്തിലുളള മൂർച്ചയുളള ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട്‌ ചോരയിൽ കുളിച്ചു വീഴുന്നതു കണ്ടപ്പോൾ വീണ്ടുവിചാരം ഉണ്ടായി.

ഇനി എത്ര തല്ലുകൊളളണം.

വെളളവും ഓലയും ശരിക്ക്‌ കിട്ടിയില്ല.

നഖത്തിൽ കത്തി എത്ര തവണ കയറ്റി ഇറക്കും. ആലോചിച്ചിട്ട്‌ ഒരെത്തും പിടിയും കിട്ടിയില്ല. ഇനിയൊരൊറ്റ വഴിയേ ഉളളൂ.

ആനയുടെ ആനബുദ്ധി ഉണർന്നു പ്രവർത്തിച്ചു. മദമിളകിയതുപോലെ അഭിനയിക്കുകതന്നെ.

കണക്കിന്‌ തനിക്ക്‌ മദക്കോളു വരാൻ ഭഗവതിക്കാവിലെ ഉത്സവം കഴിയണം. കണക്കൊക്കെ കണക്കിന്റെ വഴിക്ക്‌ പോകട്ടെ. കൃഷ്‌ണൻകുട്ടിക്ക്‌ ദുഃശാഠ്യം തോന്നി.

കൃഷ്‌ണൻകുട്ടി മുന്നിൽ കാണുന്നതൊക്കെ തകർക്കാൻ തുടങ്ങി. അടുത്തു കിടന്നിരുന്ന ഓട്ടോറിക്ഷ ഒരു തട്ടുവെച്ചുകൊടുത്തു. ഒരു കൊച്ചുകുട്ടി റബ്ബർ പന്ത്‌ തട്ടുന്ന ലാഘവത്തോടെ. അല്‌പം കഴിഞ്ഞപ്പോൾ രണ്ടാൻ പാപ്പാൻ ഒരു കുലപ്പഴവുമായി അകലെ താൻ കാൺകെ വന്നുനിന്നു. ഒന്നാം പാപ്പാൻ മദമിളകിയ ആനയുടെ അടുത്തുനിന്നു മാറി നിൽക്കുകയാണ്‌ പതിവ്‌. മദമിളകിയ ആനയ്‌ക്ക്‌ ഒന്നാം പാപ്പാന്റെ സാന്നിധ്യം അത്രയേറെ വെറുപ്പാണ്‌. വേഗം ചെന്ന്‌ പഴക്കുല പറിച്ചെടുത്ത്‌ ഓരോ പടല ഉരിഞ്ഞെടുത്ത്‌ ചവച്ചരച്ചു തിന്നാൻ കൊതി തോന്നുന്നുണ്ട്‌. പക്ഷെ അങ്ങനെ ചെയ്‌താൽ തന്റെ പൂച്ച്‌ പുറത്താകും. മദം പൊട്ടിനിൽക്കുന്ന ആനക്ക്‌ വിശപ്പ്‌ ഉണ്ടാകാറില്ലത്രേ. പഴക്കുലയുടെ പ്രലോഭനം വകവെക്കാതെ മനസ്സില്ലാമനസ്സോടെ നേരെ എതിർവശത്തേക്ക്‌ നടന്നു. പഴക്കുലയുടെ അടുത്തുകൂടി പോയാൽ കൊതി സഹിക്കാതെ വന്നാലോ. വേണ്ട എന്തിനീ ഭാഗ്യപരീക്ഷണം. ആഞ്ഞു വലിഞ്ഞു നടക്കുമ്പോൾ ഇടയ്‌ക്ക്‌ ഒന്ന്‌ തിരിഞ്ഞു. വലിയൊരു ജനാവലി പിറകെ ഉണ്ട്‌. താൻ തിരിയുന്നതു കണ്ടപ്പോൾ ജനങ്ങളൊക്കെ ചിതറി ഓടാൻ തുടങ്ങി. പേടിത്തൊണ്ടന്മാർ. ചിരിവന്നുപോയി. പക്ഷെ ചിരിച്ചില്ല. മദംപൊട്ടി നിൽക്കുന്ന ആന ചിരിക്കാൻ പാടില്ലല്ലോ. കുറെക്കൂടി നടന്നു വീണ്ടും പെട്ടെന്നു തിരിഞ്ഞു. അപ്പോഴും ആളുകൾ ചിതറി ഓടി.

ഈ കളി പല പ്രാവശ്യം നീണ്ടു. മടുത്തപ്പോൾ അടുത്തു കണ്ട പുഴയിൽ ഇറങ്ങിനിന്നു. ഒന്നു തണുക്കട്ടെ.

ഇറങ്ങുന്നതിനുമുമ്പ്‌ തുമ്പിക്കൈകൊണ്ട്‌ പുഴയിൽ ചെളിയുണ്ടോ എന്നു പരിശോധിച്ചു. ആഴവും നോക്കാൻ മറന്നില്ല. അടുത്തുളള കരയിലുളള ആളുകൾ പാട്ട കൊട്ടിയും പന്തം കൊളുത്തിയും തന്നെ പേടിപ്പിക്കാൻ നോക്കുന്നു. മണ്ടന്മാർ. മടുത്തു തുടങ്ങി. വെളളത്തിന്‌ നല്ല തണുപ്പ്‌. എന്നാലും ഇവിടെതന്നെ നിൽക്കാം. ഇടച്ചിൽ മാറി എന്ന്‌ മനസ്സിലായാൽ നാളത്തെ പൂരത്തിന്‌ വെയിലേറ്റ്‌ നിൽക്കേണ്ടിവരും. നേരം വെളിച്ചമായപ്പോഴേക്കും നല്ല വിശപ്പുതോന്നി. ആകെ ഒരു ക്ഷീണം പോലെ.

പാപ്പാൻമാർ വിളിച്ചപ്പോൾ നല്ല അനുസരണയുളള ആനയെപ്പോലെ കയറിച്ചെന്നു.

പാപ്പാന്മാരുടെ സംസാരത്തിൽനിന്നും താൻ മദമിളകി രാത്രി പുഴയിൽ ഇറങ്ങിനിൽക്കുന്ന സമയത്ത്‌ അമ്പലപരിപാടിക്കിടയിൽ ‘ഇടഞ്ഞ ആന വരുന്നേ’ എന്ന്‌ ആരോ വിളിച്ചു കൂകിയത്രേ.

ആളുകൾ ചിതറി ഓടിയെന്നോ, കുറെപേർക്ക്‌ പരിക്കുപറ്റിയെന്നോ ഒക്കെ പറയുന്നതുകേട്ടു. കൂടെ പിടിച്ചുപറയും. പിടിവലിയും.

ഈ മനുഷ്യരുടെ കാര്യമേ-എന്തിനും മുതലെടുപ്പ്‌. ഇതിനൊക്കെയാണാവോ ഇവരുടെ മനുഷ്യത്വം എന്ന്‌ പറയുന്നത്‌. ഈ കുട്ടിയാന തന്റെ ഒരു കുത്തിനില്ല. കൃഷ്‌ണൻകുട്ടി അവിടവിടെ ചിതറിക്കിടന്നിരു​‍ുന്ന പനയോലകൾ ഒന്നിച്ചു കൂട്ടിയിട്ടു. കട്ടെടുക്കയോ മറ്റോ ചെയ്‌താൽ അറിയാമല്ലോ. തെളിവില്ലാതെ സംശയത്തിന്റെ പേരിൽ ഉപദ്രവിക്കാൻ താൻ മനുഷ്യനല്ലല്ലോ.

കുത്താനുളള സ്ഥാനവും കൃഷ്‌ണൻകുട്ടി നോക്കിവെച്ചു. ഡോക്‌ടർ ഓപ്പറേഷൻ നടത്താൻ ശരീരഭാഗം മനസ്സിൽ കുറിക്കുംപോലെ.

തന്നെ ആകെ ഒന്നുഴിഞ്ഞു നോക്കി ചെറിയ ആനയുടെ പാപ്പാന്മാർ ക്ഷേത്രം ഓഫീസിലേക്കു നടന്നു. പോകുന്നതിനുമുമ്പ്‌ പാപ്പാൻ ചെക്കന്റെ ചെവിയിൽ എന്തോ പറഞ്ഞു. കുട്ടിയാന തലയാട്ടിയോ.

ചെറിയ ആനയുടെ മുന്നിൽ മരുന്നിനുപോലും ഒരോല ഇല്ല. ഒരുപക്ഷെ തിരിച്ചു വരുമ്പോൾ പനയോല കൊണ്ടുവരാം എന്നായിരിക്കും ആ പാപ്പാൻമാർ പറഞ്ഞത്‌. അവന്റെ നോട്ടം തന്റെ മുന്നിൽ കുന്നുകൂട്ടി ഇട്ടിരിക്കുന്ന പനയോലകളിലേക്കാണ്‌.

ഒന്നടുത്തുനോക്കട്ടെ അപ്പൊ കാണാം തന്റെ തനികൊണം.

കുറെ നേരം കഴിഞ്ഞിട്ടും തന്റെ ഓല എടുക്കാതായപ്പോൾ സംശയിച്ചു.

ഓല കട്ടെടുക്കാതെ എങ്ങനെയാണ്‌ കുത്തിക്കീറുക. തെറ്റു ചെയ്യാതെ എങ്ങനെയാണ്‌ ശിക്ഷിക്കുക. ഇതിനെന്താ വിശക്കുന്നില്ലേ. അതൊ തന്നെ പേടിയായിട്ടോ. കുറെ കഴിഞ്ഞപ്പോൾ കൃഷ്‌ണൻകുട്ടിക്ക്‌ മടുപ്പു തോന്നി. കൃഷ്‌ണൻകുട്ടി ഒരോല എടുത്തു ഒടിച്ചുമടക്കി വായിൽ വെയ്‌ക്കാൻ തുടങ്ങുമ്പോൾ കൃഷ്‌ണൻകുട്ടിയുടെ മനസ്സൊന്ന്‌ ചാഞ്ചാടി.

തൊട്ടടുത്തൊരുത്തൻ പട്ടിണി കിടക്കുമ്പോൾ സ്വന്തം വയർ വലിച്ചുവാരി തിന്നു നിറക്കുക.

കൃഷ്‌ണൻകുട്ടിക്ക്‌ അന്നേവരെ തോന്നാത്ത തോന്നൽ. എന്തോ ഒരിത്‌.

കൃഷ്‌ണൻകുട്ടി ചെറിയൊരു ഓലയെടുത്ത്‌ ചെറിയാനയുടെ മുന്നിലേക്ക്‌ എടുത്തിട്ടുകൊടുത്തു. അത്‌ കിട്ടിയപാടെ ആർത്തിയോടെ തിന്നുന്നത്‌ കണ്ടപ്പോൾ കൃഷ്‌ണൻകുട്ടിക്ക്‌ സഹതാപം തോന്നി. വിശന്നുവലഞ്ഞ്‌ ഈ കത്തുന്ന വെയിലിലൂടെയാണ്‌ പാവം നടന്നുവന്നത്‌, അല്ല നടത്തിക്കൊണ്ടുവന്നത്‌. കൃഷ്‌ണൻകുട്ടിക്ക്‌ ആ പാപ്പാൻമാരോട്‌ ദേഷ്യം തോന്നി. തനിക്ക്‌ മദക്കോളുവരുന്ന സമയത്ത്‌ അവറ്റകളെ ഒന്ന്‌ അടുത്ത്‌ കിട്ടട്ടെ കാണിച്ചു കൊടുക്കാം. കൃഷ്‌ണൻകുട്ടി മനസ്സിൽ കുറിച്ചു.

“നിന്റെ പേരെന്താ?”

കൃഷ്‌ണൻകുട്ടി ആനഭാഷയിൽ തിരക്കി.

ചെറിയാനയുടെ മറുപടി കൃഷ്‌ണൻകുട്ടിയെ സംതൃപ്‌തനാക്കി. ‘നല്ല പേര്‌ നാരായണൻകുട്ടി, ചെറിയ നാരായണൻകുട്ടി’ മര്യാദയുടെ പേരിൽ കൃഷ്‌ണൻകുട്ടി സ്വയം പരിചയപ്പെടുത്തി. കൃഷ്‌ണൻകുട്ടി. വലിയ കൃഷ്‌ണൻകുട്ടി.‘

’നിനക്കു വിശക്കുന്നുണ്ടോ?“

ചെറിയ നാരായണൻകുട്ടി തലയാട്ടി. വലിയ കൃഷ്‌ണൻകുട്ടി കുറച്ച്‌ ഓലകൂടി അവന്റെ മുന്നിലേക്ക്‌ ഇട്ടുകൊടുത്തു. കുറെ തിന്നു കഴിഞ്ഞ്‌ ചെറിയ നാരായണൻകുട്ടി മൃദുവായി തുടർച്ചയായി ‘ഭർ, ഭർ’ എന്ന ചിലമ്പിച്ച ശബ്‌ദം പുറപ്പെടുവിച്ചു.

സംതൃപ്‌തിയുടേതാണ്‌ ആ ശബ്‌ദം.

ഇവിടെ ദേവന്റെ തിടമ്പ്‌ ശിരസിലേറ്റുന്നത്‌ ഏറ്റവും പൊക്കമുളള ആനയാണ്‌.

ആ ആനകൾ നടന്നൊന്നും അല്ല വരുന്നത്‌. അവരെയൊക്കെ ലോറിയിലാണ്‌ കൊണ്ടുവരുന്നത്‌.

‘ഉവ്വോ’ ചെറിയ നാരായണൻകുട്ടി അത്ഭുതത്തോടെ തുമ്പിക്കൈ ചുരുട്ടിക്കൂട്ടി വായിൽ തിരുകി. ‘തലേവര നന്നാവണം’ വലിയ കൃഷ്‌ണൻകുട്ടി സ്വയമെന്നോണം പറഞ്ഞു.

അറിയാതെ ഒരു ദീർഘനിശ്വാസം വിട്ടോ വലിയ കൃഷ്‌ണൻകുട്ടി? കണ്ടോ ആനപന്തൽ മുളകൾകൊണ്ട്‌ കെട്ടിതിരിച്ചിരിക്കുന്നത്‌?

മത്സരത്തിനുളള ആനകൾക്ക്‌ വന്നു നിൽക്കാനുളള സ്ഥലമാണ്‌. വലിയ കൃഷ്‌ണൻകുട്ടി ഒരു കമന്റേറ്ററുടെ ഗമയോടെ ആന പന്തലിലേക്ക്‌ കണ്ണയച്ച്‌ അവിടത്തെ ശബ്‌ദങ്ങളിലേക്ക്‌ കാതുകൂർപ്പിച്ചു കൊണ്ട്‌ ചെറിയ നാരായണൻകുട്ടിയോട്‌ തലപ്പൊക്കമത്സരത്തിന്റെ ചിട്ടവട്ടങ്ങൾ പറഞ്ഞു തുടങ്ങി.

മത്സരത്തിന്‌ വന്ന ആനകൾ ഒപ്പത്തിനൊപ്പം നിൽക്കും. ജനങ്ങൾ ഒറ്റയായും കൂട്ടമായുമ പൂരപ്പറമ്പിലേക്ക്‌ എത്തിത്തുടങ്ങി. ഏകദേശം ഉത്സവത്തിന്റെ അത്രയും ആളുകൾ തലപ്പൊക്കമത്സരം കാണാനും ഉത്സവപ്പറമ്പിൽ എത്താറുണ്ട്‌. ദൂരെ ദിക്കിൽനിന്നുപോലും.

ഇരുചേരുവാരക്കാരും അത്രയേറെ വാശിയോടെയാണ്‌ ഇതിൽ പങ്കെടുക്കുന്നത്‌.

നീ എത്തിനോക്കിയിട്ടൊന്നും കാര്യമില്ലെടാ മണ്ടാ?

ചെറിയ നാരായണൻകുട്ടിയുടെ പരാക്രമം കണ്ട്‌ വലിയ കൃഷ്‌ണൻകുട്ടി കളിയാക്കി.

ആയിരക്കണക്കിന്‌ ആളുകളാണ്‌ ആനപ്പന്തലിന്‌ മുന്നിൽ തിങ്ങിക്കൂടാൻ പോകുന്നത്‌.

അവിടെ നടക്കുന്നതൊക്കെ ഞാൻ പറഞ്ഞുതരാം.

വലിയ കൃഷ്‌ണൻകുട്ടി ചെറിയ നാരായണൻകുട്ടിയെ സമാധാനിപ്പിച്ചു. ചെറിയ നാരായണൻകുട്ടി മനസ്സില്ലാമനസ്സോടെ തലയാട്ടി. വേറെ നിവൃത്തിയില്ലല്ലോ തനിക്ക്‌ പൊക്കമില്ലാതായിപ്പോയില്ലേ. കതിനവെടി കേട്ട്‌ നാരായണൻകുട്ടി ഞെട്ടലോടെ വലിയ കൃഷ്‌ണൻകുട്ടിയെ നോക്കി.

വലിയ കൃഷ്‌ണൻകുട്ടി അകലേക്ക്‌ എത്തിനോക്കി പറഞ്ഞു. വടക്കേ ചേരുവാരത്തിന്റെ ആനമത്സരത്തിന്‌ എത്തിക്കഴിഞ്ഞു എന്ന അറിയിപ്പാണ്‌ഃ

കതിനവെടികൾ കഴിഞ്ഞ ഉടനെ അകലെനിന്നും ചെണ്ട കൊട്ടുന്ന ശബ്‌ദം കേൾക്കാൻ തുടങ്ങി.

‘തെക്കേ ചേരുവാരത്തിന്റെ ആനയെ എഴുന്നളളിച്ചു കൊണ്ടുവരികയാണ്‌.’

വലിയ കൃഷ്‌ണൻകുട്ടി പറഞ്ഞുനിർത്തി. ലേശം അസൂയയോടെ, മത്സരം തുടങ്ങാറായി.

ആനകൾ രണ്ടും അടുത്തടുത്ത്‌ മുളകൾ കൊണ്ട്‌ തിരിച്ച വേലിക്കെട്ടിൽ ചെന്നുനിന്നു.

പാപ്പാൻമാർ ആനയെ സ്‌പർശിക്കാതെ മാറിനിന്നു.

ചെറിയ നാരായണൻകുട്ടിക്ക്‌ അവിടെ കൂടിനിന്ന്‌ ആരവം മുഴക്കുന്ന ഭക്തജനങ്ങളോട്‌ അസൂയ തോന്നി. അവർക്കൊക്കെ മത്സരം നേരെ കാണാമല്ലോ. ദേ രണ്ടാനകളേയും തിങ്ങിക്കൂടിയ ജനങ്ങൾ ആവോളം പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. കൂടുതൽ സമയം തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ആനയേ തിടമ്പ്‌ മത്സരത്തിൽ വിജയിക്കൂ. ഏകദേശം അഞ്ചുമിനിറ്റോളം. ചില ആനകൾ മത്സരത്തിന്‌ വന്നു നിൽക്കുമ്പോൾ തന്നെ തല ഉയർത്തിപ്പിടിക്കും.

പിന്നെ മത്സരത്തിന്റെ ബെല്ല്‌ കേട്ടാലുടനെ തല താഴ്‌ത്തും. പിന്നെ ജന്മം പോയാലും തലപൊക്കില്ല. പാപ്പാൻമാർ എത്ര കണ്ണുമിഴിച്ചു കാണിച്ചു പേടിപ്പിച്ചാലും.

‘വലിയ കൃഷ്‌ണൻകുട്ടി തലപൊക്ക മത്സരത്തിൽ എത്രവട്ടം പങ്കെടുത്തിട്ടുണ്ട്‌.’ ചെറിയ നാരായണൻകുട്ടിക്ക്‌ വലിയ കൃഷ്‌ണൻകുട്ടിയെ ഒന്നു പരിഹസിക്കാൻ തോന്നി.

പക്ഷെ വലിയ കൃഷ്‌ണൻകുട്ടിയുടെ കൂർത്തുമൂർത്ത കൊമ്പിനെപ്പറ്റി ഓർത്തപ്പോൾ ചെറിയ നാരായണൻകുട്ടി ആ പരിഹാസം സ്വയം വിഴുങ്ങി.

കൂട്ടവെടി കേട്ട്‌ ചെറിയ നാരായണൻകുട്ടി ചോദ്യഭാവത്തിൽ നോക്കി. ഇതെന്താ ഇങ്ങനെ. പൂരം കഴിയുമ്പോഴല്ലേ വെടിക്കെട്ട്‌.

തലപൊക്ക മത്സരം കഴിഞ്ഞ വെടിക്കെട്ടാണ്‌.

ആരാണാവോ വിജയിച്ചത്‌ നാരായണൻകുട്ടിയും കൃഷ്‌ണൻകുട്ടിയും ഒരുപോലെ ചിന്തിച്ചു.

വലിയ കൃഷ്‌ണൻകുട്ടി ഒരഭിനന്ദന ശബ്‌ദം വിജയിച്ച ആനക്കായി അയച്ചു.

പക്ഷെ ആരവങ്ങൾക്കിടയിൽ അതവിടെ എത്തിയോ ആവോ. തിരിച്ചുളള മെസ്സേജ്‌ കാത്തിട്ട്‌ നിരാശയായിരുന്നു ഫലം. അഭിനന്ദനങ്ങൾകൊണ്ട്‌ വീർപ്പുമുട്ടുമ്പോൾ എങ്ങനെയാണ്‌ മറുപടി അയയ്‌ക്കുക.

ജയിച്ച ആനയുടെ പേരെങ്കിലും പറഞ്ഞുകൊടുക്കാനാകാതെ ചമ്മലോടെ ചെറിയ നാരായണൻകുട്ടിയുടെ മുഖത്തേക്ക്‌ വലിയ കൃഷ്‌ണൻകുട്ടി മിഴികൾ പായിച്ചു.

പക്ഷെ ചെറിയ നാരായണൻകുട്ടിയുടെ മനസ്സ്‌ ഇവിടെങ്ങും ആയിരുന്നില്ല. ‘രണ്ടാം സ്ഥാനക്കാരന്റെ തിടമ്പെങ്കിലും തന്റെ ശിരസ്സിൽ എന്നെങ്കിലും കയറ്റാൻ സാധിക്കുമോ? ഒരു പത്തുമിനിറ്റെങ്കിലും?’

ചെറിയ നാരായണൻകുട്ടിയുടെ ആത്മഗതം ഉറക്കെ ആയിപ്പോയി. വലിയ കൃഷ്‌ണൻകുട്ടി അതു കേട്ടു.

പക്ഷെ വലിയ കൃഷ്‌ണൻകുട്ടിക്ക്‌ പരിഹസിക്കാനല്ല തോന്നിയത്‌. കൃഷ്‌ണൻകുട്ടി പകുതി കളിയായും, പകുതി കാര്യമായും പറഞ്ഞു. ഭഗവാനോട്‌ ഉളളുരുകി പ്രാർത്ഥിക്കൂ. ഫലം ഉണ്ടാകും. കാട്ടിൽ വെയിലിന്റെ ഏഴയലത്ത്‌ വരാത്ത തങ്ങൾ ഭഗവാന്‌ വേണ്ടിയല്ലേ ഈ പൊരിയുന്ന വെയിലിൽ ഉത്സവത്തിന്‌ നിൽക്കുന്നത്‌. പിന്നെ നീ കുഞ്ഞല്ലേ. പിളള മനസ്സിൽ കളങ്കമില്ലല്ലോ, നിന്റെ പ്രാർത്ഥന വേഗം കേൾക്കും.

ഇരു ചേരുവാരക്കാർ തമ്മിലുളള തർക്കം മൂലമോ അതോ ചെറിയ നാരായണൻകുട്ടിയുടെ പ്രാർത്ഥനയുടെ ഫലമോ ചേരുവാരക്കാർ തമ്മിലുളള തർക്കം ഒരു നിമിത്തമായതോ എന്തോ, അല്‌പസമയം ആ കോലം കയറ്റാനുളള അവകാശം ചെറിയ നാരായണൻകുട്ടിക്കായി.

തിടമ്പ്‌ ചെറിയ നാരായണൻകുട്ടിയുടെ ശിരസ്സിൽ കയറ്റുന്നതുകണ്ടപ്പോൾ അത്ഭുതത്തേക്കാളേറെ വാത്സല്യമായിരുന്നു.

ചെറിയ നാരായണൻകുട്ടിയുടെ മിഴികളിൽനിന്നും രണ്ടുതുളളി കണ്ണുനീർ അടർന്നുവീണു. മുത്തുപോലുളള രണ്ടുതുളളി.

പക്ഷെ, അത്‌ സന്തോഷത്തിന്റേതായിരുന്നില്ല, സന്താപത്തിന്റേതായിരുന്നില്ല. ഭക്തിയുടേതായിരുന്നു. ഭഗവാന്റെ അനുഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു.

Generated from archived content: story1_july2_05.html Author: suresh_kanapilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here