നിറമിഴിയോടെ ഞാൻ
കാത്തിരിപ്പൂ
നീലക്കൊലുസ്സിട്ട
തമ്പുരാട്ടീ
നിലവറ തന്നിൽ
ഭാവിതൻ തിരിയിട്ട്
നിലവിളക്കൊന്നുഞ്ഞാൻ
തെളിച്ചുവെച്ചൂ.
നീയറിയാതെ വിവശനായ്
കാതോർത്തിരിപ്പൂ
നീ വരും കാലൊച്ച
കേൾക്കുവാനായ്
പെട്ടെന്നൊരു നിമിഷം
എന്റെ കാതിൽ വന്നുവീണു
നിന്റെ പാദസരത്തിൻ
ധ്വനിയോ തോന്നലോ
കൺതുറന്നങ്ങു ദൂരെയ്‌ക്കു
നോക്കുമ്പോൾ
നീ തന്നെ പോകുന്നു ഒരു
വെണ്മേഘക്കീറുപോൽ
നിന്നെയെന്നും പിന്നെ
പിൻതുടർന്നീടുന്നിതാ
നിലാവിൽ നിൻ
നിഴലെന്നപോലെ ഞാൻ
മനസ്സെന്ന ദൂതന്റെ
കൈകളിലേല്‌പിച്ചിടുന്നു
മനസ്സിനിക്കായെന്റെ
പരിദേവനം
ഇന്നുമാദൂതൻനിൻ
പിന്നിൽ ചരിക്കുന്നു.
ഒരിക്കലും മുട്ടാത്ത
സമരേഖപോൽ
നിലവറ തന്നിലെ
നിലവിളക്കണയും മുൻപേ
നിർമ്മലേ നീയെന്നിൽ
അണയുകില്ലേ
കരിയുന്ന ഇലകളിൽ
കൊഴിയും പൂക്കളിൽ
തകർന്ന എന്റെ സ്വപ്‌നങ്ങളെ
ഞാൻ കാണുന്നു.
പാടത്തുവരമ്പിലെ
കതിരൂർന്ന കറ്റകളിൽ
പാറിപ്പറക്കും ചുവന്ന
തുമ്പികളെ കാണുമ്പോൾ
ഓർത്തുപോയ് ഭാമിനീ
നമ്മൾതൻ പോയകാലം
തിലകമൊന്നു നെറ്റിയിൽ തൊട്ടാൽ
പെട്ടെന്നുമായ്‌ചിടാം
മനസ്സിലൊരു സ്‌നേഹ
ക്കുറിതൊട്ടാലതു
ഒരിക്കലും മായുകില്ലെന്നു
ധരിച്ചീടേണം.
ഒഴുകുന്ന പുഴ തീരത്തെ
പുണരുന്നപോലെ നീ
വെറുതെയെന്തിനെന്റെ
ഹൃദയം തൊട്ടുണർത്തി
ഇല്ല നീ വന്നില്ലെങ്കിലു
മെന്റെ കാതിൽ
കേൾക്കുന്നു നിൻപാദം
പേറും നൂപുരധ്വനി
ഉറങ്ങിയാലുമുണർന്നാലു
മെന്റെ കാതിൽ
മാറ്റൊലിക്കൊളളുന്നു
ആ മന്ത്രധ്വനി
നീരജഗാത്രേ നിന്നെ
എന്നും തിരിയുന്നു ഞാൻ
വെൺമേഘക്കീറുകളിൽ
നക്ഷത്രജാലങ്ങളിൽ
അക്ഷരപൂക്കൾ കോർത്തു
തീർത്തൊരുമാലയുമായ്
കാതരാളേ കാത്തിരിപ്പൂ ഞാൻ
നീ മനസ്സിൽ കോറിയിട്ട
മറുസമരേഖയൊന്നിൽ
Generated from archived content: poem7_apr1.html Author: subrahmanyan_pg