പാവം ത്രിശങ്കു

പട്ടണത്തിലെ വൃത്തികെട്ട തെരുവിൽ ചെറിയൊരു കുടിലിൽ ചെറിയൊരു മനുഷ്യൻ താമസിച്ചിരുന്നു. ത്രിശങ്കു സ്‌കൂൾ അധ്യാപകനാണ്‌.

പൊതുവെ ത്രിശങ്കുവിന്‌ എല്ലാറ്റിനോടും അതൃപ്‌തിയായിരുന്നു. ഏറ്റവും കൂടുതൽ അതൃപ്‌തി സ്വന്തം വീടിനോടായിരുന്നു. വാടക വീടായിരുന്നു. നല്ലൊരു തെരുവിൽ നല്ലൊരു വീട്ടിൽ താമസിക്കുക അതയാളുടെ സ്വപ്‌നമായിരുന്നു.

ധനികരായ ധാരാളം കുട്ടികൾ അയാളുടെ സ്‌കൂളിൽ പഠിച്ചിരുന്നു. അവരെയെല്ലാം ത്രിശങ്കുവിനു വളരെ സ്‌നേഹവുമായിരുന്നു. പരീക്ഷാസമയത്ത്‌ പ്രധാന ചോദ്യങ്ങൾ പറഞ്ഞു കൊടുത്തും കൂടുതൽ മാർക്ക്‌ കൊടുത്തും അയാൾ പലവിധത്തിൽ സഹായിച്ചിരുന്നു. ഈ സമയത്തൊക്കെ ഒരൊറ്റ ചിന്തയെ അയാളുടെ മനസ്സിലുണ്ടായിരുന്നുളളൂ. കുട്ടികൾവഴി മുതിർന്നവരിൽകൂടി നല്ലൊരു വീടു തരപ്പെടുത്തുക.

ആ നഗരത്തിലെ റെന്റ്‌ കൺട്രോളർ (വീടുകൾ വാടകക്ക്‌ കൊടുക്കുന്ന ഓഫീസർ) ആയിരുന്നു വിശ്വാമിത്രൻ.

വിശ്വാമിത്രന്റെ മകൻ ത്രിശങ്കുവിന്റെ ക്ലാസിലായിരുന്നു. കുട്ടി പഠിക്കാൻ വളരെ മോശം. വിശ്വാമിത്രൻ മകന്‌ ഒരൊറ്റ ഉപദേശമേ കൊടുത്തിരുന്നുളളൂ. പുസ്‌തകങ്ങൾ ചീത്തയാക്കരുത്‌. അടുത്ത വർഷവും വേണ്ടിവരും.

ചോദ്യങ്ങളുടെ കാര്യത്തിൽ സഹായിക്കുകയും മാർക്കു കൂട്ടിയിട്ടു കൊടുക്കുകയും ചെയ്‌തതിനാൽ ആ വർഷം കുട്ടി പാസായി.

വിശ്വാമിത്രന്‌ സന്തോഷമായി. അധ്യാപകന്‌ വിഭവസമൃദ്ധമായ ഒരു സ്വീകരണം നൽകി അനുമോദിച്ചു. മാത്രമല്ല, വർഷങ്ങളായി പാസാകാത്ത മകൻ പാസായതിന്റെ നിലനിൽക്കാനാകാത്ത സന്തോഷത്തിൽ അയാൾ എന്തെങ്കിലും പാരിതോഷികം സ്വീകരിക്കുവാൻ ത്രിശങ്കുവിനെ വീണ്ടും വീണ്ടും നിർബന്ധിച്ചു.

ആദ്യമൊക്കെ ത്രിശങ്കു ഒഴിഞ്ഞുമാറി. പക്ഷെ നിർബന്ധം ശക്തമായപ്പോൾ വർഷങ്ങളായി തന്റെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹം അയാൾ വിശ്വാമിത്രനെ അറിയിച്ചു.

‘സാർ ഇത്ര നിർബന്ധിക്കുകയാണെങ്കിൽ ഒരു ചെറിയ ആഗ്രഹം പറയാം. ഒരു നല്ല ഏരിയായിൽ ഒരു നല്ല വീടു കിട്ടിയാൽ കൊളളാം.’

വിശ്വാമിത്രന്റെ നെറ്റി ചുളിഞ്ഞു. മാഷെ, ആവശ്യം ഇത്തിരി കടന്നുപോയി. വീടുകൾക്കു വലിയ ഡിമാന്റാണിപ്പോൾ, വീടിനു പകരം നാടുതരാൻ ബുദ്ധിമുട്ടില്ല. എന്നാൽ വീട്‌… സ്വല്‌പം ആലോചിച്ച ശേഷമയാൾ പറഞ്ഞു. സാരമില്ല, ശരിയാക്കാം. ഞാൻ നിർബന്ധിച്ചതല്ലേ? നമുക്കു ശരിയാക്കാം.

വിശ്വാമിത്രൻ മേശ തുറന്ന്‌ ഒരു ഡയറി എടുത്തു. പേജുകൾ മറിച്ചു. ഒരു പേജിൽ നോക്കി ഫോൺ എടുത്തു വിളിച്ചു. ‘ഹലോ, ഇന്ദ്രനല്ലെ? ഞാൻ വിശ്വാമിത്രൻ-നമസ്‌തെ ഓ അങ്ങയുടെ കാരുണ്യം. ഞാൻ ഒരു പ്രത്യേക കാര്യം പറയാനാണ്‌ വിളിച്ചത്‌. ഒഴിഞ്ഞ ഏതെങ്കിലും വീടു കിടപ്പുണ്ടോ? എന്റെ ഒരാളാ നല്ല മനുഷ്യനാ എന്നാലയയ്‌ക്കട്ടെ. വൈകുന്നേരത്തിനുളളിൽ തന്നെ വരും. ശരി, ശരി നമസ്‌തെ.

വിശ്വാമിത്രൻ ഫോൺ വച്ചു. ത്രിശങ്കുവിനോട്‌ പറഞ്ഞു. വീടിന്റെ കാര്യം ശരിയായി. ഈ നഗരത്തിലെ ഏറ്റവും നല്ല ഏരിയായിൽ ഏറ്റവും നല്ല വീടുതന്നെ കിട്ടി.

ത്രിശങ്കുവിന്റെ വദനകമലം വിടർന്നു. ഫോൺവച്ചയുടനെ ചോദിച്ചു, ഏതു സ്ഥലത്താണീ വീട്‌?

ഈ നഗരത്തിലെ ഏറ്റവും നല്ല ഏരിയ സ്വർഗപുരിയിലാണ്‌ വീട്‌. ഇതിനെ സിവിൽസ്‌റ്റേഷനെന്നു പറയും. ഇന്ദ്രദേവന്‌ ധാരാളം വീടുകളുണ്ടവിടെ. ഇദ്ദേഹം പൊതുമരാമത്തു വകുപ്പിൽ എഞ്ചിനീയറായിരുന്നു. രാഷ്‌ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചതിന്റെ ഫലമായി റിട്ടയറായപ്പോഴേക്കും 15-20 വീടുകൾ സ്വന്തമാക്കി. എല്ലാം വാടകയ്‌ക്കു കൊടുത്തിരിക്കുകയാണ്‌. അതിലൊരു വീടിന്റെ ഭാഗം ഞാൻ നിങ്ങൾക്കു തരുവിക്കുന്നു.

ആദ്യത്തെ ചോദ്യം; ’വാടകയെത്ര‘ എന്നായിരുന്നു. വിശ്വാമിത്രൻ ആശ്വസിപ്പിച്ചു. അതിനെക്കുറിച്ചു വിഷമിക്കേണ്ട. എല്ലാം ഞാൻ ശരിയാക്കിത്തരാം മാഷ്‌ ’വൈകുന്നേരത്തോടെ‘ ഇന്ദ്രദേവന്റെ അടുത്തെത്തണം. ഇന്നു തീയതി 31 അല്ലേ? താമസിക്കുന്ന വീട്‌ ഇന്നുതന്നെ ഒഴിഞ്ഞേക്കൂ. ഇല്ലെങ്കിൽ നാളേക്കു ഒരുമാസത്തെ വാടകകൂടി കൊടുക്കേണ്ടിവരും. സാധനങ്ങളുമായി ഉടനെ പുറപ്പെട്ടോളൂ.

ത്രിശങ്കു വിഷമത്തിലായി. സിവിൽ ലൈൻസിനെക്കുറിച്ച്‌ മാഷ്‌ കേട്ടിട്ടുണ്ട്‌. അതൊരു പ്രത്യേക ലോകമാണ്‌. അന്തേവാസികൾ പ്രത്യേക തരത്തിലുളളവരും. അവരെക്കുറിച്ച്‌ ആദരവും ഭയവും കലർന്ന ഒരു ഭാവമായിരുന്നു മാഷിന്‌. അവിടെ താമസിക്കുന്നതിന്റെ സുഖം അയാൾ പല പ്രാവശ്യവും സ്വപ്‌നം കണ്ടിരുന്നു. പക്ഷേ നേരിട്ടനുഭവിക്കാനുളള അവസരം കൈവന്നപ്പോൾ എന്നെ സ്വീകരിക്കുമോ? എന്നൊക്കെയുളള ആശങ്കകൾ.

തെല്ലു സങ്കോചത്തോടും ഭയത്തോടും കൂടി ത്രിശങ്കു മൊഴിഞ്ഞു. അവിടെ താമസിക്കുന്നവർ ഒരു പ്രത്യേക സ്വഭാവക്കാരാണ്‌. അവരുടെ രീതികളും വ്യത്യസ്‌തമാണ്‌. അവർ എന്നെ സ്വീകരിക്കുമോ ആവോ?

വിശ്വാമിത്രന്‌ ദേഷ്യം വന്നു. എന്തൊരു വിവരക്കേടാ മാഷെ വിളിച്ചു പറയുന്നത്‌? അവിടെ ഒരു വീടു കിട്ടുകയെന്നത്‌ മഹാഭാഗ്യമാണ്‌. മുഖത്തുവന്ന ലക്ഷ്‌മിയെ തട്ടിക്കളയുകയോ? പേടിക്കേണ്ട മാഷെ, ധൈര്യമായിട്ടു പോകൂ. ഞാൻ പറഞ്ഞാൽ രണ്ടു കൈയും കൂപ്പി ഇന്ദ്രൻ വീടു തന്നിരിക്കും.

ത്രിശങ്കുവിന്റെ മനസ്സ്‌ പിന്നെയും പിടച്ചു. ദയനീയസ്വരത്തിലയാൾ പറഞ്ഞു. സാറെ, എനിക്കെന്തോ വല്ലാതെ തോന്നുന്നു. അവരെന്നെ ഒരിക്കലും അംഗീകരിക്കില്ല.

വിശ്വാമിത്രന്റെ അഭിമാനം സടകുടഞ്ഞെഴുന്നേറ്റു. ത്രിശങ്കുവിന്‌ അയാളുടെ കഴിവിൽ അവിശ്വാസമോ? മുഖം ചുവന്നു. ’ഞാനാണ്‌ വിശ്വാമിത്രൻ റെന്റ്‌ കൺട്രോളർ. എന്റെ വാക്ക്‌ ഒരു വീട്ടുടമയ്‌ക്കും തട്ടിക്കളയാനാവില്ല. 20 വർഷത്തെ സർവീസാ എന്റേത്‌. അതൊരു ചെറിയ കാര്യമല്ല. ഞാൻ നിങ്ങളെ സ്വർഗപുരിയിൽ താമസിപ്പിക്കും. എന്റെ വാക്കു പിഴയ്‌ക്കില്ല. ധൈര്യമായിട്ടു പോകൂ. വൈകുന്നേരമാകുമ്പോഴേക്കും ഇന്ദ്രന്റെയടുത്തെത്തൂ.‘

വൈകുന്നേരമായപ്പോഴേയ്‌ക്കും ഉന്തുവണ്ടിയിൽ സാധനങ്ങളുമായി ത്രിശങ്കു സിവിൽ ലൈനിലുളള ഇന്ദ്രന്റെ വീട്ടിലെത്തി. അടുത്തുളള പാർക്കിൽ ഇന്ദ്രൻ ഒരു ചാരുകസേരയിൽ മലർന്നു കിടക്കുന്നു. വണ്ടി വഴിയിൽ തന്നെ നിറുത്തി ത്രിശങ്കു ഇന്ദ്രന്റെ സമീപമെത്തി.

’നമസ്‌തെ സാർ‘

’ഉം എന്താ കാര്യം‘

’ഉം‘ന്റെ മുഴക്കത്തിൽ ത്രിശങ്കുവിന്റെ നെറ്റി ചുളിഞ്ഞു. നാക്കു ചൊറിഞ്ഞു. പക്ഷെ ആവശ്യമോർത്ത്‌ ദേഷ്യമടക്കി. ഭിക്ഷക്കാരനെന്ന മട്ടിലുളള പെരുമാറ്റം.

മനസ്സിനെ ഒരുവിധം നിയന്ത്രിച്ചുകൊണ്ട്‌ മാഷു പറഞ്ഞു. ’ഒരു വീടിനെക്കുറിച്ചു വിശ്വാമിത്രൻ ഫോൺ ചെയ്‌തിരുന്നുവല്ലോ?‘

ഇന്ദ്രൻ ’ശരി, ശരി, എവിടെ നിങ്ങടെ മുതലാളി?‘

ഏതു മുതലാളി ത്രിശങ്കുവിന്‌ മനസ്സിലായില്ല. ഇന്ദ്രൻ നീരസത്തോടെ മനസ്സിലാക്കിക്കൊടുത്തു. ’അതേ, ഈ വീട്ടിൽ താമസിക്കാൻ വരുന്നയാൾ.‘

ത്രിശങ്കു ഞെട്ടി. ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു. ’അത്‌- ഞാനാണാ താമസക്കാരൻ.‘

ഇന്ദ്രൻ എഴുന്നേറ്റിരുന്നു. തുറിച്ചുനോക്കിക്കൊണ്ടയാൾ അലറി ’നീയോ?‘ ഈ വീട്ടിൽ താമസിക്കാനോ? എന്താ വിശ്വാമിത്രൻ പകലും സ്‌മോളടിക്കുമോ?

’എന്താ കുഴപ്പം?‘

ഇന്ദ്രൻ പറഞ്ഞു. ’ഞാൻ വിചാരിച്ചത്‌ ഏതോ മാന്യൻ ഇവിടേക്കു വരുമെന്നാണ്‌.‘

ത്രിശങ്കുവിന്റെ സ്വപ്‌നം തകർന്നുപോയി. എങ്കിലും ധൈര്യം വിടാതെ കടുപ്പിച്ചു ചോദിച്ചു, ’എനിക്കെന്തുകൊണ്ടിവിടെ താമസിച്ചുകൂടാ? ഞാനും മനുഷ്യനല്ലേ?‘

സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ ഇന്ദ്രൻ പറഞ്ഞു. ’പക്ഷെ നിന്നെപ്പോലുളള ഒരു മനുഷ്യനിവിടെ താമസിക്കാൻ കഴിയില്ല.‘

’എന്താ കാര്യം‘ മാഷു തിരിക്കി.

ഇന്ദ്രൻ പറഞ്ഞു. ’നിനക്കതിനുളള യോഗ്യതയില്ല, അതുതന്നെ കാര്യം. ഉണ്ണിയെ കണ്ടാലറിയില്ലെ ഊരിലെ പഞ്ഞം?‘

ത്രിശങ്കുവിലെ അധ്യാപകൻ തലയുയർത്തി കാര്യങ്ങൾ ശരിക്കും മനസ്സിലാക്കാനും മനസ്സിലാക്കി കൊടുക്കാനുമയാൾ മുതിർന്നു. ’അപ്പോ, നിങ്ങടെ അഭിപ്രായത്തിൽ ഇവിടെ താമസിക്കാൻ എന്തു യോഗ്യത വേണം?‘

ദേഷ്യഭാവത്തിൽ അയാൾ പറഞ്ഞു. ’പിച്ചക്കാർക്ക്‌ ഇവിടെ താമസിക്കാൻ പറ്റില്ല. കാറുണ്ടോ? റേഡിയോയുണ്ടോ? ഫ്രിഡ്‌ജുണ്ടോ? ഇതുപോലുളള എന്തെങ്കിലും?‘

ഇന്ദ്രന്റെ ദേഷ്യഭാവം ത്രിശങ്കു വീക്ഷിച്ചു.

ഇന്ദ്രൻ തുടർന്നു. ’പബ്ലിക്‌ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ? ഏതെങ്കിലും ക്ലബ്ബിലെ മെമ്പർഷിപ്പ്‌?‘

മറുപടിക്കു സ്വൽപം സമയമനുവദിച്ചു കൊണ്ടയാൾ തുടർന്നു. ’ഇതൊന്നുമില്ലെങ്കിൽ നിനക്കിവിടെ വരാനെങ്ങനെ ധൈര്യമുണ്ടായി?‘

ചെറിയ പരിഭവത്തോടെ ത്രിശങ്കു പറഞ്ഞു. ’വിശ്വാമിത്രനാണ്‌ എന്നെ അയച്ചത്‌. റെന്റ്‌ കൺട്രോളർ അദ്ദേഹത്തിന്റെ ആജ്ഞയേ..‘

ഇന്ദ്രൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ അലറി ഃ വിശ്വാമിത്രന്റെ പേരു പറഞ്ഞു പേടിപ്പിക്യാ? ഇതുപോലുളള കൺട്രോളർമാരെ ഒരുപാടു കണ്ടിട്ടുണ്ടിന്ദ്രൻ, സെക്രട്ടറിയോടു പറഞ്ഞു ’നാളെ തന്നെ അവനെ സ്ഥലം മാറ്റിയേക്കാം. ഇനി, വിശ്വാമിത്രന്റെ തന്തയ്‌ക്കുപോലും നിന്നെ ഇവിടെ താമസിപ്പിക്കാനാവില്ല.

വിശ്വാമിത്രനെ ചീത്ത പറഞ്ഞു തുടങ്ങിയപ്പോൾ പിന്നെ അവിടെ നിന്നിട്ടു കാര്യമില്ലെന്നു ത്രിശങ്കുവിനു മനസ്സിലായി.

വണ്ടി തിരിച്ചു വിട്ടു വിശ്വാമിത്രന്റെ സമീപമെത്തി. ‘സാറെ, ഇന്ദ്രനെന്നെ തുരത്തിവിട്ടു. എനിക്കവിടെ താമസിക്കാനുളള യോഗ്യതയില്ലെന്നയാൾ പറഞ്ഞു. സാറിനേയും ചീത്ത പറഞ്ഞു.’

വിശ്വാമിത്രന്റെ പുരികം ചുളിഞ്ഞു. ദേഷ്യം കൊണ്ടു കണ്ണു ചുവന്നു. ഇന്ദ്രനെന്ന തല്ലിപ്പൊളിക്കിത്രക്കഹങ്കാരമോ? ഞാൻ നേരിട്ടോളാവനെ. ഒരു കാര്യം ചെയ്യൂ. ഇന്നുരാത്രി മാഷിവിടെ കിടക്കൂ. നാളെ മാഷിന്‌ അവിടെ തന്നെ വീടു മേടിച്ചു തരാം.

കൈകൾ കൂപ്പി കൊണ്ട്‌ ത്രിശങ്കു പറഞ്ഞു. ‘സാറെ, ഇനി ഞാൻ അവിടേക്കില്ല. കാട്ടാളന്മാരാണവർ, അവരുടെയിടയിൽ എനിക്കു കഴിയാൻ വയ്യാ.’

വിശ്വാമിത്രനു ദേഷ്യം ത്രിശങ്കുവിനോടായി. അതു പറ്റില്ല മാഷെ, മാഷവിടെതന്നെ താമസിക്കണം. ഒരു വീടിന്റെ മാത്രം പ്രശ്‌നമല്ലിത്‌. എന്റെ അന്തസ്സിന്റെ പ്രശ്‌നം കൂടിയാണ്‌.‘

ത്രിശങ്കു പറഞ്ഞു. ’സാറെ ആ കാര്യം വിട്ടേക്കൂ. ഇനി ഞാനവിടേക്കില്ല. ഞാനെന്റെ പഴയ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിക്കോളാം.‘

തിരിഞ്ഞു നടക്കാനാരംഭിച്ച ത്രിശങ്കുവിനെ തടഞ്ഞുകൊണ്ടു വിശ്വാമിത്രൻ പറഞ്ഞു. അവിടെയെങ്ങിനെ താമസിക്കും. അതു ഞാൻ വേറൊരാൾക്കു കൊടുത്തു കഴിഞ്ഞു.

ത്രിശങ്കുവിന്റെ മുന്നിൽ ലോകം ഒരു പ്രാവശ്യം കറങ്ങിനിന്നു.

വഴിയിലേക്കിറങ്ങിയോടിയ ത്രിശങ്കു ഉന്തുവണ്ടിയുമായി ധർമശാലയിലേക്കു തിരിച്ചു.

അന്നുമുതൽ ത്രിശങ്കു ധർമശാലയിലാണ്‌ കിടക്കുന്നത്‌.

Generated from archived content: story2_may17.html Author: sri_harisankarparasai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here