ഏകലവ്യന്റെ വിരൽ

പണ്ടൊരിക്കൽ നടന്നതാണ്‌.

ഒരു സർവ്വകലാശാലയിൽ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ വളരെ പ്രശസ്‌തനായ ഒരു അധ്യാപകനുണ്ടായിരുന്നു. പേര്‌ ദ്രോണാചാര്യൻ. സംസ്ഥാനവലിപ്പമനുസരിച്ച്‌ അദ്ദേഹം റീഡർ ആയിരുന്നു. ഈ റീഡർ (വായിക്കുന്നവൻ) ക്ലാസിൽ പോയി പഠിപ്പിക്കാത്തവനും പോയാൽ തന്നെ പാഠപുസ്‌തകം മാറ്റിവച്ച്‌ ഗൈഡു നോക്കി ക്ലാസുകൾ എടുക്കുകയും ചെയ്യുന്ന ഒരു വിദ്വാനായിരുന്നു.

ദ്രോണാചാര്യർക്കു രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു. ഒന്നു അർജുനൻ രണ്ട്‌ ഏകലവ്യൻ. അർജ്ജുൻദാസ്‌ സമൂഹത്തിൽ സ്വാധീനമുളളവനും രാജസദസിൽ സ്ഥാനമുളളവനും ധനികനുമായിരുന്നു. ആചാര്യൻ എന്നും അർജുൻദാസിന്റെ വീട്‌ സന്ദർശിച്ചിരുന്നു. പകരമായി ശിഷ്യനും ഗുരുവിന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. ഇവരുടെ ബന്ധം അതിശക്തമായിരുന്നു. അർജ്ജുൻദാസിന്റെ അകമ്പടിയില്ലാതെ ഗുരുവിനെ ഒരിക്കലും കാണാൻ കഴിയുമായിരുന്നില്ല.

ഏകലവ്യൻ പാവപ്പെട്ടവനായിരുന്നു. അതിനാൽ ആചാര്യദർശനം ദുർലഭമായിരുന്നു. എന്നിരുന്നാലും ഗുരുഭക്തി ജാസ്‌തിയായിരുന്നു. പഠനമുറിയിൽ ഗുരുവിന്റെ ഫോട്ടോ അലങ്കരിച്ചു വച്ചിരു​‍ുന്നു. അദ്ദേഹമെഴുതിയ ഗൈഡ്‌ തലയിണക്കീഴിൽ വച്ചു ഉറങ്ങിയിരുന്നു.

രണ്ടുശിഷ്യന്മാരും എം.എ. എഴുതാനുളള ശ്രമത്തിലായിരുന്നു. (എം.എ. പരീക്ഷയെന്നു വച്ചാൽ ആൺകുട്ടികൾക്കു വെട്ടുവഴി തെങ്ങുകയറി നടക്കാനും പെൺകുട്ടികൾക്ക്‌ വിവാഹംവരെ കഴിച്ചുകൂട്ടാനുളള സമയമെന്നർത്ഥം.)

പഠനം കൊണ്ടുമാത്രമല്ല ഗുരുകൃപകൊണ്ടുകൂടി ലഭിക്കുന്ന ഒന്നാണ്‌ വിദ്യയെന്ന്‌ അർജുനന്‌ അറിയാമായിരുന്നു. അതിനാൽ രണ്ടു ശിഷ്യരും ഗുരുവിനെ നന്നായി സേവിച്ചിരുന്നു. പക്ഷെ ഏകലവ്യന്റെ സേവനത്തിന്‌ പരിമിതികളുണ്ടായിരുന്നു.

അർജുൻദാസ്‌ ഗുരുവിന്റെ വീട്ടുവാടക കൊടുത്തിരുന്നു. വീട്ടിലേക്കാവശ്യമായ വസ്‌ത്രങ്ങൾ, പച്ചക്കറികൾ എന്നിവ എത്തിച്ചുകൊടുത്തിരുന്നു. ഉത്സവാവസരങ്ങളിൽ ഗുരുവിന്റെ അഞ്ചു കുട്ടികളേയും കൂട്ടി കടകളിൽ പോയി പലഹാരങ്ങളും ഉടുപ്പുകളും കളിപ്പാട്ടങ്ങളും മറ്റും വാങ്ങിക്കൊടുത്തിരുന്നു. കൂടാതെ ആചാര്യനെ നാടകം, സിനിമ എന്നിവയ്‌ക്കു കൊണ്ടുപോകുമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിന്‌ ആഹ്ലാദം പകരുന്ന മറ്റധ്യാപകരുടെ ഭാര്യമാരുടെ അസന്മാർഗ്ഗ കഥകൾ യഥേഷ്‌ടം പറഞ്ഞുകേൾപ്പിച്ചിരുന്നു. അങ്ങനെ ആചാര്യന്റെ സുഖസൗകര്യങ്ങളിൽ ഈ ശിഷ്യൻ അതീവബദ്ധശ്രദ്ധനായിരുന്നു. രാത്രിസമയങ്ങളിൽ മറ്റധ്യാപകന്മാരുടെ നിന്ദ കേൾക്കുന്നത്‌ അദ്ദേഹത്തിന്റെ ആത്മാവിന്‌ പുളകം പകരുന്ന വിനോദമായിരുന്നു.

പക്ഷെ ഏകലവ്യൻ ഇതിൽ നിന്നൊക്കെ വ്യത്യസ്‌തനായി രാവും പകലും ഒരുപോലെ പഠനത്തിൽ മുഴുകിയിരുന്നു.

ഒരിക്കൽ ആചാര്യനും അർജുൻദാസും തമ്മിൽ ഏതാണ്ടിതുപോലെയുളള ഒരു സംഭാഷണം നടന്നു; ആചാര്യശ്രേഷ്‌ഠാ, ഞാൻ അങ്ങേക്കുവേണ്ടി വീട്ടുവാടക കൊടുക്കുന്നു. ആവശ്യമുളള വസ്‌ത്രങ്ങൾ, പച്ചക്കറികൾ എന്നിവ എത്തിക്കുന്നു. ശരിയല്ലേ?

‘ശരിയാണ്‌ വത്സാ.’

ആചാര്യനെ സിനിമ, നാടകം എന്നീ കലകൾ കാണിക്കാൻ കൊണ്ടുപോകുന്നു. കുട്ടികൾക്ക്‌ പലഹാരങ്ങൾ, ഉടുപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങിക്കൊടുക്കുന്നു.

ശരിയാണ്‌. ഇതെല്ലാം നീ തന്നെയാണ്‌ ചെയ്യുന്നത്‌. എന്നേപ്പോലെ അങ്ങേ സന്തോഷിപ്പിക്കുന്ന വേറെ ഏതെങ്കിലും ശിഷ്യന്മാരുണ്ടോ?‘

’ഇല്ല, തീർച്ചയായുമില്ല!‘

’ഏതെങ്കിലും അധ്യാപകന്റെ ദുഷ്‌കീർത്തി കേൾപ്പിക്കാതെ അങ്ങയുടെ മനസ്സിനെ ഞാൻ വിഷമിപ്പിച്ചിട്ടുണ്ടോ?‘

’ഇല്ല ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല വത്സാ.‘

അങ്ങ്‌ റീഡറായിരിക്കുന്നത്‌ എന്റെ അച്‌ഛന്റെ സഹായം കൊണ്ടാണെന്ന സത്യം അങ്ങ്‌ അംഗീകരിക്കുന്നില്ലേ?

’അതെ, അതു സത്യം തന്നെയാണ്‌.‘

’വിഭാഗാധ്യക്ഷനാകാൻ അങ്ങയെ ആരാണ്‌ സഹായിക്കുക.‘

’സംശയം വേണ്ട. നിന്റെ അച്ഛൻ തന്നെ സഹായിക്കും.‘

’ഏകലവ്യൻ അങ്ങയുടെ ശിഷ്യനല്ലേ? ഇതുവരെ എന്തെങ്കിലും സഹായം അവൻ ചെയ്‌തിട്ടുണ്ടോ?‘

’ഒരിക്കലുമില്ല, അവന്‌ ഗുരുവിനെക്കുറിച്ചൊരു ചിന്തയുമില്ല.‘

’അവൻ എപ്പോഴും ജീവനില്ലാത്ത പുസ്‌തകങ്ങളിൽ കുടിയിരിക്കയാണ്‌.‘

’ശരി. ഇതുകൂടി പറയൂ ഗുരുദേവാ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനാരാണ്‌?‘

’നീ തന്നെ വത്സാ, നിന്നെപ്പോലെ ഒരു ശിഷ്യൻ ഇതേവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.‘

പെട്ടെന്ന്‌ ഇരുകൈകളും കൂടി തൊഴുതുകൊണ്ട്‌ അർജുനൻ പറഞ്ഞു. എങ്കിൽ ഗുരുദേവാ, എനിക്കു ഫസ്‌റ്റ്‌ ക്ലാസ്‌ കിട്ടാനുളള വരം തരൂ എന്നാലെ സ്‌ളോർഷിപ്പ്‌ നേടി വിദേത്തുപോകാനൊക്കൂ.

ഇതുകേട്ടു ആചാര്യൻ തെല്ലുനേരം ചിന്തയിൽ മുഴുകി എന്നിട്ടു പറഞ്ഞു. അതുതന്നെയാണ്‌ എന്റേയും ആഗ്രഹം. പക്ഷെ ഏകലവ്യൻ ഒരു പാരയാകുന്ന മട്ടുണ്ട്‌. അവൻ കുശാഗ്രബുദ്ധിയുളളവനും പരിശ്രമശാലിയുമാണ്‌.’

‘എനിക്കതൊന്നുമറിയേണ്ട എനിക്കും ’ഫസ്‌റ്റ്‌ക്ലാസ്‌‘ കിട്ടിയില്ലെങ്കിൽ അതിന്റെ മോശം അങ്ങേയ്‌ക്കാണ്‌. പിന്നീടൊരിക്കലും ഒരു ശിഷ്യനും ഒരു ഗുരുവിനേയും ശുശ്രൂഷിക്കില്ല. മാത്രവുമല്ല, അധർമ്മമായ ഒരു പാരമ്പര്യം സൃഷ്‌ടിച്ചെന്ന കളങ്കവും അങ്ങേക്കു വന്നുചേരും.’

ആചാര്യൻ വീണ്ടും ചിന്താകുഴപ്പത്തിലായി. പക്ഷെ സാവധാനം നിശ്ചയദാർഢ്യം ആ മുഖത്തലയടിച്ചു. അർജുനൻ ആചാര്യന്റെ മുഖഭാവം ശ്രദ്ധിച്ചു. ജീവിതം മുഴുവനും കൊണ്ട്‌ ആർജ്ജിച്ച പുണ്യം ആ മുഖത്ത്‌ അലയടിക്കുന്നതായി ശിഷ്യനു തോന്നി.

ഉറച്ച സ്വരത്തിലാചാര്യൻ പറഞ്ഞു. ‘നിന്റെ ആഗ്രഹം സാധിക്കും.’

പിറ്റേദിവസം തന്നെ ആചാര്യൻ ഏകലവ്യനെ സ്വഗൃഹത്തിലേക്ക്‌ വിളിപ്പിച്ചു. ‘വത്സാ, നീ എന്തിനാ എന്റെ ഫോട്ടോ നിന്റെ മുറിയിൽ വച്ചിരിക്കുന്നത്‌.’

‘അങ്ങെന്റെ ഗുരുവല്ലേ? അതുതന്നെ കാരണം’ ഏകലവ്യൻ പറഞ്ഞു.

‘ഞാൻ എഴുതിയ ഗൈഡ്‌ തലയിണക്കീഴിൽ വയ്‌ക്കുന്നതോ?’

‘പകൽ സമയം പഠിക്കുന്ന നാനാവിധങ്ങളിലുളള അറിവുകളും ഏകോപിച്ച്‌ രാത്രി സമയം ചോദ്യോത്തരങ്ങളുടെ രൂപത്തിൽ മനസ്സിൽ വന്നുചേരാൻ വേണ്ടി.’

ആചാര്യൻ ശ്രദ്ധിച്ചവനെ നോക്കി. എന്നിട്ടു പറഞ്ഞു. ‘നീ എന്റെ ശിഷ്യനല്ലേ? അതംഗീകരിക്കുന്നുണ്ടോ?’

‘ഉണ്ടു ഗുരോ’

‘എങ്കിൽ എനിക്കു ഗുരുദക്ഷിണ തരൂ.’

ഏകലവ്യന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ എന്തുതരാനാണ്‌ ഗുരുദേവാ, വീടോ കുടിയോ ധനമോ ഒന്നുമില്ല. അഭിമാനം പണയപ്പെടുത്താത്തതിനാൽ എന്റെ അച്‌ഛൻ ദരിദ്രനാണ്‌.’

‘നിനക്കു തരാൻ കഴിയുന്നതു തന്നാൽ മതി. ഒരു കാര്യം ചെയ്യൂ വലതുകയ്യിലെ തളളവിരൽ എനിക്കു തരൂ.’

ശാന്തനായി കേട്ടുനിന്ന ശിഷ്യൻ മുൻകൂർ ജാമ്യമെടുത്തവനെപ്പോലെ പറഞ്ഞു; സന്തോഷത്തോടെ തരാം. പക്ഷെ അതുകൊണ്ടങ്ങേക്കെന്തു പ്രയോജനം?

‘അതും നീ അറിയേണ്ട കാര്യമാണ്‌. എന്തൊക്കെയായാലും ആചാര്യധർമ്മം നിലനിറുത്തേണ്ടതാണല്ലോ? കേട്ടോളൂ, അർജുനന്റെ ഭക്തിയിൽ ഞാൻ സംതൃപ്‌തനാണ്‌. പരീക്ഷയിൽ അവനെ ഒന്നാമതാക്കുമെന്ന്‌ ഞാൻ വാക്കു കൊടുത്തിട്ടുണ്ട്‌. നീ ഉളള കാലത്തോളം അവനെ ഒന്നാമനാക്കാൻ കഴിയില്ല. നിനക്ക്‌ പരീക്ഷ എഴുതാൻ കഴിയാതെ വരണം അതിനാലാണ്‌ ഞാൻ വലതുകയ്യിലെ വിരൽ ആവശ്യപ്പെടുന്നത്‌.’

ഏകലവ്യന്‌ ചിരി വന്നു. അവൻ പറഞ്ഞു. വലതുകയ്യിലെ വിരൽ നഷ്‌ടപ്പെട്ടതുകൊണ്ട്‌ അങ്ങയുടെ ഉദ്ദേശ്യം നടക്കാൻ പോകുന്നില്ല ഗുരുദേവാ. വലതു കൈകൊണ്ട്‌ എഴുതുന്നത്ര ആയാസമായി ഇടതുകൈകൊണ്ടും എനിക്കെഴുതാൻ കഴിയും. ഓർമ്മവച്ച നാൾ മുതൽ എന്റെ പേരിനെക്കുറിച്ചു ഞാൻ ചിന്തിച്ചിരുന്നു. ഏതെങ്കിലും ഒരു സമയം ഏതെങ്കിലും ഒരു ഗുരു എന്റെ വിരൽ ആവശ്യപ്പെടുമെന്നെനിക്കറിയാമായിരുന്നു. ഇപ്പോൾ ഞാൻ രണ്ടുകൈകൊണ്ടും എഴുതാൻ പരിശീലിച്ചു കഴിഞ്ഞു. രണ്ടുവിരലുകളും മുറിച്ചാലേ ഇനി അങ്ങയുടെ ഉദ്ദേശ്യം നടക്കൂ. പക്ഷെ രണ്ടുവിരലുകൾ മുറിക്കുന്ന പാരമ്പര്യം നിലവിലില്ല.

ആചാര്യൻ നിരാശനായി. ‘അധമാ, നീ ഗുരുവിനെ വഞ്ചിച്ചു. നീ രണ്ടു കൈകളും കൊണ്ടെഴുതാൻ പരിശീലിച്ചു. സാരമില്ല, എന്റെ കയ്യിൽ വേറെയും വഴികളുണ്ട്‌.

അന്നു വൈകുന്നേരം ആചാര്യൻ അർജുനനോടു പറഞ്ഞു. ’അവന്റെ വിരലെടുക്കാനെനിക്കു കഴിഞ്ഞില്ല. പക്ഷെ എന്റെ കയ്യിൽ ഒരൊറ്റമൂലിയുണ്ട്‌. അതിൽ നിന്നവനു രക്ഷപ്പെടാൻ കഴിയില്ല. നിന്റെ ഒരു പേപ്പർ നോക്കാനെനിക്കു കിട്ടും. മറ്റൊന്ന്‌ എന്റെ ആത്മാർത്ഥ സുഹൃത്തായ ദേവദത്തശർമ്മക്കും ലഭിക്കും. ഈ രണ്ടു പേപ്പറുകളിലും നൂറിൽ 99 മാർക്ക്‌ തരാൻ ഞങ്ങൾക്കു കഴിയും. അങ്ങനെ നീ ഏകലവ്യനേക്കാൾ മുന്നിലാകും. അങ്ങനെ നമുക്കവന്റെ രണ്ടു കൈകളും മുറിക്കാം. അവന്റെ ബുദ്ധിയും പരിശ്രമങ്ങളുമൊക്കെ കുശിനിയിൽ തന്നെയിരിക്കും.‘

അർജ്ജുനനു സമാധാനമായി. ഗുരുവിന്റെ കഴിവിലവന്‌ പൂർണ്ണ വിശ്വാസമായിരുന്നു. യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹത്തിനു വലിയ സ്വാധീനമായിരുന്നു. ഒരിലപ്പോലും അദ്ദേഹമറിയാതെ ചലിക്കില്ല.

പരീക്ഷ കഴിഞ്ഞു. രണ്ടുപേരും നന്നായി എഴുതി. ഏകലവ്യന്‌ ചെറിയൊരു സംശയമുണ്ടായിരുന്നു. പക്ഷെ അർജുനന്‌ യാതൊരു സംശയവുമുണ്ടായിരുന്നില്ല.

അവസാന പരീക്ഷ കഴിഞ്ഞ്‌ അർജുനൻ ആചാര്യനെ സമീപിച്ചു. ആചാര്യൻ ഖിന്നനായിരുന്നു.

അർജ്ജുനന്റെ ഉത്സാഹം തണുത്തു. അയാൾ ആചാര്യനെ തന്നെ നോക്കിയിരുന്നു.

ഒരു ദീർഘനിശ്വാസത്തോടെ ഗുരു പറഞ്ഞു. ഞാനാണ്‌ അധമൻ. എനിക്കെന്റെ വാക്കു പാലിക്കാൻ കഴിഞ്ഞില്ല. ഭാവിയിൽ ഒരു ശിഷ്യനും ഗുരുവിനെ ആത്മാർത്ഥമായി സേവിക്കില്ല. വരും തലമുറയിലെ ആചാര്യന്മാരും എന്നെ ശപിക്കും തീർച്ച.’

അർജ്ജുനൻ ചോദിച്ചു. ‘എന്താണുണ്ടായത്‌ ഗുരോ?’

‘ചതി, അല്ലാതെന്താ’ ഗുരു പറഞ്ഞു. പേപ്പർ നോക്കാൻ അവരെന്നെ അനുവദിച്ചില്ല. എനിക്കു മാത്രമല്ല ദേവദത്തനുമില്ല പേപ്പർ. ഞാൻ അറിയാത്ത വേറെ രണ്ടുപേരെ പേപ്പറേല്‌പിച്ചു.

പക്ഷെ അതെങ്ങനെ സംഭവിച്ചു ഗുരോ. പേപ്പർ ആർക്കാണു കൊടുക്കേണ്ടതെന്ന്‌ നിശ്ചയിക്കുന്നത്‌ അങ്ങല്ലേ?‘ അർജുനൻ തിരക്കി.

’പക്ഷെ, ഏകലവ്യൻ എനിക്കെതിരെ പരാതി നൽകി.‘

രണ്ടുപേരും നിശ്ശബ്‌ദരായി നമ്രശിരസ്‌കരായിരുന്നു. അവസാനം അർജുനൻ പറഞ്ഞു. ഗുരുദേവാ, പ്രാചീന കാലത്തും ഒരു ഏകലവ്യൻ ഉണ്ടായിരുന്നില്ലേ?

ഗുരു പറഞ്ഞു. ഉണ്ടായിരുന്നു. പക്ഷേ ആ ഏകലവ്യനും ഇവനും തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. അത്‌ പുണ്യയുഗമായിരുന്നു പക്ഷെ ഇത്‌ കലിയുഗമാണ്‌. പാപയുഗം. ഒരു സംശയവും കൂടാതെയാണ്‌ പണ്ട്‌ ഏകലവ്യൻ വിരൽ മുറിച്ചു നൽകിയത്‌. പക്ഷെ ഈ ഏകലവ്യൻ വെറുതെ വിരൽ കാണിച്ചു തരികമാത്രമാണ്‌ ചെയ്‌തത്‌. (വിരൽ കാണിച്ചു തരിക എന്നാൽ കളിയാക്കുക എന്നർഥം).

Generated from archived content: story1_aug16_05.html Author: sri_harisankarparasai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English