ഉത്സാഹമില്ലാതെ,
ഇലക്കീറ്റിലവശേഷിച്ച
തുമ്പി ചെവിയോർക്കുന്നു.
പമ്മി വന്നേക്കാവുന്ന
പിഞ്ചുവിരൽ….
നിവർന്നു നിന്നു മടുത്ത്
പിണങ്ങി ഇല മടക്കാൻ
തുനിഞ്ഞു കുറെ നാളായ്
ഒറ്റയ്‌ക്കൊരു തൊട്ടാൽവാടി.
കല്ലിച്ച്, ചൂടെടുത്ത
മഞ്ഞിൻ മുലക്കണ്ണുമായ്
ചെമ്പിച്ച കണ്ണുകൾ തേടി,
ഭൂമിയെ അള്ളിപ്പിടിച്ച്
വംശനാശപ്പിഴുതെറിയലിൽ
നെഞ്ചുനൊന്തു കറുക
കൂവിവിളികൾക്കാരുടെ
മറുകുറി തിരഞ്ഞ്,
നീണ്ട ഇടവേളകളിൽ
മൂളി സ്‌ഫുടം ചെയ്‌ത
പാട്ടിന്റെ ചിന്തുമായി
പിന്നെയും കുയിൽനിഴൽ….
കാണാൻ കൊതിച്ച കുറെ
പൂവുകൾ കെട്ടിപ്പെറുക്കി
ഇ-മെയിൽ വന്നപ്പോൾ,
ആരുമിറുക്കാതെ
വന്ധ്യയായ്‌പോയവൾ,
തൊട്ടപ്പുറത്ത്, വേലിപ്പുറത്ത്
വീണു വിതുമ്പുന്ന
കാട്ടുപൂവിന്നുൾവിളി!
Generated from archived content: poem2_mar30_07.html Author: srekrishnadas_mathur