കൂനനുറുമ്പും കൂട്ടരുമൊരുനാൾ
കല്യാണത്തിനുപോയി
കൂനന്തറയിൽ കുഞ്ഞനുറുമ്പിൻ
കല്യാണത്തിനുപോയി
നാടുകടക്കാൻ നെല്ലുമികൊണ്ടൊരു
വണ്ടിപണിഞ്ഞൂ കൂനൻ.
തോടുകടക്കാൻ മാവിലകൊണ്ടൊരു
തോണി പണിഞ്ഞൂകൂനൻ.
കൂനനുറുമ്പും കൂട്ടരുമങ്ങനെ
കൂനന്തറയിൽ ചെന്നു
കല്യാണത്തിനു വന്നവരെല്ലാം
പന്തലിലാകെ നിറഞ്ഞു
കല്യാണത്തിൻ കൊട്ടുംകുഴലും
പന്തലിലാകെ മുഴങ്ങി.
പെട്ടെന്നാരോ പന്തലിനുളളിൽ
ഡീഡീറ്റിപ്പൊടി തൂകി.
കെട്ടുനടക്കും മുമ്പേ ചെക്കൻ
ബോധംകെട്ടു പതിച്ചൂ.
കൂനനുറുമ്പും കൂട്ടരുമയ്യോ
മൂക്കുംപൊത്തി മടങ്ങി!
Generated from archived content: poem4_sept22_05.html Author: sippy_pallippuram