മാക്രികളെല്ലാമൊന്നിച്ചൊരുനാൾ
മാപ്രാണത്തൊരു യോഗം ചേർന്നു
മരമാക്രികളും കുളമാക്രികളും
കരമാക്രികളും പലവഴി വന്നൂ.
ഉദ്‌ഘാടകനായ് മാക്രീമുഖ്യൻ
മാണിക്കുട്ടൻ ചാടിയണഞ്ഞു.
കൊടികളുയർന്നൂ; വടികളുയർന്നൂ
മുദ്രാവാക്യം വാനിലുയർന്നൂ!
‘മനുജന്മാരേ മണ്ടൂസുകളേ
മാക്രിപിടിത്തം മതിയാക്കിക്കോ!
നീർക്കോലികളേ മൂരാച്ചികളേ
കളിവിളയാട്ടം മതിയാക്കിക്കോ!
കുണ്ടുകുളത്തിൽ പാർക്കും ഞങ്ങൾ
മണ്ടന്മാരല്ലോർത്തു കളിച്ചോ!’
മാക്രികളെല്ലാം വീറോടങ്ങനെ
മുദ്രാവാക്യം പൊടിപാറിച്ചു
മുദ്രാവാക്യം കേട്ടിട്ടാവഴി
പെട്ടെന്നെത്തീയൊരു നീർക്കോലി!
അതുകണ്ടപ്പോൾ മാക്രികളെല്ലാം
‘പോക്രോം പോക്രോം’ പലവഴിയോടി.
നേതാക്കൻമാർ കുണ്ടിലൊളിച്ചു
മാക്രീമുഖ്യൻ മണ്ടിയൊളിച്ചൂ!
മാക്കാൻ തവളകൾ ചേറിലൊളിച്ചൂ
മഞ്ഞത്തവളകൾ ചെളയിലൊളിച്ചൂ
എങ്കിലുമവിടെ പങ്ങിയിരുന്നൂ
തങ്കിയിലുളെളാരു കണ്ണൻ മാക്രി!
നീർക്കോലിയുമായങ്കം വെട്ടാൻ
കരുതിയിരുന്നൂ കണ്ണൻമാക്രി
സാക്ഷാൽ കണ്ണൻ പണ്ടൊരുകാലം
കാളിയമർദ്ദനമാടിയപോലെ
നീർപ്പുളളവൻ തൻ തലയിൽകേറി-
ച്ചാടിമറിഞ്ഞൂ കണ്ണൻമാക്രി!
‘തിത്തോം തരികിട! തിത്തോം തരികിട’
നൃത്തം വച്ചൂ കണ്ണൻമാക്രി!
പേടിത്തൊണ്ടൻ മാക്രികളെല്ലാം
ഒളികണ്ണുകളാൽ നോക്കുംനേരം,
നീർപ്പുളവൻ തൻ തലയിൽ നിൽപൂ
പുതിയൊരു കണ്ണൻ! മാക്രിക്കണ്ണൻ!
Generated from archived content: poem4_oct29_05.html Author: sippy_pallippuram