തക്കിടിമുണ്ടൻ

തക്കിടമുണ്ടൻ തരികിടമുണ്ടൻ

തണ്ടൻ പണ്ടൊരു പ്ലാവിൽ കേറി

കണ്ടവർ കണ്ടവർ മാടി വിളിച്ചുഃ

‘മണ്ടാ തൊണ്ടാ താഴെയിറങ്ങ്‌!’

ഉണ്ടനുമുണ്ടിയുമുപദേശിച്ചു

‘കുണ്ടാമണ്ടീ താഴെയിറങ്ങ്‌’

തക്കിടമുണ്ടൻ തരികിടമുണ്ടൻ

തത്തിപ്പൊത്തി പ്ലാവിൽകേറി!

‘തിത്തോം തകൃതോം’ പെട്ടെന്നയ്യോ

തക്കിടി മുണ്ടൻ താഴേ വീണു!

നാടുകുലുങ്ങീ വീടു കുലുങ്ങീ

കാടും മലകളുമൊത്തു നടുങ്ങീ

തക്കിടിമുണ്ടൻ പ്ലാവിൻ ചോട്ടിൽ

ചക്കപിളർന്നതുപോലെ കിടന്നു!

മുണ്ടച്ചന്മാരെപ്പൊക്കിയെടുക്കാൻ

കണ്ടവർ കണ്ടവരോടിയടുത്തു

ആനകൾ വന്നൂ; കുതിരകൾ വന്നൂ

ആലങ്ങാട്ടെ തമ്പ്രാൻ വന്നു

തേരുകൾ വന്നൂ കാലാൾവന്നൂ

തെരുതെരെയങ്ങനെ മാളോർ വന്നൂ!

ആയിരമാളുകളൊത്തു പിടിച്ചൂ

ആനകളമ്പതുമൊത്തുപിടിച്ചൂ

അയ്യോ! നമ്മുടെ തക്കിടിമുണ്ടൻ

മണ്ണിൽത്തന്നെയുറച്ചുകിടന്നു!

പട്ടാളക്കാർ തോറ്റുമടങ്ങീ

നാട്ടാരെല്ലാം കാത്തു മടങ്ങീ

കാലം മാറീ; കോലം മാറീ

തക്കിടിമുണ്ടനു വേരുമുളച്ചൂ

തക്കിടിമുണ്ടൻ മെല്ലെവളർന്നൊരു

തണ്ടൻമുണ്ടൻ മരമായ്‌ മാറീ.

പച്ചിലപ്പന്തലു തീർത്തതു മാതിരി-

യങ്ങനെയത്രേ ആൽമരമുണ്ടായ്‌.

നാട്ടാർക്കെല്ലാം തണലേകീടാൻ

അങ്ങനെയത്രേ ആൽമരമുണ്ടായ്‌.

Generated from archived content: poem2_sept30_05.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here