സൂത്രക്കാരൻ മാത്തപ്പൻ
യാത്രക്കാരെ പറ്റിക്കാൻ
രണ്ടര-മൂന്നടിയാഴത്തിൽ
വഴിവക്കത്തൊരു കുഴികുത്തി!
കുഴിയുടെ മേലേ മാത്തപ്പൻ
നിരത്തിയിട്ടൂ വാഴയില
ഇലയുടെ മീതെ മണ്ണിട്ടൂ
മണ്ണിൽ പലപല
ചടിനട്ടൂ അപ്പുക്കുട്ടനുമവറാനും
അപ്പങ്ങാട്ടെ പത്രോസും
കടയിൽപ്പോകാനെത്തുമ്പോൾ
കുഴിയിൽ വീണു കുഴങ്ങട്ടെ!
പാലും വിറ്റു നടന്നീടും
പാലാക്കാരൻ വേലുണ്ണി
പാൽക്കുടവും കൊണ്ടെത്തുമ്പോൾ
കുഴിയിൽ ചാടിത്തുലയട്ടെ!
മനസ്സിലിങ്ങനെ മാത്തപ്പൻ
കോട്ടകള പലതും കെട്ടീട്ട്
വീട്ടിൽ ചെല്ലും നേരത്ത്
അലമുറ കേട്ടൂ മുറ്റത്ത്!
അപ്പനു തീരെ സുഖമില്ലാ
‘ഹാർട്ടി’നു തകരാറുണ്ടത്രെ
ഡോക്‌ടറെ വേഗം കൂട്ടിവരാൻ
പെട്ടെന്നോടീ മാത്തപ്പൻ!
മേലും കീഴും നോക്കാതെ
വെപ്രാളത്തോടോടുമ്പോൾ
സൂത്രക്കാരൻ മാത്തപ്പൻ
‘തടുപുടിനത്തോം’ പടുകുഴിയിൽ!
ആളുകളോടിയടുത്തപ്പോൾ
മെല്ലെപ്പൊക്കിയെടുത്തപ്പോൾ
കാലുംകയ്യുമൊടിഞ്ഞയ്യോ!
നിലവിളിയായീ പാവത്താൻ.
അന്യന്മാരെപ്പറ്റിക്കാൻ
നമ്മൾ തീർക്കും പടുകുഴിയിൽ
നമ്മൾ വീണു കുഴങ്ങീടും
ഓർമ്മയിലെന്നുമിരിക്കട്ടെ!
Generated from archived content: poem2_jan6_06.html Author: sippy_pallippuram