കിഴവനും കിഴവിയും
കുഴിയപ്പം ചുട്ടു
അഴകനുമഴകിയും
കുഴിയപ്പം കട്ടു!
കുഴിയപ്പം മുഴുവനും
കുഴികുത്തി നട്ടു
ഏഴുനാളായപ്പോ-
ഴപ്പം മുളച്ചു!
ശർക്കരയൊത്തിരി
തടമായി വച്ചു
കൺക്കണ്ടമൊത്തിരി
വളമായി വച്ചു!
നാഴൂരിപ്പാലോണ്ട്
നന്നായ് നനച്ചു
അഴകനുമഴകിയും
കാവൽ കിടന്നു!
ഒരുനാളിലച്ചെടി
പൂവണിഞ്ഞല്ലൊ
പൂവെല്ലാം പോയിട്ടു
കായണിഞ്ഞല്ലോ.
കുഴിയപ്പമങ്ങനെ
കുലയായി നിന്നു
കൊതിയന്മാരെല്ലാരും
നിരയായി നിന്നു.
ഒരു കാറ്റടിച്ചപ്പോൾ
അപ്പം പൊഴിഞ്ഞു
അപ്പം തിന്നവരുടെ
വയറും പൊളിഞ്ഞു!
Generated from archived content: poem1_oct7_05.html Author: sippy_pallippuram