ആനക്കുട്ടി വലുതാകുമ്പോൾ
ആരാകും നീ കേൾക്കട്ടെ?
കാട്ടുമൃഗങ്ങടെ രോഗം മാറ്റും
ഡോക്‌ടർസാറായ് വിലസും ഞാൻ
സിംഹക്കുട്ടീ വലുതാകുമ്പോൾ
ആരാകും നീ കേൾക്കട്ടെ?
കാട്ടിന്നുളളിൽ ക്ലാസുനടത്തും
സിംഹൻസാറായ് മാറും ഞാൻ!
കരടിക്കുട്ടീ വലുതാകുമ്പോൾ
ആരാകും നീ കേൾക്കട്ടെ?
കളളൻമാരെ വിറപ്പിച്ചീടും
പോലീസേമാനാകും ഞാൻ!
കഴുതക്കുട്ടീ വലുതാകുമ്പോൾ
ആരാകും നീ കേൾക്കട്ടെ?
അടിപൊളി ഗാനം പാടിരസിക്കും
സിനിമാഗായകനാകും ഞാൻ!
മർക്കടനുണ്ണീ വലുതാകുമ്പോൾ
ആരാകും നീ കേൾക്കട്ടെ?
കാട്ടിന്നുളളിൽ ‘പ്ലെയിനോ’ടിക്കും
ഉഗ്രൻ ‘പൈലറ്റാ’കും ഞാൻ!
Generated from archived content: poem1_aug5_08.html Author: sippy_pallippuram