നിന്നെയോർത്ത്‌

കാണുവാനാശിച്ചെൻ മിഴികൾ തേടുവതു-

നിൻ മുഖം മാത്രമാണല്ലോ.

കേൾക്കാൻ കൊതിക്കുമെൻ കാതുകൾ-

കേട്ടതു നിൻ സ്വരം മാത്രമാണല്ലോ.

പറയുന്ന മൊഴികളിലോരോന്നും മൊഴിവതു-

നിൻ മൊഴി മാത്രമാണല്ലോ.

വിടരുമീ പനിനീർപൂവിൻ ദളങ്ങളിൽ

കണ്ടു ഞാൻ നിൻ മുഖബിംബം.

പാദസരത്തിന്റെ മണികൾ കിലുങ്ങുമ്പോൾ

കേട്ടു ഞാൻ നിൻ സുന്ദര നാദം.

പൊഴിയുന്ന മൊഴികളിലോരോന്നും ഊറിയതു-

നിൻ മധു മൊഴികളാണല്ലോ.

അടരുന്ന മഴയിലെ തുളളിയിലുളളതു-

നിൻ സ്‌നേഹ ബാഷ്‌പമാണല്ലോ.

എന്നോയെൻ കരങ്ങൾ ഗ്രഹിച്ചതു പിന്നെയും-

നിൻ തൂവൽക്കരങ്ങളാണല്ലോ.

പൊഴിയുന്ന മഞ്ഞുകണങ്ങളാൽ

നീയെന്നെ മാറോടു ചേർക്കയാണെന്നോ.

കാറുകൾ നിറഞ്ഞൊരാ മാനത്തു കണ്ടു ഞാൻ-

മഴവില്ലിൽ നിൻ സ്വപ്‌നവർണ്ണം.

മിന്നിത്തെളിയുന്ന മിന്നാമിനുങ്ങിന്റെ-

കനലിൽ ഞാൻ കണ്ടു നിൻ സ്‌നേഹം.

നീലക്കടലിന്റെ തിരകളിൽ കണ്ടു ഞാൻ

അടങ്ങാത്ത നിന്നിലെ ദാഹം.

ഒടുവിലൊരു നാളിൽ ഞാൻ-

പിരിയാനൊരുങ്ങവേ അറിയാതറിഞ്ഞുവെന്നുളളം

പിരിയുവാനാവില്ല അത്രമേൽ നിന്നെ ഞാൻ

സ്‌നേഹിച്ചു പോയിരുന്നല്ലോ.

Generated from archived content: poem8_july20_05.html Author: sindhu_va

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here