അറിയുന്നുവോ നീ നമ്മൾ തമ്മി-
ലകന്നൊരാ വഴിത്താരയിൽ നിനക്കു-
മാത്രമായ് അടർന്നൊരെൻ അശ്രുബിന്ദുക്കളെ,
മറന്നുവോ ഇന്നു നീ നമ്മളൊന്നായ്-
പകുത്തൊരാ നിറമുളള മൗനാനുരാഗങ്ങളെ,
എന്തിനായിന്നു ‘നീ അറിയാതെ പോകുന്നു
ആത്മാവിലൂറുമെൻ അനുരാഗനൊമ്പരം
അറിയാതെയകലുമീ നാളുകളും,
ചിറകുകരിഞ്ഞൊരെൻ മോഹങ്ങളും….
വാക്കുകൾക്കു പരതി നാം അലഞ്ഞൊരാ
കടൽക്കരയിൽ ഉടഞ്ഞൊരെൻ വളപ്പൊട്ടുകൾ
പൊഴിയുമീ മയിൽപീലിയും,
നിനക്കായ് ഞാനിന്നുമെൻ-
പുസ്‌തകത്താളിൽ കാത്തുവച്ചിട്ടും
അറിയുന്നീലയ് നീ എൻ ആർദ്രസ്‌നേഹം…
എൻ ഹൃദയവാതായനങ്ങൾ തുറന്നു നീ
എൻ സ്വപ്‌നത്തിൻ തേരിൽ വന്നുവെങ്കിൽ
ആശകൾ അഴലിൽ മുങ്ങുമ്പോഴും
എവിടെയോ വിങ്ങുന്നിതെൻ മാനസം…
കാലത്തിനു മറയ്‌ക്കാൻ കഴിയുമോ.
എന്നിലെ ഉണങ്ങാത്ത മുറിവുകൾ
വെറുതെയിന്നും നിൻ പാദചലനങ്ങൾക്കായ്…
കാതോർത്തു ഞാൻ നിൽക്കുമ്പോഴും
കാലൊച്ചയൊന്നുമേ കേൾക്കാതെയാവുമ്പോൾ
എന്നുൾത്തടം ഉരുകുന്നതും ഞാനറിയുന്നു,
നമുക്കിടയിലെ സുന്ദരസ്‌മൃതികൾ നിനക്കു
നൽകി ഞാൻ മറയുമ്പോഴും…
പ്രണയത്തിൻ മുറിപ്പാടുകൾ ഞാനേറ്റു വാങ്ങുമ്പോഴും,
നീ…. അറിയുന്നുവോ എൻ ഗദ്‌ഗദങ്ങൾ…
എല്ലാം അറിഞ്ഞുകൊണ്ടിന്നും ആത്മാവിൽ
നിനക്കുമാത്രമായ് വേദനിക്കുമ്പോഴും,
ചോദിക്കുന്നു ഞാൻ വീണ്ടും.
പിടയുമീ മനസ്സിനെ നീ… അറിയുന്നുവോ!
Generated from archived content: poem1_dece27_05.html Author: sindhu_va
Click this button or press Ctrl+G to toggle between Malayalam and English