കേരളദേശം, അനന്തപുരിയിൽ
ചെമ്പഴന്തിഗ്രാമം, ആ ഗ്രാമത്തിൽ
ഭൂജാതനായ്, ശിശു-ശ്രീഗുരുദേവൻ
നൂറ്റമ്പതാണ്ടുകൾക്ക് മുന്നായ്
പൊന്നിൻ ചിങ്ങമാസത്തിൽ
ചതയ നക്ഷത്രം വന്നണഞ്ഞു-സുദിനം
ചെമ്പഴന്തി-ചെറുഗ്രാമം-ചെറുകുടിലിൽ
ചെറിയൊരു ശ്രീ ദീപം തെളിഞ്ഞു… പൊൻചിലങ്കനാദം
ചെറുതും വലുതുമായ് പറയാനേറെ
‘ചെപ്പുതുറന്നാൽ’… വാക്കുകളില്ലാ…
അത്രയുമെത്രയും കണ്ടെത്തണം നിഘണ്ടുവിൽ
വർണിക്കാൻ, ഏറ്റവും പ്രിയനാം ശ്രീ ഗുരുദേവൻ
നൂറ്റമ്പതു ജന്മദിനങ്ങൾ, ജന്മനാളുകൾ, കടന്നുപോയ് സംഭവബഹുലമായ്
ജനഹൃദയത്തിൽ ഇന്നിതാ നിൻ ജന്മനാൾ എത്രയോ ധന്യം-അനശ്വരം!
ജ്ഞാനിയായ ദേഹം. വിപ്ലവത്തിൻ പ്രവാചകൻ പ്രമുഖൻ ഗുരുക്കളിൽ
‘ഭ്രാന്താലയ’ കേരളത്തിൻ അജ്ഞതയകറ്റിയ നായകൻ
ആൽമരം കണക്കെ പടർന്നു പന്തലിച്ചു നിൽപൂ-ജനഹിതം
മേൽക്കുമേൽ ഏറി…
സംസ്‌കൃതപാണ്‌ഡിത്യമോ, അപാരസാഗരം കണക്കെ
അതിന്നാഴവും പരപ്പും അറിവാർന്നോരുണ്ടോ ഇഹത്തിൽ
തത്വചിന്തകൾതൻ ചക്രവർത്തിയോ അങ്ങ് മഹാഗുരുവേ
നീ താൻ പ്രചോദനം ഏവർക്കുമിവിടെ-നിശ്ചയം!
‘സംഘടിച്ചു ശക്തരാകുവിൻ’ വിദ്യകൊണ്ടു പ്രബുദ്ധരാകുവിൻ‘
വല്ലഭാ..! നീയല്ലോ വിദ്യയും വെളിച്ചവും, ജ്ഞാനവും ശക്തിയും!!
അറിവിന്റെ ശ്രീകോവിലല്ലോ… നിൻ ദീർഘദൃഷ്‌ടികൾ
കൂരിരുട്ടിൽ കിടന്നോരു ലോകത്തെ
ഗുരുവിൻ ചൈതന്യദർശനങ്ങൾ തഴുകി ഉണർത്തി
ചൂടും വെളിച്ചവുമേകിയല്ലോ
നീയല്ലോ സത്യവും-ഭക്തിയും, നീയല്ലോ ഏതിനും അനുസ്യൂതമാം ഉറവിടം
ശ്രീബുദ്ധനും ക്രിസ്‌തുവും നബിയുമെല്ലാം നമുക്കേകിയ
സാരങ്ങൾ കൂലങ്കഷമായി ചിന്തിച്ചു പോയാൽ
’ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‘
ജയിക്ക ഗുരുവേ… ജയ… ഗുരുദേവാ
പ്രണാമങ്ങളേറെ ഏറെ ഗുരുവേ, ശ്രീ ഗുരുദേവാ നമസ്‌തുതേ
Generated from archived content: poem3_aug27_05.html Author: shaji_mattappilly