ദൂത്‌

പുറത്ത്‌ മഴ പൊഴിയുന്നുണ്ടായിരുന്നു. തുറന്നു കിടന്നിരുന്ന ജനലിൽ കൂടി ശീതക്കാറ്റിനോടൊപ്പം മഴയുടെ ഈർപ്പവും മുറിയിലേക്കു കടന്നുവന്നു. മഴയിലേക്കു നോക്കി വളരെ നേരം ഞാൻ അലസനായിരുന്നു. മഴയുടെ കനം അല്‌പം കുറഞ്ഞുവന്ന സമയത്താണ്‌ പുറത്ത്‌ റോഡിൽ ഒരു ഓട്ടോറിക്ഷ വന്നുനിന്നത്‌. ഓട്ടോയിൽ നിന്ന്‌ പുറത്തേയ്‌ക്കിറങ്ങി സാരിത്തലപ്പും കൊണ്ട്‌ ശിരസ്സു മറച്ച്‌ ഒരു സ്‌ത്രീ വീട്ടിലേക്കു കയറിവന്നു. മഴയ്‌ക്കും അൽപം കൂടി കട്ടികൂടി. വാതിൽപ്പുറത്തു വന്ന്‌ നിന്ന്‌ സാരികൊണ്ട്‌ തല തുവർത്തുന്നതിനിടയിൽ ആ സ്‌ത്രി അന്വേഷിച്ചു. “അഡ്വ. രമേശനല്ലേ?”

“അതെ? എന്നു പറഞ്ഞുകൊണ്ട്‌ അവരെ ഞാൻ അകത്തെ കസേരയിലേക്ക്‌ ക്ഷണിച്ചു. അവർ അകത്തേക്കു നടക്കുമ്പോൾ ഞാൻ മനസ്സുകൊണ്ട്‌ ഒരു തിരനോട്ടം നടത്തി. ഇല്ല. ഓർമ്മയിലെങ്ങും അവരുടെ രൂപം തെളിഞ്ഞു വരുന്നില്ല. തികച്ചും അപരിചിതയായ സ്‌ത്രീ. സോഫയിലിരുന്നു കൊണ്ട്‌ അവർ എന്റെ നേർക്കു കണ്ണുകളയച്ചു. ഞാനും അവർക്കെതിരെയുളള കസേരയിലിരുന്നു. കുറച്ചു സമയത്തേക്ക്‌ ആരുമൊന്നും സംസാരിച്ചില്ല. ഞങ്ങൾക്കിടയിൽ അപരിചിതത്വത്തിന്റെ മറ വീണു കിടന്നു. ശക്തിയായി കടന്നുവന്ന കാറ്റിൽ ജനൽപാളികളടഞ്ഞു. ഇരുട്ട്‌ മുറിയിൽ പാളിവീണു. ഞാൻ ലൈറ്റിടാനായി എഴുന്നേറ്റു. ലൈറ്റിട്ടിട്ടു കസേരയിലേക്ക്‌ മടങ്ങുമ്പോൾ അവരൊരു ഫോട്ടോ വാനിറ്റി ബാഗിൽ നിന്നും എടുത്തു എന്റെ നേരെ നീട്ടി. ഞാൻ ഫോട്ടോയിലേക്കു നോക്കി. അതേ തിളങ്ങുന്ന കണ്ണുകൾ ”അനിത“ ഞാൻ മന്ത്രിച്ചു.

”അതെ. അനിത തന്നെ“ എന്റെ ആത്മഗതത്തിനു മറുപടിയെന്നോണം അവർ പറഞ്ഞു.

”എന്നിട്ട്‌ അനിതയെവിടെ?“ ഞാൻ ചോദിച്ചു.

”അവൾ മരിച്ചുപോയി?“ അവർ പറഞ്ഞു നിർത്തി.

”എന്ത്‌?“ എന്റെ ചോദ്യം ഉദ്വേഗപൂർവ്വമായിരുന്നു.

”അവൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരാഴ്‌ച മുൻപ്‌.“ മനസ്സിൽ ഒരു കൊളളിയാൻ മിന്നി.

”നിങ്ങളും അനിതയും തമ്മിലുളള ബന്ധം.“ ഞാൻ അവർ ആരെന്നറിയാനുളള ശ്രമത്തിലായിരുന്നു.

”അനിതയും, ഞാനും ബാംഗ്ലൂരിൽ ഒരേ സ്‌കൂളിലാണ്‌ ജോലി ചെയ്‌തിരുന്നത്‌. അവൾ എല്ലാ കാര്യങ്ങളും എന്നോടു തുറന്നു പറഞ്ഞിട്ടുണ്ട്‌.“

”എല്ലാം“ എന്റെ ചോദ്യത്തിൽ ആകാംക്ഷ തുടിച്ചു നിന്നു.

”നിങ്ങളും, അവളും തമ്മിലുളള ബന്ധം ഉൾപ്പെടെ എല്ലാം.“ അവർ തെല്ലിട നിർത്തി.

അപ്പോൾ അഞ്ചു വർഷങ്ങൾക്കു മുൻപുളള ഒരു സായാഹ്നം എന്റെ മനസ്സിലേക്കോടിയെത്തുകയായിരുന്നു. അന്നത്തെ സായാഹ്നത്തിനു ചുവന്ന നിറമായിരുന്നു. അങ്ങനെയുളള ആ സായാഹ്നത്തിലാണ്‌ ഞാൻ അനിതയെ ആദ്യമായി പരിചയപ്പെടുന്നത്‌. നിയമ പുസ്‌തകങ്ങളുടെ നടുവിൽ തല പുകയ്‌ക്കുകയായിരുന്ന ഓഫീസു മുറിയിലേക്കു കടന്നുവന്ന യുവതിയെ ഞാൻ സാകൂതം ഉറ്റുനോക്കി. ഞാനവരെ ഇരിക്കാൻ ക്ഷണിച്ചു. കസേരയിലിരുന്നുകൊണ്ട്‌ അവർ പറഞ്ഞു. ”എനിക്കെന്റെ കുഞ്ഞിനെ വേണം. അതിനുവേണ്ടി എത്ര രൂപ മുടക്കാനും ഞാൻ തയ്യാറാണ്‌. അതിനുവേണ്ടി അങ്ങെന്നെ സഹായിക്കണം.“

ഞാനാണാ കേസു നടത്തിയത്‌. വേർപെട്ട വിവാഹബന്ധത്തിൽനിന്നും അവർക്ക്‌ ഞാൻ കുട്ടിയെ ഭർത്താവിൽ നിന്നും നേടിക്കൊടുത്തു. അതു മറ്റൊരു ബന്ധത്തിന്റെ തുടക്കമായി മാറി. അനിത എന്നോടൊപ്പം രണ്ടുവർഷം കഴിച്ചുകൂട്ടി. ക്രമേണ അവൾ എന്നിൽനിന്നും അകലുന്നതായി എനിക്കു തോന്നി. ഒരുദിവസം കുട്ടിയുമായി അവൾ പടിയിറങ്ങിപ്പോയി. പിന്നീടൊരു വിവരവുമില്ലായിരുന്നു.

”അവൾ എന്തിനുവേണ്ടിയാണ്‌ ആത്മഹത്യ ചെയ്‌തത്‌?“ ഞാൻ പരിസരബോധത്തിലേക്കു മടങ്ങിവന്നു.

”വിധി. അല്ലാതെന്തു പറയാൻ?“ അവരുടെ മറുപടി നിസ്സംഗതയിൽ കുതിർന്നതായിരുന്നു. അവൾ ആത്മഹത്യ ചെയ്യുന്നതിനു മുൻപ്‌ നിങ്ങൾക്കു തരാനായി നാട്ടിലേക്കു വരാനിരുന്ന എന്നെ ഏൽപിച്ചിരുന്നതായിരുന്നു ഈ കത്ത്‌. അവർ ഒരു കത്തെടുത്ത്‌ എന്റെ നേരെ നീട്ടി. ഞാൻ കത്തു വാങ്ങി പൊളിച്ചു നോക്കി.

പ്രിയപ്പെട്ട രമേശ്‌,

എനിക്കു ജീവിതം മടുത്തു. ഞാൻ പോവുകയാണ്‌. ഒന്നിച്ചു കഴിച്ചു കൂട്ടിയ രണ്ടു വർഷങ്ങൾ ഞാൻ എന്റെ ഓർമ്മയുടെ ചെപ്പിൽ ഒരു നിധിപോലെ സൂക്ഷിച്ചു. എന്റെ കുട്ടിക്കുവേണ്ടിയാണ്‌ ഞാൻ നാടുവിട്ടത്‌. പക്ഷേ ഒരുമാസം മുൻപ്‌ കുട്ടിയും എനിക്കു നഷ്‌ടപ്പെട്ടു. അവൾ മരിച്ചുപോയി. ഇനിയെന്റെ ജീവിതത്തിനു യാതൊരർത്ഥവുമില്ലാതായിക്കഴിഞ്ഞിരിക്കുന്നു. മടങ്ങിവരാൻ കുറ്റബോധത്താൽ മനസ്സനുവദിക്കുന്നില്ല. എങ്കിലും വിവരമൊന്നറിയിക്കണമെന്നു തോന്നി. വിട ചോദിച്ചു കൊണ്ട്‌,

അനിത.

കണ്ണുകൾ നിറഞ്ഞ്‌ കണ്ണുനീർ നിലത്തു വീണുചിതറി. ഞാൻ ജനൽപാളികൾ തുറന്നു പുറത്തേക്കു നോക്കി. മഴയപ്പോഴും പൊഴിയുന്നുണ്ടായിരുന്നു.

”ഞാനിറങ്ങട്ടെ“ അവർ യാത്ര ചോദിച്ചുകൊണ്ട്‌ കസേരയിൽ നിന്നെഴുന്നേറ്റു പുറത്തെ മഴയിലേക്ക്‌ നടന്നു. ഇലത്തുമ്പുകളിൽനിന്നും അപ്പോഴും ജലം കിനിഞ്ഞു വീഴുന്നുണ്ടായിരുന്നു.

Generated from archived content: story1_june17_05.html Author: sathyanath_j_othora

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here