രാജി തന്റെ വീടിന്റെ പടി കയറുമ്പോൾ സന്ധ്യയുടെ തുടക്കമായിരുന്നു. സൂര്യൻ മേഘപാളികൾക്കിടയിൽ നിന്ന് താഴേക്ക് കൂപ്പു നടത്തി. നരച്ച വെളിച്ചത്തിന്റെ അവസാനത്തെ രശ്‌മിപോലും രാജിയുടെ മുഖത്തു തട്ടി പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ സന്ധ്യയ്‌ക്കും രാവിനുമിടയിലുളള ഈ അരണ്ട വെളിച്ചത്തിനു ഒരു അലൗകിക പരിവേഷമുണ്ടായിരുന്നു. രാജി വീടിന്റെ മുറ്റത്തെത്തി അല്‌പനിമിഷം നിന്ന് ആ അവസ്ഥ ആസ്വദിക്കുകയായിരുന്നു. എന്തിന്റെയോ ആവർത്തനം, അരണ്ട വെളിച്ചം, അപാരമായ നിശബ്‌ദത, എന്തിന്റെയോ മരണം, എന്തിന്റെയോ ജനനം. ഇവയ്‌ക്കിടയിൽ പെട്ട് തുടിക്കുന്ന രാജിയുടെ ഹൃദയം. എന്തിന്റെയോ ആവർത്തനമായിട്ടാണ് രാജിക്ക് അവസ്ഥയെ കണ്ടെത്താൻ കഴിഞ്ഞത്. അവൾക്കധികം ആലോചിക്കേണ്ടിവന്നില്ല. ഏതോ സാക്ഷാത്‌ക്കാരത്തിന്റെ നിറഞ്ഞ ചിരി അവളുടെ മുഖത്തു വിടർന്നു. നിറഞ്ഞ സംതൃപ്‌തിയുടെ ഒരായിരം അലകളും അതിലുൾക്കൊണ്ടിരുന്നു.
അരണ്ട വെളിച്ചത്തിൽ ഇന്നലെ വിജയന്റെ വീട്ടിൽ അയാളോടൊപ്പം ഒട്ടിച്ചേർന്നു കിടക്കുമ്പോൾ അവളാലോചിച്ചത് തന്നെയും വഹിച്ചുകൊണ്ട് ഗ്രാമപാതയിൽക്കൂടി കയറ്റം കയറി പുക തുപ്പി ഓടിക്കിതച്ച് കവലയിലെത്തി നിൽക്കുന്ന ബസിനെയാണ്. അതപ്പോൾ ഇരമ്പുകയും കിതയ്‌ക്കുകയും ചെയ്‌തിരുന്നു. മാറത്തുനിന്നും വിജയന്റെ കൈയെടുത്തു മാറ്റി ഡ്രസ്സുചെയ്യുമ്പോൾ വിജയൻ തിരക്കി.
‘അപ്പോൾ നാളെത്തന്നെ രാജി വീട്ടിലേക്കു പോകാൻ തീരുമാനിച്ചു അല്ലേ?’
ഉവ്വ് എന്ന അർത്ഥത്തിൽ കട്ടിലിൽ അലസനായിക്കിടക്കുന്ന വിജയനെ നോക്കുമ്പോൾ അയാൾ വീണ്ടും ചോദിച്ചു.
‘ഇനി എന്നു തമ്മിൽ കാണാൻ പറ്റും?’
‘ചിലപ്പോൾ കാണാൻ പറ്റിയെന്നു വരും. അല്ലെങ്കിൽ ഒരിക്കലും കണ്ടുമുട്ടാൻ കഴിഞ്ഞെന്നു വരില്ല.’ അവൾ തുടർന്നു. ഈ നഗരത്തിലെ ഓഫീസിലേക്ക് എനിക്കിനി വരണ്ടല്ലോ. വീടിനടുത്തുളള മറ്റൊരു നഗരത്തിലെ ഓഫീസിൽ ഞാനിനി ഫയലുകൾക്കു മുൻപിൽ തല കുമ്പിട്ടിരിക്കും. അല്ലെങ്കിൽ ആ ഗൾഫുകാരനെ കല്യാണം കഴിച്ച് ജോലി രാജിവെച്ച് അയാളോടൊപ്പം ഗൾഫിലേക്കു പോകും. വിജയന്റെ ഭാര്യയും കുട്ടികളും നാളെ ഇവിടെ തിരിച്ചെത്തുമല്ലോ?‘
’ഞാൻ വനജയോടു പറയാം. കൂട്ടുകാരി യാത്ര പറയാൻ ഇവിടെ വന്നിരുന്നുവെന്ന്.‘ വിജയൻ പറഞ്ഞു.
’അപ്പോൾ വിട. ഞാനിറങ്ങുന്നു. നാളെ രാവിലത്തെ ബസിനു ഞാൻ നാട്ടിലേക്കു തിരിക്കും.‘ രാജി ബാഗെടുത്തു തോളിൽ തൂക്കി പടിയിറങ്ങി. അത് എന്തിന്റെയോ അവസാനമായിരുന്നു. മറ്റെന്തിന്റെയോ തുടക്കവും.
സ്വന്തം വീട്ടിലെത്തിയ സന്തോഷത്തോടെ അവൾ അകത്തുകയറി കസേരയിൽ അലസയായിരുന്നു. ഇപ്പോൾ വീടിനേയും പരിസരത്തേയും ഇരുൾ നന്നായി പിടിയിലമർത്തിയിരുന്നു. അവൾ മനസ്സിൽ ചിന്തിച്ചു. മറ്റെന്നാളാണല്ലോ തന്നെ പെണ്ണുകാണാൻ അച്‌ഛൻ പറഞ്ഞുറപ്പിച്ച ഗൾഫിൽ ജോലിയുളള പണക്കാരനായ രണ്ടാം കെട്ടുകാരൻ വരുന്നത്. ആരുവേണമെങ്കിലും വരട്ടെ അവൾ എന്തിനും തയ്യാറെടുക്കുകയായിരുന്നു.
Generated from archived content: story1_apr1.html Author: sathyanath_j_othora