ഒരു ഗ്രാമത്തിലുള്ള കൃഷിക്കാരന് രണ്ട് ആൺമക്കളുണ്ടായിരുന്നു. ഇരുവരും ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആ സന്ദർഭത്തിൽ കൃഷിക്കാരൻ പറഞ്ഞു “മക്കളേ ഇപ്പോൾ നിങ്ങൾക്ക് ആവശ്യത്തിനുള്ള വിദ്യാഭ്യാസമായി, ഇനി വയലിൽ ഇറങ്ങി പണിയെടുത്ത് നമുക്ക് സുഖമായി ജീവിക്കാം”.
മൂത്തമകൻ വാസു അച്ഛന്റെ കൂടെ വയലിൽ ഇറങ്ങി പണിചെയ്‌ത് അച്ഛനെ സഹായിച്ചു. ഇളയമകൻ വേലപ്പൻ അച്ഛൻ പറഞ്ഞത് അനുസരിക്കാൻ തയ്യാറായില്ല. അയാൾ പാടത്തും പറമ്പിലും പണിയെടുക്കാൻ ഇഷ്ടപ്പെട്ടില്ല. എവിടെയെങ്കിലും ഉദ്യോഗം നേടണമെന്നാഗ്രഹിച്ചു. അയാളുടെ ഒപ്പം പഠിച്ചിരുന്ന കരുണാകരന് അടുത്തുള്ള റയോൺസ് കമ്പനിയിൽ ജോലി ലഭിച്ചു. അവിടെ ഒരു ജോലി കിട്ടിയാൽ സുഖമാണെന്ന് വേലപ്പൻ കരുതി. അയാൾ റയോൺസ് കമ്പനിയിൽ ജോലിക്കുവേണ്ടി ശ്രമിച്ചു. മന്ത്രിയുടെ ശുപാർശപ്രകാരം വേലപ്പന് ജോലി കിട്ടി. കാഷ്വൽ ജീവനക്കാരനായിട്ടാണ് നിയമനം ലഭിച്ചത്. രണ്ടുവർഷം നടന്നിട്ടും സ്ഥിരം ജോലി ലഭിച്ചില്ല. കമ്പനി ജോലിയോടയാൾക്ക് വെറുപ്പു തോന്നി.
അങ്ങിനെയിരിക്കെ ബോംബെയിൽ ജോലിയുള്ള ഒരു സുഹൃത്ത് നാട്ടിൽ വന്നപ്പോൾ അയാൾ ജോലിച്ചെയ്യുന്ന വൈരക്കല്ലു നിർമ്മാണകമ്പനിയിൽ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു. വൈരക്കല്ല് ബിസിനസിന്റെ സാങ്കേതിക വശങ്ങൾ പഠിച്ചാൽ ഗൾഫിലേയ്‌ക്ക് വൈരക്കല്ല് അയച്ചുകൊടുത്ത് ലക്ഷങ്ങൾ നേടാമെന്ന് സുഹൃത്ത് പറഞ്ഞു. അങ്ങനെയാണെങ്കിൽ എളുപ്പത്തിൽ പണക്കാരനാകാമല്ലോ എന്ന് വേലപ്പൻ കരുതി. നാട്ടിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ബോംബെയ്‌ക്കുപോയി. ബോംബെയിൽ വൈരക്കല്ലു കമ്പനിയിൽ ജോലികിട്ടി. ഒരുകൊല്ലം അവിടെ ജോലിചെയ്തു. ബിസിനസ് രഹസ്യങ്ങൾ ഒന്നും പഠിക്കാൻ സാധിച്ചില്ല. ചെലവു കഴിച്ച് ഒന്നും മിച്ചമുണ്ടാക്കാൻ സാധിച്ചില്ല. അപ്പോൾ ആ ജോലി വേണ്ടെന്നുവച്ചു നാട്ടിലേയ്‌ക്കു പോന്നു.
നാട്ടിൽവന്നപ്പോൾ ഗൾഫിൽ പോകാൻ ചില സുഹൃത്തുക്കൾ തയ്യാറെടുക്കുന്നതു കണ്ടു. ഗൾഫിൽ പോയാൽ പെട്ടെന്ന് പണക്കാരനാകാമെന്ന് വേലപ്പനു തോന്നി. അച്ഛനെപ്പറഞ്ഞ് സമ്മതിപ്പിച്ച് വീടും പറമ്പും പണയപ്പെടുത്തി ഇരുപത്തി അയ്യായിരം രൂപ വാങ്ങി ഏജന്റിനെ ഏൽപ്പിച്ച് യാത്രയ്‌ക്കൊരുങ്ങി.
ഗൾഫിൽ പോകാനുള്ള തയ്യാറെടുപ്പുമായി ബോംബെയിൽ ചെന്നു കാത്തുകിടന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പോകാൻ കഴിഞ്ഞില്ല. കൈയിലെ രൂപയും തീർന്നു. നാട്ടിലെത്താൻ നിവൃത്തിയില്ലാതായി. അപ്പോൾ വേലപ്പനു തോന്നി. ഈ പൊല്ലാപ്പിനു പോകേണ്ടായിരുന്നു. നാട്ടിലെന്തെങ്കിലും ചെറിയ പണിയുമായി നടന്നാൽ മതിയായിരുന്നു. എങ്കിൽ പട്ടിണി കിടക്കേണ്ടിവരുമായിരുന്നില്ല. കിട്ടിയജോലി ഉപേക്ഷിച്ച് പെട്ടെന്ന് പണക്കാരനാകാൻ നടന്ന ആ യുവാവ് നിരാശനായി. വീടും പറമ്പും പണയപ്പെടുത്തിയതിൽ കുണ്‌ഠിതം തോന്നി.
അച്ഛൻ പറഞ്ഞതനുസരിച്ച് വീട്ടിലെ കൃഷിപ്പണി ചെയ്‌തു ജീവിച്ചിരുന്നെങ്കിൽ ചേട്ടനെപ്പോലെ സുഖമായി കഴിയാമായിരുന്നു എന്നയാൾക്കു തോന്നി. ‘ഇക്കരെ നിൽക്കുമ്പോൾ അക്കരെപ്പച്ച’ എന്ന പഴമൊഴി കേട്ടിട്ടില്ലേ? വേലപ്പന്റെ സ്ഥിതി അതുപോലെയായി. ബുദ്ധിയുള്ളവർ അക്കരെപ്പച്ച കണ്ട് ഓടിനടന്ന് സമയം പാഴാക്കുകയില്ല. നിൽക്കുന്നിടത്ത് ഉറച്ചുനിന്ന് വിജയം കൊയ്‌തെടുക്കും. അക്കരപ്പച്ച തേടി അലഞ്ഞു നടക്കുന്നവന് ഒരിക്കലും മനസുഖം ലഭിക്കുകയില്ല.. കിട്ടിയതുകൊണ്ട് സംതൃപ്തനാകുന്നവനാണ് സമർഥൻ.
Generated from archived content: story_jan24_07.html Author: sathyan_thannipuzha