മുല്ലമറ്റം ഗ്രാമത്തിൽ ഒരു മുത്തിയമ്മൂമ്മ ഉണ്ടായിരുന്നു. പെരിയാറിന്റെ തീരത്ത് ചെറിയൊരു വീട്ടിലായിരുന്നു അവർ താമസിച്ചരുന്നത്. മുത്തിയമ്മൂമ്മയ്‌ക്ക് താറാവും പാത്തയും ഗിനിയുമുണ്ടായിരുന്നു.
സ്‌കൂൾ കുട്ടികൾ മുത്തിയമ്മൂമ്മയുടെ വീട്ടിന്റെ പടിക്കൽ ചെല്ലുമ്പോൾ നിൽക്കും. ഗിനിയെ കാണുന്നതിനും അതിന്റെ ശബ്‌ദം കേൾക്കുന്നതിനും വേണ്ടിയാണ് നിൽക്കുന്നത്.
ഗിനിയുടെ ഭംഗിയുള്ള നിറം കുട്ടികളെ വല്ലാതെ ആകർഷിച്ചു.
ഗിനിയും കുട്ടികളും തമ്മിൽ വർത്തമാനം പറയുന്നത് താറാവും പാത്തയും കാണാറുണ്ട്. കുട്ടികൾ താറാവിനോടും പാത്തയോടും മിണ്ടാറില്ല. അവർക്കിഷ്‌ടം ഗിനിയോടായിരുന്നു.
കുട്ടികളുടെ സന്ദർശനം പാത്തക്ക് ഇഷ്‌ടപ്പെട്ടില്ല. പാത്ത കുട്ടികളെ കാണുമ്പോൾ കോ….കോ…. എന്ന ശബ്‌ദം പുറപ്പെടിവിച്ച് കൊത്താൻ ചെല്ലും. കുട്ടികൾ ഒച്ചവെച്ച് ഓടും.
അവർ ഗിനിയെ വിളിക്കും. ഗിനിയുടെ പപ്പ് കൊഴിഞ്ഞുവീണിട്ടുണ്ടെങ്കിൽ എടുത്തുകൊണ്ടുപോകും.
പപ്പ് കൊണ്ടുപോയി സ്‌കൂളിൽ കാണിക്കും. ഇതുകണ്ടപ്പോൾ ഗിനി മഹാ അഹങ്കാരിയായി തീർന്നു. താറാവിനോടും പാത്തയോടും ഗിനിക്കു പുച്ഛമായി. അവരെ ഗിനി എപ്പോഴും കളിയാക്കി.
‘കുട്ടികൾ വരുന്നത് എന്നെ കാണുന്നതിനു വേണ്ടിയാണ് എന്റെ സൗന്ദര്യം അവരെ ലഹരിപിടിപ്പിക്കുന്നു. എന്റെ കൊഴിഞ്ഞുവീഴുന്ന പപ്പുകൾ കാഴ്‌ച വസ്‌തുവായി സൂക്ഷിക്കുന്നു. പറക്കാനറിയാത്ത നിങ്ങളെ കുട്ടികൾക്കിഷ്‌ടമല്ല.’ ഗിനി പറഞ്ഞു.
ഗിനിയുടെ കളിയാക്കൽ കേട്ടപ്പോൾ താറാവിനും പാത്തക്കും സങ്കടം വന്നു.
എങ്കിലും അവർ ഗിനിയെ കളിയാക്കാനും താഴ്‌ത്തിക്കെട്ടാനും പോയില്ല.
ഓരോരുത്തർക്കും ഓരോ കഴിവുകളുണ്ട്. ദൈവം തന്ന കഴിവുകളും സൗന്ദര്യവും ഓരോരുത്തർക്കും വ്യത്യസ്തമാണ്.
അവരവർക്കുള്ളതുകൊണ്ട് സന്തോഷിക്കാൻ കഴിയണം. പാത്ത പറഞ്ഞു.
എല്ലാവരെയും ഒരുപോലെയാണ് മുത്തശിയമ്മൂമ്മ കണക്കാക്കിയിരുന്നത്.
ഒരു ദിവസം മുത്തശിയമ്മൂമ്മ പുഴയുടെ അക്കരെയുള്ള മകളുടെ വീട്ടിലേക്ക് പോയി.
വൈകുന്നേരമായിട്ടും മുത്തശിയമ്മൂമ്മയെ കണ്ടില്ല. മുത്തിയമ്മൂമ്മയെ കാണാതായപ്പോൾ അന്വേഷിച്ചുപോകാൻ താറാവും പാത്തയും ഗിനിയും തയ്യാറായി. എങ്ങനെ പുഴയുടെ അക്കരെ എത്തും?. താറാവിനും പാത്തക്കും നീന്തലറിയാം. നീന്തിപോകാമെന്നവർ പറഞ്ഞു. ‘ഗിനിക്ക് നീന്തലറിഞ്ഞുകൂടാ നീന്തലറിയാത്തവർ പോരണ്ടാ.’ താറാവും പാത്തയും പറഞ്ഞു.
അവരുടെ സംസാരം ഗിനിക്ക് ഇഷ്‌ടപ്പെട്ടില്ല. അവൻ പറന്നുപോകുമെന്നു പറഞ്ഞു. ‘പറന്നാൽ അക്കരെ എത്തുകയില്ല. നീ വെറുതേ അപകടത്തിൽ ചാടണ്ടാ.’ താറാവും പാത്തയും പറഞ്ഞു.
ഗിനി താറാവും പാത്തയും പറഞ്ഞത് അനുസരിച്ചില്ല. താൻ കേമനാണെന്ന് ഭാവിച്ച് പറന്നുപറന്ന് പുഴയുടെ നടുവിൽ ചെന്നപ്പോൾ ചിറകുകൾ തളർന്നു വെള്ളത്തിൽ വീണു.
‘രക്ഷിക്കണേ…….രക്ഷിക്കണേ…….’ എന്ന് ഗിനി ഉറക്കെ കരയാൻ തുടങ്ങി.
കരച്ചിൽ കരയിൽ നിന്ന താറാവും പാത്തയും കേട്ടു. അവർ പുഴയിലേക്കു നോക്കി. ഗിനി വെള്ളത്തിൽ വീണു കിടക്കുന്നതു കണ്ടു.
ഇരുവരും പുഴയിലിറങ്ങി നീന്തി ഗിനിയുടെ അടുത്തു ചെന്നു. ഗിനിയോട് പറഞ്ഞു. ‘സ്‌നേഹിതാ നീ ഒട്ടും ഭയപ്പെടേണ്ട നിന്നെ ഞങ്ങൾ അപകടത്തിൽ നിന്നും രക്ഷിച്ച് കരയിൽ കൊണ്ടുപോകാം. നീ ഞങ്ങളുടെ ഇരുവരുടെയും പുറത്ത് ഓരോ കാലുകൾ വെച്ച് ഇരിക്കണം. ഞങ്ങൾ ചേർന്നു നീന്തി നിന്നെ കരയിൽ എത്തിക്കാം.’ താറാവും പാത്തയും വെള്ളത്തിൽ മുങ്ങി ഗിനിയെ പുറത്തു കയറ്റിയിരുത്തി അകരെയെത്തിച്ചു.
അക്കരെചെന്നപ്പോൾ ഗിനിക്ക് സമാധാനമായി. അപ്പോൾ ഗിനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഒരുമിച്ച് ജീവിക്കുന്നവരെ കളിയാക്കുകയും കുറ്റം പറയുകയും ചെയ്യരുതെന്ന്. അപകടം സംഭവിക്കുമ്പോൾ സഹായിക്കുവാൻ കൂടെ ഉള്ളവരേ ഉണ്ടാവുകയുള്ളു.
മേലിൽ ആരെയും കളിയാക്കുകയില്ലെന്ന് തീരുമാനിച്ചു. താൻ കേമനാണെന്നുള്ള ഭാവവും ഉപേക്ഷിച്ചു.
Generated from archived content: story3_aug31_06.html Author: sathyan_thannipuzha