ഉറ്റ ചങ്ങാതികൾ

മുറിവേറ്റു പറന്നുവന്നു മുറ്റത്തു വീണു കരയുന്ന തത്തുകുഞ്ഞിനെ ചക്കിപ്പൂച്ച കണ്ടു. പൂച്ച തത്തക്കുഞ്ഞിനെ പിടിച്ച്‌ ശാപ്പിടാൻ തക്കം നോക്കി; തത്തക്കുഞ്ഞ്‌ പറന്ന്‌ മുറ്റത്തു നിന്ന കാന്താരി മുളകിന്റെ ചില്ലയിൽ കയറിയിരുന്നു.

നാലാം സ്‌റ്റാൻഡേർഡിൽ പഠിക്കുന്ന ചിഞ്ചു സ്‌കൂളിൽ പോയി തിരിച്ചു വന്നപ്പോൾ തത്തക്കുഞ്ഞിനെ പിടിക്കാൻ നോക്കിയിരിക്കുന്ന ചക്കിപ്പൂച്ചയെ കണ്ടു.

ചിഞ്ചു ചക്കിപ്പൂച്ചയെ വടിയെടുത്ത്‌ ഓടിച്ചു.

തത്തക്കുഞ്ഞ്‌ ചിഞ്ചുവിനെ നോക്കി രക്ഷിക്കൂ എന്ന്‌ പറഞ്ഞ്‌ ദയനീയമായി കരഞ്ഞു.

ചിഞ്ചു അമ്മയെ വിളിച്ചു. അമ്മയും രണ്ടു വയസ്സുകാരി അനിയത്തി മഞ്ചുവും ഇറങ്ങിവന്നു. അവരെ തത്തക്കുഞ്ഞിനെ കാണിച്ചു കൊടുത്തു. എല്ലാവരും തത്തക്കുഞ്ഞിനെ നോക്കി നിന്നു. അതു പറന്നുപോകാൻ തയ്യാറായില്ല.

‘അമ്മേ അമ്മേ പിടിക്കൂ. തത്തക്കുഞ്ഞിനെ പിടിക്കൂ. വന്നുകിട്ടിയ തത്തക്കുഞ്ഞിനെ നമുക്ക്‌ വളർത്താം.’

ചിഞ്ചു അമ്മയെ നിർബന്ധിച്ചു.

ചിഞ്ചു തത്തക്കുഞ്ഞിനെ പിടിക്കാൻ ചെന്നു. അതു അനങ്ങാനെ ഇരുന്നു. പിടിച്ചു നോക്കിയപ്പോൾ അതിന്റെ ദേഹത്ത്‌ മുറിവേറ്റിരിക്കുന്നത്‌ കണ്ടു.

അമ്മയും മകളും കൂടി തത്തക്കുഞ്ഞിന്റെ മുറിവിൽ മരുന്ന്‌ വച്ചു.

സ്‌നേഹപൂർവ്വം അതിന്റെ പുറത്ത്‌ തലോടി. മുറിക്കകത്തു കൊണ്ടുവന്ന്‌ വച്ച്‌ പഴം കൊടുത്തു. തത്തക്കുഞ്ഞ്‌ കുറേശ്ശേ പഴം കൊത്തിതിന്നുന്നത്‌ ചിഞ്ചു നോക്കിനിന്ന്‌ രസിച്ചു.

അവൾ അമ്മയോടു പറഞ്ഞു.

‘അമ്മേ തത്തക്കുഞ്ഞിന്‌ പാലുകൊടുത്തു നോക്കാം.’

അമ്മ ഒരു സ്‌പൂൺ പാല്‌ എടുത്ത്‌ തത്തക്കുഞ്ഞിന്‌ കൊടുത്തു. തത്തക്കുഞ്ഞ്‌ രുചിയോടെ കുടിച്ചു സ്‌നേഹം പ്രകടിപ്പിച്ചു.

തത്തക്കുഞ്ഞിനെ കിട്ടിയ ദിവസം ചിഞ്ചുവിന്‌ ഒരു പുതിയ ബി.എസ്‌.എ.ലേഡി ബേർഡ്‌ സൈക്കിൾ വാങ്ങിക്കൊണ്ടാണ്‌ അച്‌ഛൻ ഓഫീസിൽ നിന്ന്‌ വന്നത്‌.

അന്ന്‌ അച്‌ഛന്‌ ശമ്പളം കിട്ടിയ ദിവസമായിരുന്നു. സൈക്കിൾ കിട്ടിയപ്പോൾ ചിഞ്ചുവിനുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.

‘അച്ഛാ, അച്ഛാ ഒരു തത്തക്കുഞ്ഞിനെ കിട്ടി. എന്തൊരഴക്‌ അതിന്‌ വന്നുകിട്ടിയ തത്തക്കുഞ്ഞ്‌ വീടിന്‌ ഐശ്വര്യമാണ്‌ എന്ന്‌ വടക്കേലെ മുത്തശ്ശി പറഞ്ഞു.’

ചിഞ്ചു പറഞ്ഞ കാര്യങ്ങൾ അച്‌ഛൻ സമ്മതിച്ചു. തത്തക്കുഞ്ഞിനെ എല്ലാവർക്കും ഇഷ്‌ടമായി. തത്തക്കുഞ്ഞിന്‌ പാലും പഴവർഗ്ഗങ്ങളും കൊടുത്ത്‌ വളർത്തി.

പൂച്ച പിടിക്കാതെ നോക്കി.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പൂച്ചയും തത്തക്കുഞ്ഞും തമ്മിൽ കൂട്ടുകാരായി.

വീട്ടിലുളള എല്ലാവരുമായി തത്തക്കുഞ്ഞ്‌ ഇണങ്ങി. മുറിവെല്ലാം ഉണങ്ങി.

തത്തക്കുഞ്ഞ്‌ വീടുവിട്ട്‌ എങ്ങും പോകാതെയായി. ഐശ്വര്യ എന്നു വിളിച്ചാൽ പറന്നുവരും.

മൂന്നുമാസം കഴിഞ്ഞപ്പോൾ മനുഷ്യർ സംസാരിക്കുന്നതുപോലെ ഭംഗിയായി സംസാരിക്കുവാൻ തുടങ്ങി.

ചിഞ്ചുവിന്റെ അനിയത്തി മഞ്ചു മുറ്റത്തുകൂടി ഓടി കളിക്കുമ്പോൾ ഐശ്വര്യ പറയും.

‘മഞ്ചു പതുക്കെ ഓടിയാൽ മതി വീഴും.

കൈയും കാലും കഴുകി കഴിഞ്ഞാൽ ടാപ്പ്‌ അടക്കുക. ടാപ്പ്‌ തുറന്നിട്ടാൽ ടാങ്കിലെ വെളളം പറ്റും.’

ഇങ്ങനെയുളള നിർദ്ദേശങ്ങൾ മഞ്ചുവിനു കൊടുക്കും. ഐശ്വര്യയുടെ സംസാരം കേൾക്കുമ്പോൾ എല്ലാവർക്കും അതിശയമാണ്‌.

ഒരു തത്ത എങ്ങനെ ഇത്ര ബുദ്ധിപൂർവ്വം സംസാരിക്കുന്നത്‌?

ചിഞ്ചുവിന്റെ അച്‌ഛൻ രാവിലെ എഴുന്നേറ്റ്‌ അഞ്ചേ അൻപത്തിയഞ്ചിന്‌ റേഡിയോ ഓൺ ചെയ്‌ത്‌ സുഭാഷിതം കേൾക്കും. ഐശ്വര്യയും എഴുന്നേറ്റ്‌ സുഭാഷിതം കേൾക്കും.

അവൾ രാത്രി ഉറങ്ങുന്നത്‌ മഞ്ചുവിന്റെ ആട്ടുതൊട്ടിലിലാണ്‌. സുഭാഷിതം തുടങ്ങുമ്പോൾ ഐശ്വര്യ ചിഞ്ചുവിനെ വിളിച്ച്‌ എഴുന്നേൽപ്പിക്കും.

‘ചിഞ്ചു എഴുന്നേൽക്ക്‌ സുഭാഷിതം കേൾക്ക്‌.’ എന്നു പറയും.

ഐശ്വര്യയും ചിഞ്ചുവും മഞ്ചുവും ഒരുമിച്ച്‌ ദിവസവും രാവിലെ കുറെനേരം വർത്തമാനം പറഞ്ഞ്‌ ചിരിച്ചു രസിക്കും.

ഐശ്വര്യേ കളി നിറുത്ത്‌ എന്ന്‌ ചിഞ്ചുവിന്റെ അമ്മ വിളിച്ചു പറഞ്ഞാൽ കളി നിറുത്തും.

ചിഞ്ചുവിനോടും മഞ്ചുവിനോടും കളി നിറുത്താൻ ഐശ്വര്യ പറയും. പിന്നെ അവർ ദിനചര്യകൾ കഴിച്ച്‌ കാപ്പി കുടിച്ച്‌ പഠിക്കാൻ തുടങ്ങും.

ഐശ്വര്യയും പാലുകുടിച്ച്‌ തൊട്ടിലിൽ കയറി ഇരിക്കും. വീട്ടിൽ വരുന്നവർക്ക്‌ നമസ്‌കാരം പറയാനും പോകുമ്പോൾ ടാറ്റാ പറയാനും ഐശ്വര്യക്ക്‌ അറിയാം. ചിഞ്ചുവും മഞ്ചുവുമാണ്‌ ഐശ്വര്യയുടെ ഉറ്റ ചങ്ങാതികൾ.

Generated from archived content: story2_sept22_05.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here