അബ്രഹാമിന്റെ ഭാര്യ അമേരിക്കയിൽ നേഴ്‌സാണ്. അബ്രഹാമിന് ട്രാവൻകൂർ റയോൺസിലാണ് ജോലി. അവർക്ക് ഒരു മകനുണ്ട് – ആനന്ദു.
ആനന്ദു അച്ഛമ്മ ലാളനയിൽ വളർന്നു. അവനു നാലുവയസായപ്പോൾ ഒക്കൽ എസ്.എൻ. ഇംഗ്ലീഷ്‌മീഡിയം സ്‌കൂളിൽ എൽ.കെ.ജിയിൽ ചേർത്തു.
ആനന്ദു മഹാകുസൃതിക്കുട്ടിയാണ്. ക്ലാസിൽ കുട്ടികളുമായി വഴക്കുണ്ടാക്കും. എത്ര കുസൃതി കാണിച്ചാലും അച്ഛമ്മ അവനെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്‌തിരുന്നില്ല.
റയോൺസ് ലോക്കൗട്ട് ചെയ്‌തപ്പോൾ അബ്രഹാമിന് ജോലിയില്ലാതായി. അയാൾ വേറെ ജോലി കണ്ടുപിടിക്കുവാൻ നിർബന്ധിതനായി. അമേരിക്കയിലുളള ഭാര്യയുടെ ഉപദേശപ്രകാരം ഒരു പുതിയ മഹേന്ദ്ര മിനി ടൂറിസ്‌റ്റ് ബസ്സ് വാങ്ങി ഓടിക്കാൻ തീരുമാനിച്ചു. വണ്ടിവാങ്ങാൻ രൂപ ഭാര്യ അയച്ചുകൊടുത്തു.
വണ്ടി വാങ്ങി വീട്ടിൽ കൊണ്ടുവന്നു. ആനന്ദുവും അമ്മയും ഒരുമിച്ച് ബന്ധുവീടുകളിലെല്ലാം പോയി. വണ്ടി വാങ്ങിയ വിവരം എല്ലാവരോടും പറഞ്ഞു.
ഒരു ദിവസം വണ്ടി വീടിന്റെ മുൻവശത്ത് ഇട്ടിരുന്നു. അബ്രഹാം ഓട്ടം പോകാൻ തയ്യാറെടുക്കുകയായിരുന്നു. ടൂൾബോക്‌സിൽനിന്ന് ചുറ്റികയെടുത്ത് ചുമരിൽ ആണിയടിച്ചു ഒരു കലണ്ടർ തൂക്കി. ചുറ്റിക മേശപ്പുറത്തു വച്ചു.
അബ്രഹാം പോകാൻ ഒരുങ്ങുന്നതിനിടെ ആനന്ദു ചുറ്റികയെടുത്തു കളിച്ചു. ഓടി വണ്ടിയിൽ കയറി. ചുറ്റിക കൊണ്ടു മുൻവശത്തെ ഗ്ലാസിൽ അടിച്ചു. ഗ്ലാസ് പൊട്ടിപ്പോയി.
അബ്രഹാം വന്നപ്പോൾ ഗ്ലാസ് പൊട്ടിയിരിക്കുന്നതു കണ്ടു. അയാൾക്കു ദേഷ്യം വന്നു. ആനന്ദുവിനെ ശാസിച്ചു. എന്നിട്ടും അയാളുടെ ദേഷ്യം അടങ്ങിയില്ല.
“വണ്ടിയുടെ ഗ്ലാസ്
അടിച്ചുപൊട്ടിച്ചില്ലേ?
നിന്റെ കൈ
അടിച്ച് ചതക്കട്ടെ”. എന്ന് പറഞ്ഞ് കൈപിടിച്ച് നിലത്തുവച്ച് ചുറ്റികകൊണ്ട് അടിച്ചു. അടികൊണ്ട് ആനന്ദുവിന്റെ കൈയ് ചതഞ്ഞു പൊട്ടി ചോര ഒഴുകി. കുട്ടി വാവിട്ടുകരഞ്ഞു.
കുട്ടിയുടെ കരച്ചിൽകേട്ട് അച്ഛമ്മ ഓടിവന്നു കുട്ടിയെ എടുത്തു. കുട്ടിക്ക് ബോധക്ഷയമുണ്ടായി. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. ഡോക്‌ടർ വന്നു പരിശോധിച്ചു മരുന്നുവച്ചുകെട്ടി.
കുറെ ദിവസം ആശുപത്രിയിൽ കിടന്നു. ഡിസ്‌ചാർജ് ചെയ്‌തപ്പോൾ മഹേന്ദ്ര ടൂറിസ്‌റ്റ് ബസ്സിലാണ് പോന്നത്. അപ്പോൾ വണ്ടിയുടെ ഗ്ലാസ് മാറ്റിയിരിക്കുന്നത് ആനന്ദു കണ്ടു. അവൻ ചോദിച്ചു.
“അപ്പച്ഛാ, അപ്പച്ഛാ
വണ്ടി നന്നായല്ലോ
ഗ്ലാസ് പുതിയത് വാങ്ങിയല്ലോ
എന്റെ കയ്യ് എന്നാ സുഖപ്പെടുന്നത്?
അമേരിക്കിയിൽ നിന്ന് അമ്മവരുമ്പോൾ
എനിക്കു പുതിയകൈ കൊണ്ടുവർവോ?
ആനന്ദുവിന്റെ ചോദ്യം കേട്ടപ്പോൾ അബ്രഹാമിന്റെ കണ്ണുനിറഞ്ഞു. മുൻകോപം വരുത്തിയ വിന സങ്കടത്തിലാഴ്‌ത്തി.
Generated from archived content: story2_mar27_08.html Author: sathyan_thannipuzha