കുറിച്ചിലക്കോട് ഗ്രാമത്തിൽ കുറുമ്പക്കുട്ടിയും മകൻ കുട്ടപ്പനും താമസിച്ചിരുന്നു. മകനെ അമ്മ അടുത്തുളള അംഗൻവാടിയിൽ ചേർത്തു. കുട്ടപ്പൻ മഹാവികൃതിയായിരുന്നു.
ഒരു ദിവസം അംഗൻവാടിയിൽ നിന്നു അവൻ ഒരു ബ്ലെയിഡ് കൊണ്ടുവന്നു. ഏതോ കുട്ടിയുടെ കൈയിൽ നിന്നു കിട്ടിയതാണ്.
ബ്ലെയിഡ് കൊണ്ടു കടലാസ് മുറിക്കുന്നതു കണ്ടപ്പോൾ അമ്മ പറഞ്ഞു.
‘മോനെ ബ്ലെയിഡ് എടുത്ത് കൈമുറിക്കരുത്. എവിടെ നിന്നാണ് ബ്ലെയിഡ് കിട്ടിയത്?’
അമ്മ പറഞ്ഞതൊന്നും കുട്ടപ്പൻ ശ്രദ്ധിച്ചില്ല. അവൻ വലിയ സന്തോഷത്തോടെ ബ്ലെയിഡ് കൊണ്ട് കടലാസ് മുറിച്ചു ഓടി നടന്നു.
അവന്റെ അമ്മ വീണ്ടും പറഞ്ഞു.
‘മോനെ ബ്ലെയിഡു കൊണ്ട് നീയിങ്ങനെ ഓടി നടക്കുന്നത് അപകടമാണ്. അത് എവിടെയെങ്കിലും കൊണ്ട് വയ്‌ക്ക്’
അമ്മ പറഞ്ഞത് കുട്ടപ്പൻ അനുസരിച്ചില്ല. അവൻ ബ്ലെയിഡു കൊണ്ട് കടലാസു മുറിക്കാനും കസേരയിലെല്ലാം വരയ്‌ക്കാനും തുടങ്ങി.
കുട്ടപ്പന്റെ കുസൃതികൾ കണ്ടുകൊണ്ട് അച്ഛൻ കയറിവന്നു. അച്ഛനെ കണ്ടപ്പോൾ കുട്ടപ്പൻ ഓടി.
കാല് വാതിൽപ്പടിയിൽ തട്ടി വീണു. വീഴ്‌ചയിൽ കൈയിലിരിക്കുന്ന ബ്ലെയിഡ് കൊണ്ട് വയർ ആഴത്തിൽ മുറിഞ്ഞു. ചോര ഒഴുകി. കുട്ടപ്പൻ ഉച്ചത്തിൽ കരഞ്ഞു. സ്വന്തം ചോര കണ്ട് അവൻ ഭയന്നു തലകറങ്ങി വീണു.
കരച്ചിൽ കേട്ട് അമ്മ ഓടിയെത്തി.
വേഗം തന്നെ ഓട്ടോ വിളിച്ച് അച്ഛനും അമ്മയും കൂടി കുട്ടപ്പനെ ആശുപത്രിയിൽ കൊണ്ടുപോയി. മുറിവ് സ്‌റ്റിച്ചുട്ടു മരുന്നുവച്ചു. ഇൻജക്ഷൻ എടുത്തു.
വേദന കുറഞ്ഞപ്പോൾ അമ്മ പറഞ്ഞു.
‘മോനോട് അമ്മ പറഞ്ഞില്ലേ ബ്ലെയിഡ് കൊണ്ടു കളിക്കരുതെന്ന്. പറഞ്ഞത് അനുസരിക്കാതെ വേണ്ടാത്തതു ചെയ്‌താൽ ഇതാണ് അനുഭവം.’
‘അമ്മേ ഇനി ഞാൻ അമ്മ പറയുന്നത് അനുസരിച്ചോളാം.’
കുട്ടപ്പൻ പറഞ്ഞു. കുട്ടപ്പൻ പിന്നീട് കുസൃതിത്തരങ്ങൾ കാണിച്ചിട്ടില്ല. അനുസരണയുളള നല്ല കുട്ടിയായി.
Generated from archived content: story1_nov3_06.html Author: sathyan_thannipuzha