നല്ല വാക്കും പ്രവൃത്തിയും

ഒരു ഗ്രാമത്തിൽ മുകുന്ദനെന്നും മുരളിയെന്നും പേരുളള രണ്ട്‌ കോളേജ്‌ വിദ്യാർത്ഥികളുണ്ടായിരുന്നു. മലയാളം എം.എ.യ്‌ക്കു പഠിച്ചുകൊണ്ടിരുന്ന ആ വിദ്യാർത്ഥികൾ വളർന്നുവരുന്ന സാഹിത്യകാരൻമാരായിരുന്നു. ചെറുകഥാകൃത്തുക്കളെന്ന നിലയിൽ അവർ അറിയപ്പെടാൻ തുടങ്ങി.

അതോടെ മുകുന്ദന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. അവൻ വലിയവനാണെന്ന തോന്നലുണ്ടായി. സാധാരണക്കാരനല്ലെന്നുളള ഒരു ധാരാണ മനസിൽ തലപൊക്കി. താനൊരു സാഹിത്യകാരനാണെന്നുളള ഭാവവും പേറി നടന്നു. സുഹൃത്തുക്കളേയും മറ്റുളളവരേയും അവഹേളിക്കാൻ വരെ അവൻ തയ്യാറായി. യുവത്വത്തിന്റെ ചോരത്തിളപ്പ്‌ അവനെ അതിനു പ്രേരിപ്പിച്ചു.

മുകുന്ദന്റെ ഈ സ്വഭാവം മുരളിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. അവൻ സുഹൃത്തിനെ പലപ്പോഴും ഉപദേശിക്കാറുണ്ട്‌. ‘മുകുന്ദാ മറ്റുളളവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്‌തതുകൊണ്ട്‌ നിനക്കൊന്നും നേടാനില്ല. സന്ദർഭാനുസരണം പെരുമാറി സഹൃദയരുടെ ആദരവു പിടിച്ചുപറ്റിയാൽ പലതും ലഭിക്കും. പെരുമാറ്റഗുണമാണ്‌ ഒരു വ്യക്തിയെ വലിയവനാക്കുന്നത്‌. മുരളിയുടെ അഭിപ്രായത്തോട്‌ മുകുന്ദൻ പൂർണമായി യോജിച്ചില്ല. അവൻ ശീലിച്ച രീതി തുടർന്നുപോന്നു.

എം.എപരീക്ഷ കഴിഞ്ഞ്‌ അവർ ഇരുവരും കൂടി ഒരു വിനോദയാത്രയ്‌ക്ക്‌ പുറപ്പെട്ടു. യാത്രാമധ്യേ തീവണ്ടിയിൽ വച്ച്‌ ഒരു മധ്യവയസ്‌കനെ കണ്ടുമുട്ടി. മുരളി അയാളെ പരിചയപ്പെട്ടു. അയാളോട്‌ സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു. സരസമായ സംഭാഷണം കൊണ്ട്‌ അയാളെ ആകർഷിച്ചു. മുകുന്ദൻ അയാളെ കണ്ടമട്ടുപോലും നടിച്ചില്ല.

ആ മധ്യവയസ്‌കൻ താൻ ആരാണെന്നുളള സത്യം ആ ചെറുപ്പക്കാരിൽ നിന്നും തന്ത്രപൂർവ്വം മറച്ചുവച്ചു. മുരളിയുടെ പെരുമാറ്റഗുണം കണ്ടപ്പോൾ ആ ചെറുപ്പക്കാരനെ സഹായിക്കണമെന്ന്‌ അയാൾക്ക്‌ ആത്മാർത്ഥമായ ആഗ്രഹം തോന്നി. അയാൾ പ്രമുഖ സിനിമാ നിർമ്മാതാവും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഉടമയുമായിരുന്നു. അയാൾ മുരളിയുടെ വിലാസം വാങ്ങിക്കൊണ്ടുപോയി.

ഒരാഴ്‌ച കഴിഞ്ഞപ്പോൾ അയാളുടെ പത്രസ്ഥാപനത്തിൽ സബ്‌ എഡിറ്ററായി നിയമിച്ചുകൊണ്ടുളള അറിയിപ്പ്‌ മുരളിക്ക്‌ ലഭിച്ചു. മുരളിയുടെ സ്വഭാവമേൻമ കൊണ്ടാണ്‌ അയാൾക്ക്‌ ജോലി കൊടുത്തത്‌.

നല്ല വാക്കും നല്ല പ്രവൃത്തിയും എല്ലാകാലത്തും വിലപ്പെട്ടതാണ്‌. നല്ല രീതിയിൽ പെരുമാറി മറ്റുളളവരുടെ പ്രീതിനേടാൻ കഴിഞ്ഞാൽ നേട്ടമുണ്ടാകും.

Generated from archived content: story1_jan9_07.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here