കരിങ്കണ്ണ്‌

പണ്ട്‌ പണ്ട്‌ പാങ്ങോട്ട്‌ ഒരു കരിങ്കണ്ണി കാവുട്ടിയുണ്ടായിരുന്നു.

അവൾ എന്തെങ്കിലും ലോഹ്യം ചോദിച്ച്‌ അടുത്തുവന്നാൽ നാട്ടുകാർ അകന്നുമാറുമായിരുന്നു. കാവൂട്ടി പറഞ്ഞാൽ കണ്ണുപറ്റുമെന്നായിരുന്നു നാട്ടുകാരുടെ വിശ്വാസം.

കാവുട്ടിയുടെ കണ്ണിന്‌ വിഷശക്തിയുണ്ടായിരുന്നു. അതുകൊണ്ടാണ്‌ കരിങ്കണ്ണി കാവുട്ടി എന്നു നാട്ടുകാർ വിളിക്കാൻ കാരണം. യുക്തിവാതികളും അവളെ ഭയപ്പെട്ടിരുന്നു. വിശ്വസിക്കാനാവാത്ത പല കഥകളും അവളെപ്പറ്റി പലർക്കും പറയാനുണ്ട്‌.

ഒരിക്കൽ വണ്ടിക്കാരൻ അലിയാർ രണ്ടു കാളകളെ വാങ്ങി. തടിച്ചുകൊഴുത്ത ഉഗ്രൻ വണ്ടിക്കാളകൾ. പുതിയ കാളകളെ വണ്ടിക്കുക്കെട്ടി ചന്തയിൽനിന്ന്‌ സാമാനം വാങ്ങിക്കൊണ്ടുവരുന്നത്‌ കണ്ട്‌ കാവൂട്ടി പറഞ്ഞു.

‘അല്ല അലിയാരുമാപ്പിള പുതിയ കാളകളെ വാങ്ങിയല്ലോ! നല്ല മൂരികളാ, കുതിരയെപ്പോലെ ഓടുന്നു! എന്താ ഇവറ്റകൾക്ക്‌ വില?’

അലിയാർ മറുപടി ഒന്നും പറഞ്ഞില്ല. അതിനുമുമ്പേ ഒരു കാള കൈമടങ്ങി വീണു. പിന്നെ ഒരടി മുന്നോട്ടു വെച്ചില്ല.

അലിയാൽ വണ്ടിയിൽ നിന്ന്‌ ചാടിയിറങ്ങി കാളയെ അഴിച്ചുമാറ്റി. കാവുട്ടിയെ അസഭ്യവാക്കുകൾകൊണ്ട്‌ അഭിഷേകം ചെയ്‌തു.

ആളുകൾ എന്തെല്ലാം പറഞ്ഞാലും കാവൂട്ടി കണ്ടകാര്യം പറയും പറയാതിരിക്കുവാൻ അവൾക്ക്‌ കഴിയുകയില്ല. പറയണ്ട എന്നു വിചാരിച്ചാലും പറഞ്ഞുപോകും. പറഞ്ഞാൽ ഫലിക്കുകയും ചെയ്യും.

തന്മൂലം കാവൂട്ടിയെക്കൊണ്ട്‌ ചിലർ ചില കാര്യങ്ങൾ പറയിച്ച്‌ ഫലം നേടാൻ നോക്കാറുണ്ട്‌.

അയൽപക്കത്തെ മേനോന്റെ കാവുങ്ങപാടത്ത്‌ നെല്ല്‌ വിത്ത്‌ വിതച്ചിട്ട്‌ നെല്ലിനിരട്ടി പുല്ലാണ്‌ മുളച്ചത്‌. പുല്ലുകളയാൻ കാവൂട്ടിയെ വിളിച്ചു കാണിക്കാമെന്ന്‌ മേനോൻ തീരുമാനിച്ചു.

വിവരം മേനോൻ കാവൂട്ടിയോട്‌ പറഞ്ഞു.

കാവൂട്ടി എന്റെ കാവുങ്ങപ്പാടം പത്തുപറക്കു നിലത്തിൽ വിത്തു വിതച്ചിട്ട്‌ പുല്ലാണ്‌ മുഴുവൻ. ഇടക്ക്‌ ഓരോ നെല്ലേ ഉള്ളൂ. നീ വന്ന്‌ ഒന്നു വർണിച്ചു പറയണം. പുല്ല്‌ കരിഞ്ഞുപോകുമല്ലോ?‘

കാവൂട്ടി സമ്മതിച്ചു.

മേനോന്റെ കൂടെ അവൾ പാടത്തു ചെന്നു! പുല്ലു നിറഞ്ഞുനിൽക്കുന്ന കണ്ടത്തിൽ ഒരു മുഴം നീളമുള്ള നെൽക്കതിരുകളും കണ്ട്‌ അത്‌ഭുതപ്പെട്ട്‌ അവൾ പറഞ്ഞു.

’അമ്മേ! ഈ കണ്ടത്തിൽ അപ്പടി പുല്ലാണല്ലോ ഇങ്ങനെ പുല്ലുണ്ടാവ്വോ!‘ ഈ പുല്ലിന്റെ ഇടക്ക്‌ നിൽക്കുന്ന ഓരോ നെല്ലിന്റെ കതിരിന്‌ ഓരോ മുഴം നീളമുണ്ടല്ലോ.

ആ പൂപ്പ്‌ കാവുങ്ങപ്പാടം മേനോന്‌ കൊയ്യേണ്ടിവന്നില്ല. നെല്ലും പുല്ലും കണ്ണുപറ്റിക്കരിഞ്ഞുപോയി.

Generated from archived content: story1_jan31_11.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here