ആരാണ്‌ കുറ്റവാളി

മഞ്ഞപ്രയിൽ ഒരു മലഞ്ചരക്ക്‌ വ്യാപാരി ഉണ്ട്‌. മാണി എന്നാണ്‌ പേര്‌. അയാൾക്ക്‌ രണ്ട്‌ ആൺമക്കളുണ്ട്‌. മാധവനും കേശവനും. ഇരുവരും കച്ചവടത്തിൽ പിതാവിനെ സഹായിച്ചു വന്നു.

രണ്ടുപേരുടേയും വിവാഹം കഴിഞ്ഞു. ഭാര്യമാർക്ക്‌ ഗൃഹഭരണമാണ്‌ ജോലി.

മാധവന്റെ ഭാര്യ ഒരു പെൺകുട്ടിയെ പ്രസവിച്ചു. മാധവന്റെ മാതാപിതാക്കൾക്ക്‌ വലിയ സന്തോഷമായി. അവർ ആഗ്രഹിച്ചത്‌ പെൺകുട്ടി വേണമെന്നായിരുന്നു.

കുട്ടി ആരോമലായി വളർന്നു. മൂന്നു വയസ്സായപ്പോൾ മുത്തച്ഛൻ കുട്ടിക്ക്‌ മൂന്നു ചക്രമുളള ഒരു സൈക്കിൾ വാങ്ങിക്കൊടുത്തു.

കുട്ടി മുറിയിൽ സൈക്കിൾ ചവിട്ടി കളിച്ചു.

കേശവന്റെ ഭാര്യ ഒരു ആൺകുട്ടിയെ പ്രസവിച്ചു. കുട്ടി നടന്നു തുടങ്ങിയപ്പോൾ സൈക്കിളിനുവേണ്ടി വാശിപിടിച്ചു.

ഒരു ദിവസം പെൺകുട്ടി സൈക്കിൾ ചവിട്ടി നടന്നപ്പോൾ ആൺകുട്ടിയും സൈക്കിളിനായി കരഞ്ഞു. സൈക്കിളിനുവേണ്ടി പിടിയും വലിയുമായി.

‘മുത്തച്ഛൻ പുന്നാരമോൾക്ക്‌ വാങ്ങിക്കൊടുത്തിരിക്കുന്ന സൈക്കിൾ മോനുവേണ്ടാ. മോൻ ഇവിടേക്ക്‌ വാ. മാമനോട്‌ പറഞ്ഞു മോന്‌ അമ്മ സൈക്കിൾ വാങ്ങിച്ചു തരാം.“ കേശവന്റെ ഭാര്യ പറഞ്ഞു.

കേശവന്റെ ഭാര്യയുടെ കുത്തുവാക്ക്‌ കേട്ടപ്പോൾ മാധവന്റെ ഭാര്യക്ക്‌ ദേഷ്യം വന്നു. അവൾ വായിൽ വന്നതു വിളിച്ചു പറഞ്ഞു.

ഇരുവരും പരസ്‌പരം കുത്തുവാക്കുകൾ പറഞ്ഞ്‌ വഴക്കുണ്ടാക്കി.

വഴക്കുമൂത്തപ്പോൾ അമ്മായിഅമ്മ ഇടപെട്ടു.

എന്നിട്ടും വാക്കേറ്റം നിറുത്തിയില്ല. കൂടിക്കൂടി വരികയാണുണ്ടായത്‌.

ഈ സമയം മാധവൻ കടയിൽ നിന്ന്‌ ഊണുകഴിക്കാൻ വീട്ടിൽ വന്നു.

ഭാര്യയുടെ മേൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്‌ അനിയത്തി കലിതുളളുന്നതു കണ്ടപ്പോൾ മാധവന്‌ അടങ്ങിനിൽക്കാൻ കഴിഞ്ഞില്ല. അയാൾ ഭാര്യയുടെ ഭാഗം ചേർന്ന്‌ അനിയത്തിയെ ചീത്ത വിളിച്ചു.

അനിയത്തി കടയിലേക്ക്‌ ഫോൺ ചെയ്‌തു ഭർത്താവിനോട്‌ പറഞ്ഞുഃ ’ചേട്ടനും ചേട്ടത്തിയും എന്നെ അനാവശ്യം പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയാണ്‌ ഉടനെ വരണം.‘

കേട്ടവഴി കേശവൻ ഭാര്യയുടെ സഹായത്തിനെത്തി. കാര്യത്തിന്റെ സത്യസ്ഥിതി മനസ്സിലാക്കാതെ അയാൾ ഭാര്യയുടെ ഭാഗം ചേർന്നു ഭീഷണിമുഴക്കി.

വഴക്ക്‌ കേട്ട്‌ അയൽക്കാർ ഓടിക്കൂടി. വൃദ്ധനായ ഒരാൾ വഴക്കിന്റെ കാരണം അന്വേഷിച്ചു.

കാരണം കുട്ടികൾ തമ്മിൽ സൈക്കിളിനുവേണ്ടി പിടിവലി കൂടിയതാണെന്നു കേട്ടപ്പോൾ വൃദ്ധൻ അമ്പരന്നുപോയി.

’രണ്ടുകൂട്ടരേയും വിളിച്ച്‌ ആ വൃദ്ധൻ ഉപദേശിച്ചു.‘

’കോപം വന്നാൽ മൗനം പാലിക്കുക. കോപം വളർന്നാൽ നാശം ഭവിക്കും. ഒരുമിച്ചു കഴിയേണ്ടവരല്ലെ നിങ്ങൾ. ക്ഷമിക്കുക, പൊറുക്കുക, മറക്കുക.‘

’അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്‌ സുഖത്തിനായ്‌ വരേണം‘ എന്ന ഗുരുവചനം ഓർക്കുക.

വൃദ്ധന്റെ വാക്കുകൾ ആരും ചെവിക്കൊണ്ടില്ല. വഴക്ക്‌ മൂത്തപ്പോൾ കേശവൻ മൂന്നു ചക്രമുളള സൈക്കിൾ എടുത്ത്‌ നിലത്തടിച്ചു. അതിന്റെ ചക്രം ഊരിത്തെറിച്ച്‌ മകന്റെ നെറ്റിയിൽ കൊണ്ട്‌ നെറ്റിപൊട്ടി ചോര ഒലിച്ചു. കുട്ടി വാവിട്ടു കരഞ്ഞു ബോധംകെട്ടു വീണു.

കേശവൻ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അയാളുടെ ദേഷ്യം ചോർന്നുപോയി.

ഈ സമയം കുട്ടിയെ എടുത്തുകൊണ്ട്‌ മാധവൻ ആശുപത്രിയിലേക്കോടി.

വിവരം കേട്ടറിഞ്ഞ്‌ മാണി ആശുപത്രിയിൽ വന്നു. ആരാണ്‌ കുറ്റക്കാരനെന്ന്‌ അന്വേഷിച്ചു.

കേശവനാണ്‌ കുറ്റക്കാരനെന്നു മാധവൻ പറഞ്ഞു.

കേശവൻ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.

മക്കളുടെ വാദഗതികൾ കേട്ടപ്പോൾ പിതാവ്‌ പറഞ്ഞു.

’കുട്ടികൾ തമ്മിൽ തല്ലിയാൽ വലിയവർ ഇടപെട്ട്‌ വഴക്കുണ്ടാക്കരുത്‌. മുൻകോപമകറ്റി സ്‌നേഹം വിതച്ചാൽ ഭൂമിയിൽ മനുഷ്യന്‌ സ്വർഗ്ഗം ലഭിക്കും. കുടുംബത്തിന്റെ ഐശ്വര്യം സ്‌നേഹമാണ്‌….‘

പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ കേശവനും മാധവനും തങ്ങളുടെ തെറ്റുകൾ മനസ്സിലായി. വീണ്ടുമവർ പഴയതുപോലെ സന്തോഷത്തോടെ ജീവിതം തുടർന്നു.

Generated from archived content: story1_apr21.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here