തവളയും തുമ്പിയും

താമരച്ചിറയിൽ ഒരു തവള താമസിച്ചിരുന്നു. തവള താമരയിലയിൽ കയറിയിരിക്കാറുണ്ട്‌. ചെറിയ മീൻകുഞ്ഞുങ്ങളെ കണ്ടാൽ തവള പിടിച്ചുതിന്നും ചിറയിൽ നീന്തികളിക്കും. ഇങ്ങനെ തവള സുഖമായി അവിടെ ജീവിച്ചു.

ഒരു ദിവസം താമരയിൽ പൂവു വിരിഞ്ഞു. പൂവിൽ ഒരു തുമ്പി വന്നിരുന്നു. തുമ്പി പൂവിലെ തേൻ നുകർന്നു പാറിപ്പറന്നു നടന്നു. പിന്നീട്‌ തുമ്പി താമരയിൽ വരുന്നതു പതിവായി. തവള തുമ്പിയെ കാണാറുണ്ട്‌. തവളയുടെ നാവിൽ വെള്ളമൂറി. തുമ്പിയെ പിടിച്ചു തിന്നാൻ എന്താണ്‌ വഴി എന്നാലോചിച്ചു. അപ്പോൾ തവളക്കു ഒരു ബുദ്ധി തോന്നി. തുമ്പിയുമായി ലോഹ്യം കൂടാം, എന്നിട്ടു ചതിയിൽപ്പെടുത്തി പിടിച്ചു തിന്നാം.

തവള താമരയിൽ കയറിയിരുന്ന്‌ തുമ്പിയെ വിളിച്ചു. ‘തുമ്പി….തുമ്പി…. വന്നാട്ടെ മധുനുകർന്നു മത്തനായില്ലെ? പാട്ടു ഞാൻ പാടാം നീ നൃത്തമാടൂ’.

തവളയുടെ ക്ഷണം സ്വീകരിച്ച്‌ തുമ്പി തവളയുടെ അടുത്തു ചെന്നു. തവള താമരയിലയിലിരുന്ന്‌ പാട്ടുപാടി. തുമ്പി പാട്ടിന്‌ ഒപ്പിച്ച്‌ നൃത്തമാടി. തുമ്പി തവളയോടു കൂട്ടുക്കൂടി നൃത്തമാടുന്നതു കണ്ടപ്പോൾ താമര പറഞ്ഞു. ‘തവളയുമായുള്ള നിന്റെ കൂട്ടുകെട്ട്‌ നല്ലതിനല്ല. തവള നിന്നെ പിടിച്ച്‌ വായിലിടും സൂക്ഷിച്ചോ’.

തുമ്പിക്ക്‌ താമര പറഞ്ഞത്‌ ഇഷ്‌ടമായില്ല. തുമ്പി താമരയോടു പറഞ്ഞു ‘നീ നിന്റെ കാര്യം നോക്ക്‌ എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. നിന്റെ ഉപദേശം എനിക്കു വേണ്ട.’ തുമ്പിയുടെ സംസാരം കേട്ടപ്പോൾ താമര പിന്നെ ഒന്നും പറഞ്ഞില്ല. കണ്ടറിയാത്തവൻ കൊണ്ടറിയും. എന്നാണല്ലോ പഴമൊഴി. പറഞ്ഞാൽ മനസ്സിലാകാത്തവൻ അനുഭവം വരുമ്പോൾ പഠിക്കും എന്ന്‌ സ്വയം പറഞ്ഞു.

ഒരു ദിവസം തവള താമരയിൽ കയറി ഇരുന്നു. തുമ്പി താമരപ്പൂവിൽ വന്നിരുന്നു. പിന്നെ പാറിപ്പറന്നു നടന്നു തവളയുടെ അടുത്തു ചെന്നു. തവള ക്രോ….ക്രോ….എന്നു പാടാൻ തുടങ്ങി. തുമ്പി പാട്ടിനു അനുസരിച്ച്‌ നൃത്തം വച്ചു. പാറിപ്പറന്നു നടന്ന തുമ്പി തവളയുടെ അടുത്തു ചെന്നു. തവള നാക്കു നീട്ടി തുമ്പിയെ പിടിച്ചു. ‘ചങ്ങാതി എന്നെ വിടൂ ഞാൻ പാറിപ്പറന്നു നടക്കട്ടെ’ തുമ്പി പറഞ്ഞു.

‘ഞാൻ നിന്നെ തിന്നാൻ പോവുകയാണ്‌’ എനിക്ക്‌ വിശക്കുന്നു‘.

തവള പറഞ്ഞു. തവളയുടെ വായിൽ കിടന്നു പിടച്ചപ്പോൾ തുമ്പി താമരപറഞ്ഞ കാര്യം ഓർത്തു. താമര പറഞ്ഞതനുസരിച്ചിരുന്നെങ്കിൽ ഈ ദുർവ്വിധി വരില്ലായിരുന്നല്ലോ.

Generated from archived content: story1_apr20_07.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English