തെക്കേ വളപ്പിലെ
മാവിൻ ചുവട്ടിൽ
ചൊനക്കുത്തുളള മാങ്ങ
പെറുക്കിത്തിന്നും
വടക്കേ മിറ്റത്തെ
അടുപ്പിൻ ചുവട്ടിൽ
ചക്കക്കുരുവിട്ടു
ചുട്ടു തിന്നും
പച്ചച്ച പാടത്തെ
തുമ്പിക്കു പിറകേ
ഓടിക്കിതച്ചെത്തി
വാലിൽപ്പിടിച്ചും
കണ്ണീരു പോലത്തെ
അമ്പലക്കുളത്തിൽ
നീന്തിത്തിമിർത്തു
കലക്കി മറിച്ചും
കണ്ണു കാണാനറിയാത്ത
മുതുമുത്തശ്ശിമാരുടെ
യക്ഷികഥകൾ കേട്ടു
രാത്രിയിൽ
ഉറക്കെക്കരഞ്ഞും
ബാല്യമേവം
കഴിഞ്ഞു പോയെന്നുടെ
ഭാഗ്യമെല്ലാം
ചോർന്നുപോയി.
Generated from archived content: poem2_july2_05.html Author: santhosh_vavakkad