ദൈവം ആദിപിതാക്കളെ
സൃഷ്ടിച്ചപ്പോൾ
മനുഷ്യർക്കു വിധികളില്ലായിരുന്നു.
ചെകുത്താൻ മനുഷ്യനെ
പാപം ചെയ്യിച്ചപ്പോൾ
അവർക്കു ദുർവിധികളുണ്ടായി.
പറുദീസ നഷ്ടപ്പെട്ടു
അതുകൊണ്ടു വിധി ദൈവികമല്ല
അതു പൈശാചികമാണ്
അതിനാൽ വിധിയെ
നിഷേധിക്കുന്നവരാണ്
ദൈവമക്കൾ.
വിധിയെ അംഗീകരിക്കുന്നവരല്ല
സൽക്കർമ്മം ചെയ്തിട്ടും
നമുക്കു പറുദീസ
സ്വന്തമാകുന്നില്ലെങ്കിൽ
അതു നമ്മുടെ കുറ്റമല്ല
നാം ചെകുത്താന്റെ
ലോകത്തു ജീവിക്കുന്നതുകൊണ്ടാണ്
നാം വിധിയെ കീഴടക്കുന്നതും
ദൈവത്തെ അറിയുന്നതും
ദരിദ്രരുടെയും പീഡിതരുടേയും വിധി
തിരുത്തിയവരാണ് മഹാത്മാക്കളും പ്രവാചകരും
പാപികളുടെ വിധി
തിരുത്തുവാനാണ്
ദൈവപുത്രൻ
മന്നിൽ ഭൂജാതനായത്
ജാതകങ്ങൾ തിരുത്തുവാനാണ്
അവതാരങ്ങളുണ്ടായത്
പിന്നെ എങ്ങനെയാണ്
വിധി ദൈവത്തിന്റേതാകുന്നത്?
പിശാച് ദുഷ്‌കർമ്മം ചെയ്ത്
മനുഷ്യജീവിതത്തിൽ
ദുർവ്വിധി വരുത്തിയിട്ട്
ദൈവത്തെ പ്രതിക്കൂട്ടിലാക്കുന്നു.
Generated from archived content: poem9_july26_07.html Author: rocky_paruthikkadan