“ഓ ഈ മുടിഞ്ഞ പണ്ടാറം കഴിഞ്ഞില്ലേ?” ദൂരദർശന്റെ തിരുവനന്തപുരം ചാനലിൽ ഞായറാഴ്‌ച വൈകീട്ടുള്ള മലയാളസിനിമ കാണാൻ അയൽവക്കത്തെ വീട്ടിൽ വന്ന കാളിയമ്മയുടെ ചോദ്യം. “കയിഞ്ഞ അഞ്ചോസായി ഈ കിറുക്കു കളി തുടങ്ങിയിട്ട്. ടെസ്‌റ്റാണത്രേ. മര്യാദയ്‌ക്ക് മനുഷ്യര് കണ്ടോണ്ടിരുന്ന ‘സാഗരം’ കണ്ടിട്ട് ആയ്‌ച ഒന്നായി. ത്രീ ഒരു പുന്യം എങ്ങനായീന്ന് ആക്കറിയാം. വത്സനെ മുരളി കെട്ടിയോ? മുടിഞ്ഞുപോകത്തേയുള്ളൂ ടീവിക്കാര്. ആഴ്‌ചേല് പത്തോസമുണ്ടെങ്കീ ഒന്നുകീ ക്രിക്കറ്റ്, അല്ലെങ്കിൽ ഹേവാർഡ് ചലചിത്രോത്സവം, ഈ പണ്ടാറോക്കെ കാണിച്ചിട്ട് ആരിക്ക് എന്തുഗുണം? വല്ല നാടകമോ സിനിമേക്കേണങ്കീ പത്തേരിക്ക് കാണായിരുന്നു. തിരുവനന്തപുരം ടീവിലാണെങ്കീ ഒരു നല്ല സിനിമേണ്ടായിട്ട് കൊല്ലോന്നായി. എന്നാലും ഈ അലമ്പ് കളീനേക്കാളും നൂറേ ഭേദം ഹേവാർഡ് സിനിമ തന്നേയിരുന്ന്” കാളിയമ്മേടെ സംസാരം കളി കണ്ടിരുന്നവരാരും ശ്രദ്ധിച്ചില്ല.
“ആ സിക്‌സർ…സിക്‌സർ! അകത്തിരുന്ന കമലൻ ഒച്ചപ്പാടുണ്ടാക്കി. ”ഓ സച്ചിന്റെ ഒരടിയേയ്…രാജപ്പന് സന്തോഷം സഹിക്കവയ്യാണ്ടായി.
“ഓ പണ്ടാറങ്ങളുടെ ഒച്ചപ്പാട് കേട്ടില്ലേ? ലോട്ടറി കിട്ട്യാൽ പോലുമുണ്ടാവില്ല. അത്രേം സന്തോഷം. സിക്‌സറ് മണ്ണാങ്കട്ട, ഈ വട്ട്‌കളി തുടങ്ങാൻ പോകുംമുമ്പെ നമ്മുടെ ടീമിനെ പൊട്ടിക്കാനായിട്ട് പണക്കാരൻ ബെറ്റുകാരന്റേക്കെ കൈയ്യീന്ന് ഈ കളി കളിക്കുന്നവര് പൈസാ വാങ്ങീട്ടുണ്ടാവൂന്നാ വീട്ടിലെ ചോതി ചേട്ടര് പറഞ്ഞിരിക്കുന്നെ. കളി കഴിയുമ്പേണങ്കീ തോറ്റൂരിക്കും. എന്നട്ടാ അവന്റക്കെ സച്ചിൻ. ഇതൊക്കെ കാണുന്ന സമയൂണ്ടെങ്കീ പത്ത് പുല്ലരിഞ്ഞ് പശൂന് കൊടുത്തൂടെടാ. സച്ചിനെ നന്നാക്കാൻ നിക്കണ്. നീയൊക്കെ പണിക്കുകൂടി പോവാതെ ഇതും കണ്ടിരിക്കുന്നതുകൊണ്ടാ കൊക്കള്ളക്കാരനും പേൻ ആന്റ് ലവ്‌ലിക്കാരനും കാശുകൊടുത്ത് ടീവീല് പരസ്യോം കാണിച്ച് കച്ചോടം കൂട്ടണത്…” കാളിയമ്മേടെ വർത്തമാനം അകത്താരും ശ്രദ്ധിച്ചില്ല.
‘ബൗൾഡ്’ ടിവിയിലെ ക്രിക്കറ്റ് കമന്റേറ്റർ അലറി വിളിച്ചു. ‘അയ്യോ സച്ചിൻ ഔട്ടായെടാ…’ അച്ഛൻ മരിച്ചപ്പോൾപോലും കരയാതിരുന്ന കമലൻ പൊട്ടിക്കരഞ്ഞു. കരച്ചിലിന്റെ അർഥം മനസിലാകാതെ ടി വിയിൽ സിനിമ ഇല്ലാത്ത ദു;ഖത്തിൽ കാളിയമ്മ തിരികെ നടന്നു.
Generated from archived content: story1_mar30_07.html Author: riyad_cherai