മനസ്സിലുളളത്‌…

‘സർഗ്ഗാത്മകനെ ഒരു വർഷത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തിരിക്കുന്നു’ പത്രവാർത്ത കണ്ട്‌ ഒന്നു കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു സർഗ്ഗാത്മകൻ. കാരണം വളരെ വലുതായിരുന്നു. ജില്ലയിലെ തിരഞ്ഞെടുപ്പു അടുക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന ഒരോല പാർട്ടിയുടെ ഒരു മുഴുത്ത മണ്‌ഡലം നേതാവ്‌ തന്നെയായിരുന്നു ഇന്നലെവരെ അയാൾ. മണ്‌ഡലത്തിലെ വലിയൊരു നേതാവായിരുന്നെങ്കിലും വീടിനടുത്തുളളവരെപോലും കൃത്യമായി അയാൾ അറിയുമായിരുന്നില്ല. ആ പാർട്ടിയുടെ ഏതു പണം വിഴുങ്ങൽ പരിപാടികളിലും മുന്നിൽ നിൽക്കുന്നത്‌ അയാളായിരിക്കും. അയാളേക്കാൾ ഒരുപടികൂടി ഉയർന്ന ജില്ലാ പ്രസിഡണ്ടായ മുരുകൻജിയെ ചോദ്യം ചെയ്‌തതാണ്‌ അയാളെ ആ പാർട്ടിയിൽ നിന്നും സസ്‌പെൻഡ്‌ ചെയ്യാനുളള കാരണം.

‘തിരഞ്ഞെടുപ്പല്ലേ അടുത്തുവരുന്നത്‌. താൻ വിചാരിച്ചാലും ചിലതൊക്കെ നടക്കില്ലേ?’ പത്രവാർത്ത കണ്ട്‌ അയാളെ അന്വേഷിച്ചുവന്ന യൂത്ത്‌ നേതാവിന്റെതായിരുന്നു ചോദ്യം.

ഈ പാർട്ടിയുണ്ടാക്കിയത്‌ എന്റെ അച്‌ഛനും വടക്കേതിലെ തോമാസേട്ടനുമൊക്കെ കൂടിയാ. എന്നിട്ടിപ്പോൾ രൂപീകരിച്ചവന്റെ മകനെ സസ്‌പെൻഡ്‌ ചെയ്‌തു. എന്നെ സസ്‌പെൻഡ്‌ ചെയ്‌ത അവനെയൊക്കെ തോല്‌പിക്കാതെ എനിക്കിനി ഉറക്കമില്ല.‘ ആവേശത്തോടെ നെഞ്ചിൽ കൈവച്ചുകൊണ്ടാണ്‌ സർഗ്ഗാത്മകനതു പറഞ്ഞത്‌.

ഇലക്‌ഷൻ പ്രഖ്യാപിച്ചുകൊണ്ട്‌ പത്രങ്ങളിൽ വാർത്തകൾ വന്നത്‌ വെണ്ടയ്‌ക്ക അക്ഷരത്തിലായിരുന്നു.

ദിവസങ്ങൾക്കു വേഗത കൂടുതലായിരുന്നു.

’സ്ഥാനാർത്ഥി നിർണയം എന്തായി? വഴിയിൽ വച്ച്‌ കണ്ട ശരണാർഥി എന്ന യൂത്ത്‌ നേതാവിനോടയാൾ രഹസ്യമായി ചോദിച്ചു.

‘കോലക്കാവ്‌ പളളീലെ ഒരു കപ്യാരാത്രെ. തീരുമാനം കൃത്യമായിട്ടില്ല.’

‘ഇലക്‌ഷൻ ജയിച്ചിട്ടുവേണം എന്റെ വീടുപണി ഒന്നു ഫുളളാക്കാൻ.’ പൊങ്ങന്റെ തമാശ ആരും ശ്രദ്ധിക്കാത്തപോലെ തോന്നി.

‘സസ്‌പെന്റു ചെയ്‌തിട്ട്‌ രണ്ടുമാസമല്ലേ ആയുളളൂ. എന്നിട്ടിപ്പോ ധൃതിപിടിച്ച്‌ തിരികെയെടുത്താൽ ആളുകളെന്തു പറയും?’ ചോദ്യം പൊങ്ങന്റേതു തന്നെയായിരുന്നു.

‘സസ്‌പെൻഷനല്ലേടോ! അതു നമ്മുടെ പാർട്ടിയുടെ ഒരടവല്ലേ’- കേശുവേട്ടൻ പറഞ്ഞത്‌ കേട്ടപ്പോൾ മണ്‌ഡലം കമ്മിറ്റിക്കാരുടെ മുഖത്ത്‌ ചിരിയമിട്ട്‌ പൊട്ടി.

‘പക്ഷെ സർഗ്ഗാത്മകൻ പ്രവർത്തിക്കാൻ തയ്യാറാവ്വോ. ജന്മം പോയാൽ ഇനിയീ പാർട്ടിയിലേക്കില്ലെന്നല്ലേ അയാൾ പറഞ്ഞു നടക്കുന്നത്‌. ഇക്കഴിഞ്ഞ ദിവസം പത്രത്തിലയാൾ പ്രസ്താവനയും കൊടുത്തല്ലോ! എന്തോ പുതിയ പാർട്ടി രൂപീകരിക്കാൻ പോകുന്നെന്നോ മറ്റോ!’ സൽഗുണനാണതു ചോദിച്ചത്‌.

താനെന്തൊരു രാഷ്‌ട്രീയക്കാരനാടോ? പ്രവർത്തിക്കാത്തവനും പ്രവർത്തിക്കാനല്ലേ മോഹനവാഗ്‌ദാനങ്ങൾ നൽകുന്നത്‌. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടീന്ന്‌ ഈ സീറ്റിൽ അയാളെ മത്സരിപ്പിക്കാമെന്നയാളോടങ്ങാട്ടു പറഞ്ഞേക്കണം. സീറ്റെന്നു കേട്ടാൽ വീഴാത്ത രാഷ്‌ട്രീയക്കാർ നമ്മുടെ പാർട്ടിയിൽ ഉണ്ടോടോ? കേശുവേട്ടന്റെ മറുപടി എല്ലാവർക്കും തൃപ്‌തികരമായിരുന്നു.

പിറ്റേന്നു തന്നെ തലമൂത്ത നേതാവ്‌ മുരുകൻജി, സർഗ്ഗാത്മകനുമൊന്നിച്ച്‌ പത്രസമ്മേളനം നടത്തി.

‘ഞങ്ങള്‌ വഴക്കടിക്കാറുണ്ട്‌. പക്ഷേ ഞങ്ങൾ എപ്പോഴും ഒന്നാ. ഞങ്ങളുടെ പാർട്ടിയെന്നാൽ ഞങ്ങൾക്ക്‌ അമൃതാണ്‌.“

പത്രസമ്മേളനം നടക്കുമ്പോഴും മുരുകൻജിയുടെ മനസ്സിൽ ഇലക്ഷൻ കഴിയുമ്പോൾതന്നെ സർഗ്ഗാത്മകനെ പുറത്താക്കുന്നതിനെ പറ്റിയുളള ചിന്തകൾ മാത്രമായിരുന്നു.

Generated from archived content: story1_feb23.html Author: riyad_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English