പണ്ടം

ഇന്നും ഭാര്യയെ വിളിക്കാൻ ചെന്നു.

ഒന്നര വർഷമായി ഭാര്യ അവളുടെ വീട്ടിലാണ്‌. മാസത്തിൽ നാലു തവണയെങ്കിലും വിളിക്കാൻ ചെല്ലും. അപ്പോഴൊക്കെയും അവളുടെ തന്ത തടസ്സം നിൽക്കും.

കാരണം മറ്റൊന്നുമല്ല.

മകൾക്ക്‌ തന്ത പത്തെഴുപതു പവന്റെ സ്വർണം കൊടുത്തിരുന്നു. ഇപ്പോൾ മകളുടെ ശരീരത്തിലുളളത്‌ വെറും പത്തുപവന്റെ ആഭരണം മാത്രം!

കൊപ്രാ കച്ചവടത്തിൽ കടം വന്ന്‌ ആഭരണങ്ങൾ ഒന്നൊന്നായി എടുത്തു വിറ്റു. കച്ചവടം പച്ച പിടിച്ചാൽ നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുവരുമെന്ന്‌ വിശ്വസിച്ചു. എന്നാൽ ഇതുവരെ കച്ചവടം പച്ച പിടിച്ചില്ല.

ഇന്നും അയാൾ ഭാര്യയുടെ അച്‌ഛനോട്‌ ആവശ്യപ്പെട്ടു. ‘മല്ലികയെ എന്റെ കൂടെ അയയ്‌ക്കണം.’

‘നീയെടുത്ത പണ്ടങ്ങളൊക്കെ കൊണ്ടുവായോ. എന്നിട്ടവളെ കൂട്ടിക്കൊണ്ടു പൊയ്‌ക്കോ.’

‘പണ്ടങ്ങളില്ലാതെ പറഞ്ഞയക്കില്ല. അല്ലേ?’

ലേശം കടുത്ത സ്വരത്തിലാണ്‌ അയാളത്‌ ചോദിച്ചത്‌.

കടുത്ത സ്വരത്തിൽ തന്നെ മറുപടിയും വന്നു. ‘ഇല്ല’

അയാൾ അടുക്കളയിലേക്ക്‌ ഓടി.

ഭാര്യ അവിടെ ഉപ്പേരിക്ക്‌ പച്ചക്കായ അരിഞ്ഞുകൊണ്ടു നിന്നിരുന്നു.

അവളുടെ കൈയിൽ നിന്നു കത്തി വാങ്ങി അയാൾ മുൻവശത്തേക്കു വന്നു.

മരുമകന്റെ ഭാവമാറ്റവും കൈയിലെ കത്തിയും കണ്ട തന്ത ഒന്നു ഞെട്ടി.

തന്ത ചാരുകസേരയിൽനിന്നു എഴുന്നേൽക്കാൻ ഒരുങ്ങി.

‘നിങ്ങൾക്ക്‌ പണ്ടമല്ലേ വേണ്ടത്‌? ദാ, പിടിച്ചോ’ അയാൾ താനിട്ടിരുന്ന ഷർട്ട്‌ വലിച്ചുകീറി വയറ്റത്തൊരു കുത്ത്‌!

കുടലും പണ്ടവും പുറത്ത്‌!

അയാൾ തന്തയുടെ മുന്നിൽ കുഴഞ്ഞു വീണു.

Generated from archived content: story2_may7.html Author: rehman_vaadanappally

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here