ഇപ്പോൾ അറബിയുടെ മുഖം ശാന്തമാണ്. പ്രസന്നമാണ്. “തസ്‌വി” എന്ന ജപമാലയുടെ മണി അലസമായി ഉരുട്ടിക്കൊണ്ടു അയാളങ്ങനെ സെറ്റിയിൽ ചാരിക്കിടക്കയാണ്.
ഇപ്പോൾ അയാളുടെ മനസ്സും ശാന്തമായിരിക്കുമെന്നു ഞാൻ ഊഹിച്ചു. എന്റെ പ്രശ്‌നം അവതരിപ്പിക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് എനിക്ക് തോന്നി.
അറബിയുടെ മുന്നിൽ ചെന്നു നിന്നിട്ട് വലിയ മുഖവുരയൊന്നും കൂടാതെ എനിക്ക് വശമായ അറബിയിൽ തന്നെ ഞാൻ പറഞ്ഞുഃ ‘എനിക്ക് ശമ്പളം എന്തെങ്കിലും കൂട്ടിത്തരണം.’
ഇത് പറയുമ്പോൾ ഞാൻ നടുവളയ്‌ക്കുകയോ തല ചൊറിയുകയോ ചെയ്‌തില്ല. ഇവിടെ അതിന്റെ ആവശ്യമില്ലല്ലോ.
അറബിക്ക് അത്ഭുതം!
‘ഞാൻ നിനക്ക് തരുന്ന റിയാലിന് ഇന്ത്യയിലെ നാലായിരം രൂപാ കിട്ടുമെന്ന് എനിക്കറിയാം.’
‘അതിന് ഞാൻ ജോലി ചെയ്യുന്നത് ഇന്ത്യയില്ലല്ലോ.’
‘ശമ്പളം കൂട്ടിത്തരാൻ അതിന് മാത്രം എന്തു ജോലിയാണ് നിനക്കിവിടെയുളളത്?’
ഞാനിവിടെ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലിയൊന്നും ഇയാൾ കാണുന്നില്ലെന്നോ?
എന്റെ നാവിന്റെ കെട്ടുപൊട്ടി.
‘ഈ വീട്ടിലുളളവർക്കൊക്കെ ഭക്ഷണമുണ്ടാക്കുന്നത് ഞാനല്ലേ? ഇവിടെ മിനിട്ടിന് മിനിട്ടിന് വന്നുകേറുന്ന വിരുന്നുകാർക്കൊക്കെ ’കഹ്‌വ‘യും സുലൈമാനിയും ഉണ്ടാക്കിക്കൊടുക്കുന്നത് ഞാനല്ലേ? കാറും കക്കൂസും കഴുകുന്നില്ലേ? വസ്‌ത്രങ്ങൾ ഇസ്‌തിരിയിടുന്നതും ഷൂ പോളീഷ് ചെയ്യുന്നതും പണിയല്ലേ? ദിവസത്തിൽ ഒരു പത്ത് പ്രാവശ്യമെങ്കിലും സൂപ്പർമാർക്കറ്റിൽ പോയി സാമാനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നില്ലേ? ഇവിടെ ആടിനെ കറക്കുന്നതും ഇവിടത്തെ കുട്ടിയെ നോക്കുന്നതും ഞാൻ തന്നെയല്ലേ? വെളളിയാഴ്‌ചപോലും എനിക്ക് ലീവ് തരാറുണ്ടോ?
ഇത്രയും ഞാൻ ഒറ്റവീർപ്പിലങ്ങ് പറഞ്ഞുനിർത്തി.
അറബി തസ്‌വി ടീപ്പോയിമേലിട്ട് തെല്ലൊന്ന് മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് -ഈ ശമ്പളത്തിന് നിൽക്കാനിഷ്‌ടമില്ലെങ്കിൽ നിനക്കിവിടന്ന് പോകാം. എനിക്ക് ഇതിലും കുറഞ്ഞ ശമ്പളത്തിന് വേറെ ആളുകളെ കിട്ടും. അതും പെണ്ണുങ്ങളെ… ശ്രീലങ്കയിൽനിന്നോ, ബംഗ്ലാദേശിൽനിന്നോ പതിനെട്ടും ഇരുപതും വയസ്സായ ചെറുപ്പക്കാരികളെ… കനത്തമീശക്കിടയിൽ ഊറിവന്ന ചിരിയോടെ അറബി ചോദിച്ചു.
’അവർ എല്ലാപണികളും ചെയ്യും. അവർ ചെയ്യുന്ന പണികളൊക്കെ നിനക്ക് ചെയ്യാൻ കഴിയോ?“
‘കഴിയില്ല.’
ഞാൻ തോൽവി സമ്മതിച്ചു തൽക്കാലം കീഴടങ്ങി.
Generated from archived content: story1_dec17_05.html Author: rehman_vaadanappally