ഒരിക്കൽക്കൂടി

പിറക്കണം വീണ്ടും ഒരു ശിശുവായി,

കളിക്കണം മണ്ണിൽ കരഞ്ഞലറണം

എനിക്കുവീണ്ടുമീപ്രപഞ്ചബിന്ദുവിൽ

ഒരു പുതുശക്തി സമാഹരിക്കണം.

കഴിഞ്ഞതൊക്കെയും നിറഞ്ഞതെറ്റുകൾ

തിരുത്തിവീണ്ടുമാ കരുത്തനാകണം

എനിക്കു നഷ്‌ടമായ്‌ കഴിഞ്ഞജീവിതം

ചപലതകളിൽ പൊലിഞ്ഞു സ്വപ്‌നങ്ങൾ

പുതിയ മോഹങ്ങൾ കിളിർക്കും ബാല്യത്തിൻ

കളിയിടങ്ങളിൽ തിമിർത്തു തുളളണം

അറിയാതെ സ്വയം പൊലിഞ്ഞുപോയൊരാ

കരളിൻ ദാഹങ്ങൾ തിരിച്ചെടുക്കണം.

ത്രസിക്കണം പുതുയുവത്വം നെഞ്ചിലാ

നുണയണം മധു മതിവരുവോളം

അപക്വജീവിതം തകർത്ത ജന്മത്തെ

കവർന്നെടുക്കണം അദമ്യസായൂജ്യം

എനിക്കുവേണമാപുതിയ സാമ്രാജ്യ-

മടക്കി വാഴുവാൻ പുതുസിംഹാസനം

അതിലനിഷേധ്യമമരണമെന്റെ

അലറുമാജ്ഞകൾ ചെവിക്കൊണ്ടീടുവാൻ

അനുചരരേറെയെനിക്കു വേണമാ

അടിമകളെപ്പോൾ നമിച്ചു നിൽക്കുവാൻ

എനിക്കു വാഴണമധിപതിയായി

പ്രപഞ്ചത്തെക്കീഴിലമർത്തി നിർത്തണം

എനിക്കു വേണമാ പുതിയ ജന്മമീ

വിജയത്തിൻ കൊടിയുയർത്തുവാനായി

വരിക ജീനിയെൻ കരത്തിലേകുക

കുതിക്കുമശ്വമായ്‌ പടനയിക്കുവാൻ

Generated from archived content: poem6_july9_05.html Author: ravi_tk_varappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English