താഴെ തെരുവിലെ
പേരില്ലാ ഭ്രാന്തിപ്പെണ്ണിൻ
അലർച്ച രാവിന്റെ നോവെന്നറിയുന്നു
നഗ്നയാണവൾ നാടിന്നു-
നാണമായവൾ
നാരിമാർക്കെന്നും നാണക്കേടവൾ
നേരം പുലർന്നെന്നാൽ
കൺമുന്നിൽ അവളാവും
സ്വയം ഞാൻ ശപിക്കുന്നു
‘ഇന്നത്തെ ദിവസവും നാശമായല്ലോ ശിവ!’
തെരുവിൽ നിന്നുമവൾ
അകലെ മായുമ്പോഴും
മനസിൽ മായാതെയാ
നോക്കിന്റെ തീനാമ്പുകൾ
ഞാനെന്റെ ടെറസ്സിലെ
ചാരുകസേര പൂകി
ഇപ്പോഴും കാണാകുന്നു
വാനക്കാഴ്‌ച, താഴെ-
ഉറുമ്പുപോലെ മർത്ത്യർ
ഇഴയും പാതാളത്തിൽ
ഉയരും പൊടുന്നനെ
തെരുവിൻ നിലവിളി
വനരോദനമായിട്ടൊടുങ്ങും വേഗം തന്നെ
കൊലയോ കൊളളിവെപ്പോ
നാളത്തെ വാർത്തയാവാം
ചിലപ്പോൾ കേൾക്കാം
മദ്യപാനിതൻ പേക്കൂത്തുകൾ
അപ്പോഴെൻ ചാരെവരും
കുട്ടനോടായി ചൊല്ലി.
കണ്ണുകൾ അടയ്‌ക്കുക
കാതുകൾ പൊത്തീടുക
മുകളിൽ നോക്കീടുക
താരവും ചന്ദ്രികയും
തെളിയും വാനം എത്ര-
മോഹനം ചേതോഹരം!
അമ്പിളിമാമനെ ഞാൻ
ഇറുത്തു തരട്ടെയോ
അല്ലലേതുമില്ലാതെ
പാൽക്കഞ്ഞി കുടിക്ക നീ…
ഇന്നുമാ ഭ്രാന്തിത്തളള
വന്നുവോ… പപ്പാ…യെന്നു
ചൊല്ലുന്ന കുഞ്ഞിനോട്
കണ്ണുകളുരുട്ടി ഞാൻ
പേടിയാലോടി കുട്ടൻ
അകം ചെന്നുറക്കമായ്.
ഇന്നത്തെ പുലരിയിൽ
കാണരുതെന്നാശിച്ചു
ഭ്രാന്തിയൊ തെരുവിനെ,
ഭീകര സത്യങ്ങളെ
പെട്ടെന്ന് കണ്ണിലൊരു
കൊളളിയാൻ മിന്നി
ഉളളിൽ വിസ്‌മയ പൂരത്തിന്
വെടിക്കെട്ടായി പിന്നെ.
നഗ്നയാം ഭ്രാന്തിയിപ്പോൾ
തിളങ്ങും വേഷമിട്ട്
ചുണ്ടിൽ ചെഞ്ചായം തേച്ച്
വെളുക്കെ പുഞ്ചിരിച്ച്
വസ്‌ത്രത്തിൻ വിലങ്ങനെ
അക്ഷരക്കൂട്ടു കണ്ടു
സ്‌പോൺസേർഡ് ബൈ
ഫോറിൻ കൂൾഡ്രിങ്ക്‌സ്
സ്വപ്‌നങ്ങൾ ഫ്രീയായുണ്ട്
കുടിക്കാൻ മധുവൂറും പാനീയം
വിദേശികൾ ഇറക്കിയിരിക്കുന്നു
കുടിപ്പിൻ ആനന്ദിപ്പിൻ
അത്ഭുതം കണ്ണിൽ കത്തി
കുട്ടനെ കാണിച്ചു ഞാൻ
നോക്കുവിൻ ഭ്രാന്തിയിപ്പോൾ
എത്ര സുന്ദരി! എന്നും-
കണികണ്ടുണർന്നീടിൽ
ഗുണമേ ഭവിച്ചിടൂ…
Generated from archived content: poem12_july20_05.html Author: rajesh_aniyaram