സൂര്യൻ ചക്രവാളസീമയെ പുണരാനടുത്തുകൊണ്ടിരിക്കെ ബീച്ചിലെ പൊടിമണ്ണിൽ ഓടിക്കളിക്കുന്ന സാജുവിനെത്തന്നെ ഇമവെട്ടാതെ ശ്രദ്ധിച്ചുകൊണ്ടിരിക്കയായിരുന്നു സൗമ്യ. അടുത്തിരുന്ന ഭർത്താവിന്റെ സാമീപ്യം പോലും അവൾ അറിഞ്ഞിരുന്നില്ല. കടൽക്കരയിൽ കുട്ടികളുടെ കളികൾക്കിടയിലും സായാഹ്‌ന ഉല്ലാസത്തിനെത്തിയ വിവിധ ഭാഷക്കാരുടെയും കച്ചവടക്കാരുടെയും ശബ്‌ദങ്ങൾക്കിടക്കും അവളെ ഏകാന്തമായൊരു മൂകത വലയം ചെയ്‌തിരുന്നു.
ഭാര്യയും ഭർത്താവും നിശ്ശബ്‌ദം. തിരകൾ ആഞ്ഞടിക്കുന്ന ശബ്‌ദം.
കരയിലേക്കടിച്ചുകയറുന്ന തിര തൊടുവാനുളള ശ്രമത്തിലാണ് സാജു. തിരെ തൊടുവാനായി അവൻ അതിന്റെ പിന്നാലെ പാഞ്ഞു.
‘സാജൂ…’ അവൾ തിരഞ്ഞു.
അവൾ ഓടിച്ചെന്നു സാജുവിന്റെ കൈക്ക് കടന്നുപിടിച്ചു. പിന്നിൽ തിര പൊട്ടിച്ചിരിച്ചു. കുട്ടിയും സൗമ്യയും തിരയുടെ ലാളനമേറ്റു. അവന്റെ ശിരസ്സിൽ തെറിച്ചുവീണ വെളളം സാരിത്തലപ്പുകൊണ്ട് ഒപ്പിയെടുത്തു. കുട്ടിയേയും അടക്കിപ്പിടിച്ചുകൊണ്ട് അവൾ ഭർത്താവിന്റെ അടുത്തെത്തി. അയാൾ യാന്ത്രികമായി എഴുന്നേറ്റു. മന്ദം നടന്നു. ഒപ്പം അവളും കുട്ടിയും. കുട്ടി ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു.
‘ഡാഡി, ഈ കടലു കടന്നാൽ നാം എവിടെ എത്തും?“ രഘുനാഥ് സൗമ്യയെ നോക്കി.
കടൽവെളളം തെറിച്ചുവീണിട്ടോ, അതോ കണ്ണുനീരോ? സൗമ്യയുടെ നേരെ നോക്കുവാനുളള ധൈര്യം ചോർന്നുപോകുന്നോ? താൻ യാതൊരു അപരാധവും ചെയ്‌തില്ലല്ലോ.
’ഡാഡീ, ചോദിച്ചതു കേട്ടില്ലേ? നാം എവിടെയെത്തും?‘
കൃത്രിമമായൊരു പുഞ്ചിരി വിരിയിച്ചിട്ട് അയാൾ പറഞ്ഞു. ’കടലുകടന്നു ചെന്നാൽ… ചെന്നാൽ…(
അയാൾ സൗമ്യയെ ഒളിക്കണ്ണിട്ടു നോക്കി. അവളുടെ കണ്ണിലും ചുണ്ടുകളിലും ദുഃഖത്തിന്റെ നിഴലുകൾ!
ഇതെന്തൊരു വിധി!
‘പറയൂ ഡാഡി.’
‘നമുക്ക് ആഫ്രിക്കയിലെത്താം. അതിനുമുമ്പ് ലക്ഷദ്വീപിലുമെത്താം.’
‘എനിക്കു പോകണം. ഈ കടലിലൂടെ ഞാൻ തുഴഞ്ഞുപോകും.’ സാജുവിന് പതിവിലേറെ ഇന്ന് ആഹ്ലാദമുണ്ട്.
ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ സൗമ്യയുടെ കണ്ണുനീർ തുടച്ചിട്ടു പറഞ്ഞു.
”നമുക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ. എവിടെയെല്ലാം പോയി, എത്രയെത്ര സ്‌പെഷലിസ്‌റ്റുകൾ. എത്രയെത്ര ദൈവങ്ങൾ. എല്ലാവരും നമ്മെ കൈവെടിഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷം നമ്മുടെ ദുഃഖങ്ങൾക്ക് തിരശ്ശീലയിട്ടുകൊണ്ട് ആശ്വാസം പകർന്നു തന്നത് അവനായിരുന്നു.‘
അവളുടെ കവിളിലൂടെ മിഴിനീരൊഴുകി. അയാൾ അത് വീണ്ടും തുടച്ചിട്ടു പറഞ്ഞു.
’നാളെ വൈകിട്ട് നാലരക്കുളള ഫ്‌ളൈറ്റിൽ അവർ വരും, അവർ അവനെ കൊണ്ടുപോകും.‘
ആകെ തകർന്ന് പോകുന്നു. അവൾ വിങ്ങിക്കരഞ്ഞു. ഭൂമി കീഴ്‌മേൽ മറിയുന്നതുപോലെ തോന്നി.
’എല്ലാം ഞാനോർക്കുന്നു സൗമ്യേ. അന്ന് അവന് മൂന്നുവയസ്സ് പ്രായം, ചുരുങ്ങിയ അഞ്ചുവർഷങ്ങൾ!‘
അയാൾ നെടുവീർപ്പിട്ടു.
’മമ്മീ, കടലിനക്കരെ ഒരു കൊട്ടാരമുണ്ടോ?‘
ഉറക്കത്തിൽ സാജു ചോദിച്ചത് സൗമ്യ കേട്ടു. അവൾ അവന്റെ അടുത്തുചെന്നു. വാത്സല്യത്തോടെ നെറ്റിയിൽ ഉമ്മവെച്ചു.
’എന്റെ മോനേ, നീ എന്റെ ആത്മാവാണ്.‘
നിധി കാക്കുന്ന ഭൂതങ്ങളെപ്പോലെ അവർ കുട്ടിയുടെ ഇരുവശത്തും കിടന്നു.
’നാളെ നീ പോകും. നിന്റെ അമ്മ തനിച്ചാവും.‘
സൗമ്യയുടെ തേങ്ങലുകൾ-
’സൗമ്യ…‘ രഘുനാഥ് വിളിച്ചു.
’എന്റെ മോനെ ഞാനാർക്കും കൊടുക്കില്ല.‘
രഘുനാഥ് എഴുന്നേറ്റു. മുറിയിൽ നേരിയപ്രകാശം പരന്നു. അയാൾ ധർമസങ്കടത്തിലായി. സൗമ്യയുടെ സമനില തെറ്റിയിരിക്കുന്നു. സ്‌നേഹമൂറുന്ന സ്വരത്തിൽ അയാൾ വീണ്ടും വിളിച്ചു.
’വരൂ സൗമ്യേ, നമുക്ക് പുറത്തിരുന്നല്‌പം കാറ്റുകൊളളാം.‘
അയാൾ അവളുടെ തോളിൽ പിടിച്ചുകൊണ്ട് പുറത്തേക്കു നടക്കുന്നതിനിടയിൽ പറഞ്ഞു.
’നാളെ നീ വിഡ്‌ഢിത്തമൊന്നും പുലമ്പരുത്. സ്വയം നിയന്ത്രിക്കണം. അവർ അച്‌ഛനും അമ്മയും എത്ര ദാഹത്തോടെയായിരിക്കും ഓമനപ്പുത്രനെ കാണാനെത്തുന്നത്. നിനക്ക് മനസ്സിലാകില്ലേ? അവരുടെ മുന്നിൽ നമ്മുടെ ദുഃഖങ്ങൾക്ക് ആവരണമിടണം. ദുഃഖം കൊണ്ട് എന്തുനേടാനൊക്കും.‘
പൂമുഖത്തെ ചവിട്ടു പടികളിൽ ചടഞ്ഞിരുന്നു. സൗമ്യ ചിന്തിക്കുകയായിരുന്നു. നാളെ ഇവിടത്തെ ഇരുട്ടിന് കനം കൂടിയിരിക്കും. രക്ഷപ്പെടണം. ഇനി അതിനുളള മാർഗ്ഗമാരായേണ്ടിയിരിക്കുന്നു.
അവളെ കുളിപ്പിച്ച്, ഉടുപ്പിടുവിച്ച്, പൗഡറും പൊട്ടുമിട്ട് അവളുടെ കയ്യിൽ തൂങ്ങി സ്‌കൂളിലേക്ക് പോകുന്നത്, വൈകിട്ട് അവൾ സ്‌കൂളിനു മുന്നിലുളള കപ്പേളക്കു മുന്നിൽ കാത്തുനിൽക്കും. സ്‌കൂൾ വിട്ടാൽ പുസ്‌തകസഞ്ചിയുമായി ഓടിയെത്തി സഞ്ചി അവളെ ഏല്‌പിച്ചിട്ട് കയ്യിൽ തൂങ്ങി വീട്ടിലേക്കു നടക്കും. അതിനിടക്ക് നൂറുനൂറു ചോദ്യങ്ങളും.
അവൻ അമ്മയേയും അച്ഛനേയും മറന്നിട്ടുണ്ടാവും, അവരെപ്പറ്റി അവൻ ഒന്നും ചോദിക്കാറില്ലല്ലോ. അവന്റെ അച്‌ഛനും അമ്മയും അമേരിക്കയിൽ ഡോക്‌ടർമാരായി ജോലി ചെയ്യുന്നു. എല്ലാം അവനുവേണ്ടി.
മധുരസ്‌മരണകളയവിറക്കിക്കൊണ്ട് അവൾ ഒന്നു മയങ്ങി.
മേഘപാളികൾക്ക് വട്ടമിട്ട് പറക്കുന്ന കഴുകന്മാർ. ഇരമ്പിപ്പായുന്ന പ്ലെയിനിന്റെ ശബ്‌ദം. അത് വട്ടമിട്ട് പറക്കുന്നത് കാർമേഘങ്ങൾക്കിടയിലൂടെ ഇടയ്‌ക്കിടെ കാണാം. പെട്ടെന്ന് പൊട്ടിത്തെറി ശബ്‌ദം! വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ അവളുടെ ദേഹത്തു തെറിച്ചുവീണു.
പേടിപ്പെടുത്തുന്ന ശബ്‌ദത്തോടെ അവൾ ഞെട്ടിയുണർന്നു. കിതക്കുന്നുണ്ടായിരുന്നു. സുഷുപ്‌തിയിലാണ്ട ഭർത്താവിനെ അവൾ കുലുക്കി വിളിച്ചു.
’എന്തു പറ്റി?‘
ആ സ്വപ്‌നത്തെപ്പറ്റി അവൾ അയാളോട് പറഞ്ഞു. ഇരുവരും സുഖമായുറങ്ങുന്നു. സാജുവിനെ നോക്കി, അവൻ ഉറക്കത്തിൽ കരയുന്നു. അവന്റെ ചുമലിൽ തട്ടിയിട്ട് സൗമ്യ അടുത്തുകിടന്നു. ’നിന്റെ ഭാവന എത്ര കാടുകയറി!‘
’അങ്ങനെ സംഭവിച്ചെങ്കിൽ!‘ പെട്ടെന്നവൾ പറഞ്ഞുപോയി. ’സൗമ്യേ…‘ ഒരലർച്ചയുടെ ആക്കം അതിനുണ്ടായിരുന്നു. ’നിന്റെ മോഹസാക്ഷാത്‌ക്കാരത്തിന് അവർ നശിക്കണമെന്നോ?‘
സൗമ്യ മിഴിച്ചിരുന്നു. തെറ്റാണ് പറഞ്ഞത്. ചിന്തിക്കാൻ തന്നെ പാടില്ലാത്തതായിരുന്നു. ചിന്തകൾ രാക്ഷസന്മാരെപ്പോലെ ഉയർത്തെഴുന്നേൽക്കുന്നു, എന്നിട്ട് അന്ധകാരത്തിലേക്ക് ആനയിക്കുന്നു. സ്വാർഥതയുടെ രൂപമല്ലേ താൻ? ആരുമല്ലാത്ത സാജു തന്നെ വിട്ടുപോകുമ്പോൾ സഹിക്കാനാവാത്ത തന്നെക്കാൾ അവന്റെ എല്ലാമായ അവരെ വിട്ടകലുമ്പോൾ അവനെങ്ങനെ സഹിക്കും! അവൻ കുട്ടിയല്ലേ. അവന്റെ ചിന്തകൾക്ക് ചിറക് മുളച്ചിട്ടില്ലല്ലോ.
സാജുവിനെ കണ്ടാൽ ഒരു കൊച്ചു പൂമ്പാറ്റയെപ്പോലെ തോന്നും. ’അവനെ എടുത്തുകൊണ്ടുനിൽക്കേണ്ട. അവൻ തിന്നുകൊളളും.‘ ഏറോഡ്രോമിൽ നിൽക്കുമ്പോൾ രഘുനാഥ് സൗമ്യയോട് പറഞ്ഞു. ’ഞാനിവനെ ഇനി എന്നാണൊന്നെടുക്കുക. എന്റെ കൊതി തീരട്ടെ. ഇവനെ അവരെ തിരിച്ചേല്‌പിച്ചിട്ട് അങ്ങളോടൊപ്പം ഞാൻ മടങ്ങും.‘
പണിപ്പെട്ടു വരുത്തിയ മന്ദഹാസത്തോടെ സൗമ്യ പറഞ്ഞു. ’ഏതു ദുഃഖവും ചാഞ്ചല്യമില്ലാതെ നേരിടണം. ശ്രമിച്ചാൽ സൗമ്യക്കതിനു കഴിയും. ശാശ്വതമായ ഒന്നില്ലെന്നോർത്താൽ മതി.‘ സൗമ്യ ചിരിച്ചു.
’മമ്മീ, അതാ- അതാ വരുന്നു‘ അവൾ നോക്കി. അയാളും. ഒരു പൊട്ടുപോലെ. അതു വലുതായി വലുതായി വട്ടംകറങ്ങി, കാതടപ്പിക്കുന്ന ശബ്‌ദത്തോടെ റൺവെയിലൂടെ ഓടി. പിന്നെ നിന്നു. എത്രയെത്ര സ്വീകരണങ്ങൾ! എത്രയെത്ര സമാഗമങ്ങൾ! എങ്ങും ആഹ്ലാദത്തിമിർപ്പുകൾ. ’ഹല്ലോ മിസ്‌റ്റർ രഘുനാഥ്‘ ഡോക്‌ടർ ശാന്തകുമാർ രഘുനാഥിനെ ആലിംഗനം ചെയ്‌തു.
“സൗമ്യേ, ഇവൻ വളർന്നു പോയല്ലോ’ ഡോ.സുമംഗല സാജുവിനെ തലോടി. അവൻ അവരുടെ കൈ തട്ടിമാറ്റി. ‘മോനേ, നിന്റെ മമ്മി വന്നിരിക്കുന്നു. ചെല്ലു-അടുത്തേക്കു ചെല്ലൂ’. ‘വാ മോനേ, മമ്മിയൊന്നെടുക്കട്ടെ’ അവൻ താഴെയിറങ്ങി ഡോക്‌ടർ ശാന്തകുമാറിനേയും സുമംഗലയേയും മാറിമാറി നോക്കി.
അവരെ ചൂണ്ടിയിട്ട് രഘുനാഥ് സാജുവിനോട് പറഞ്ഞു. ‘മോനേ, ഇതാരെന്നറിയോ? ഇത് സാജുവിന്റെ ഡാഡി, ഇത് മമ്മി. മോനെ കാണാൻ വന്നതാണ്.’
‘എനിക്ക് ഇവിടത്തെ മമ്മിയും ഡാഡിയും മതി.’
ശാന്തകുമാറിന്റെയും സുമംഗലയുടേയും മുഖം മങ്ങിയോ? മനസ്സിൽ ചാരിതാർത്ഥ്യം പതഞ്ഞുപൊങ്ങവേ സ്‌നേഹപൂർവ്വം സൗമ്യ നിർബന്ധിച്ചു. ‘അങ്ങനെ പറയരുത് മോനേ. സാജുവിന്റെ മമ്മിയും ഡാഡിയും ഇവരാണ്.’ അവൻ സൗമ്യയെ ഇറുകെപ്പിടിച്ചു. വിടുവിക്കാനാവാത്ത പിടുത്തം. ‘മോൻ മമ്മിയെ മറന്നോ?’ ഗദ്‌ഗദത്തോടെ സുമംഗല ചോദിച്ചപ്പോൾ തളർന്നുപോയത് സൗമ്യയായിരുന്നു. ഒരമ്മയുടെ വേദന നിറഞ്ഞ ശബ്‌ദം സൗമ്യ കേട്ടു.
‘സാജു..’ സൗമ്യയുടെ വിളി അലർച്ചയോ ആജ്ഞയോ ആയിരുന്നു. സാജു പകച്ചുനോക്കി. പിന്നെ, സൗമ്യയെത്തന്നെ നോക്കിനിന്നു.
‘ചെല്ലൂ-മമ്മിയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കൂ.’
അനുസരണയോടെ അവൻ സുമംഗലയോടടുത്തപ്പോൾ സൗമ്യയുടെ മനസ്സിൽ സന്താപവും സന്തോഷവും മാറിമാറി മത്സരിച്ച് തുടികൊട്ടുകയായിരുന്നു.
Generated from archived content: story1_oct29_05.html Author: rajan_moothakunnam