ഓട്ടക്കാരൻ മുയലൊരുനാൾ
പയ്യെപ്പങ്ങിപ്പോകുന്ന
ആമയെ നോക്കി കളിയാക്കി-
എന്നോടോടി ജയിക്കാമോ?
ആമ തിരിഞ്ഞു, പുഞ്ചിരി തൂകി
സമ്മതമേകി സന്തോഷം
പന്തയമാകാം, ഓടാമല്ലോ
നാളെത്തന്നെയതിരാവിൽ
പൊൻമാൻ പാറയിൽ നിന്നു തുടങ്ങി
ചെമ്പുക്കാവിലെ കൊന്നമരത്തിൽ
ആദ്യം ചെന്നു തൊടുന്നവനല്ലോ
വിജയി, യവനൊരു ഭാഗ്യശ്രീ!
മാനും മയിലും കുറുനരിയും
പാമ്പും കീരിയുമണ്ണാനും
പ്രാവും കുയിലും കാട്ടാടുകളും
ഓട്ടം കാണാൻ കൂട്ടംകൂടി!
കുയിലുകൾ പാടി മയിലുകളാടി
പ്രാവും മാനും താളമടിച്ചു
കാട്ടാടുകളും മയിലണ്ണാനും
തുള്ളിമറിഞ്ഞു, തുടങ്ങി സർക്കസ്!
മത്സരമേളം ആനന്ദമയം
കാടിനു പുത്തനുണർവേകി
കൊട്ടും കുരവയുമുണർന്നപ്പോൾ
കേട്ടവർ കേട്ടവർ വരവായി!
കാടിനരികെ ഒരുങ്ങി ട്രാക്കിൽ
ഓടാനായിട്ടാമേം മുയലും-
മർക്കടനുടനെ കുഴലു വിളിച്ചും
മുയലു കുതിച്ചു, ആമയിഴഞ്ഞു
മുയലിന്റോട്ടം അതികേമം
കാണാനെന്തൊരു ചന്തം!
ആമയുടേതോ മന്ദഗതി
കാഴ്‌ചക്കാർക്കൊരു രസമില്ല!!!
മുയലിനു പിറകെ ഖഗവും മൃഗവും
എത്താനൊട്ടു പണിപ്പെട്ടു!
ആമയെയാരും വകവച്ചില്ല
പാവം! അവനൊരു ഇഴജീവി
ഓടുമ്പോൾ മുയൽ സ്വപ്‌നം കണ്ടു-
ആദരവാലതിയാഹ്ലാദത്താൽ
സിംഹം നിന്നു ചിരിക്കുന്നു-
ഹാരം മുയലിനു ചാർത്തുന്നു!
ജേതാവെന്നു നടിച്ചു സ്വയം
അസ്‌ത്രം പോലെ പാഞ്ഞു മുയൽ
അതിരുകടന്നൊരു മോഹം പേറി
അവന്റെ സമനില തെറ്റിപ്പോയ്!
ചെമ്പുക്കാവിലെത്തിയ നേരം
ഞെട്ടിപ്പോയി മുയൽവീരൻ
തന്നെക്കാത്താ കൊന്നമരത്തിൻ
ചോട്ടിലിരിപ്പൂ ആമച്ചാർ!
പിന്നാലെയെത്തിയ കാട്ടുമൃഗങ്ങൾ
ആമച്ചാരെ തോളിലിരുത്തി
പാട്ടുംപാടി, യാർപ്പുവിളിച്ചും
കാടും മേടും ചുറ്റിനടന്നു
ലജ്ജിതനായി മുയിലണ്ണൻ
ഓടിയൊളിച്ചു മാളത്തിൽ-
അഹങ്കരിച്ചാലിങ്ങനെയാണേ
വിനയം ഭൂഷണമേവർക്കും
എങ്ങനെയാമാ ജയിച്ചെന്നല്ലേ,
അറിയാനാഗ്രഹമുണ്ടല്ലേ?
കൊന്നമരത്തിൻ ചോട്ടിൽ കണ്ടത്
ആമച്ചരുടെ കൊച്ചേട്ടൻ!
Generated from archived content: poem4_mar5_07.html Author: rajan_moothakunnam