ഊർജ്ജത്തിന്റെ മുഖങ്ങൾ

വെളിച്ചമേകിയ

അഗ്നിഗോളം

ഊർജ്ജലോകം പടുത്തു

ഭൂമിയിൽ ജീവന്റെ

വിത്തുപാകി,

ലോകമൊട്ടും

പ്രകാശമേകി

സൂര്യനിന്നെന്തുനേടി?

വിളക്കിനു വേണ്ടി

ജീവൻ നൽകിയ

പ്രാണിക്കെന്തുകിട്ടി?

സ്‌നേഹഭൂമികയിൽ

കൊടുത്തും വാങ്ങിയും

കൂട്ടാളിക്കെന്തു ലഭിക്കാൻ

സ്‌നേഹമല്ലാതെ?

ലാഭക്കണക്കുകളില്ലെങ്കിലും

ഈ ഔഷധം

സാന്ത്വനം തേടും

മനസ്സുകൾക്ക്‌

ഒറ്റമൂലിയാണെന്നു സത്യം.

മരണാനന്തരവും

തിങ്ങിവിളങ്ങുമീ

സാന്ത്വനം മാത്രം

നിലയ്‌ക്കില്ലേതു

കാലപ്രവാഹം നിലച്ചാലും!

ഉരുകും മെഴുകും

എരിയും തിരിയും

അലിയും മനസ്സിന്റെ-

യനുഭൂതിയാകും.

അലയൊടുങ്ങാത്ത

കടലിതെന്നും

കരയാതിരിക്കുന്നു-

കരയെയോർത്ത്‌!

കാമുകൻ കടലും

കാമുകിക്കരയും

ആലിംഗനബദ്ധരായ്‌

മേവുന്നു കാലമേ

നിൻ കരുണാർദ്ര-

വേദികളിൽ.

കാലപ്പഴക്കത്തിൻ

കനംകുറഞ്ഞ്‌ കാതുകൾ

കാലം വിട പറഞ്ഞ്‌

ആരോരുമില്ലാ-

ത്തൊരാനന്ദമായ്‌

മരണവും

നമ്മെ മയക്കും!

Generated from archived content: poem5_mar21.html Author: rafeequ_puthuponnani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English