ആനകൾ-ആനകൾ

ആനകളാനകളഴകിന്റെ മൂർത്തികൾ!

ആനകളാനകളടിചത്തമൂർത്തികൾ!

മയിലാടും കാടിന്റെയോമനയുണ്ണികൾ

കിളിപാടും കാടിന്റെയോമൽത്തിടമ്പുകൾ

കുളിർകോരും ചോലയിൽ നീന്തിക്കുളിച്ചവർ

ഇല്ലിമുളം കാടിന്റെ തണലിൽ ശയിച്ചവ-

രവരിതാ നടക്കുന്നു-നാടിനിടവഴികളി

ലവരിതാ നടക്കുന്നു-കൈ,കാലിൽ ചങ്ങല!

കുടമണി കിലുക്കിയും ചങ്ങല കിലുക്കിയു-

മടിവച്ചു നീങ്ങുന്നു-കാണുക രസിക്കുക.

ഇത്തിരിപ്പോന്നവനൊത്തിരിപ്പോന്നോനെ

കുത്തിയും കൊന്നും ഭരിപ്പൂ-രസിക്കുക!

അൽപായുസ്സുളള മനുഷ്യന്റെയൽപം

രസത്തിനു-കൊഴുപ്പിനു-പെരുത്തുടലുളെളാരീ-

യാനയെത്തന്നെ തിരഞ്ഞെടുത്തുളളനിൻ

കണ്ടുപിടുത്ത കാപട്യം ഭയങ്കരം

കണ്ടുമടുത്തു ഞാനുണ്ടു നിൽക്കുന്നിതാ

മിണ്ടുവാൻ വയ്യാതനങ്ങാതെ നിൽപൂ.

അഞ്ചാറു ആളുകൾ കേറി-പ്പുറം കേറി

പഞ്ചാരി മേളം പൊടിപൊടിക്കുന്നതിൻ

ഉജ്വലകലാകേളി കേട്ടുമടുത്തു ഞാ-

നുണ്ടുനിൽക്കുന്നിതാ-നിശ്ചലം-നിർമമം.

ഇക്രൂരതക്കില്ല, മാപ്പ്‌ യെന്നാകിലും

മാപ്പുചോദിക്കുന്നു-മാപ്പ്‌-മാപ്പ്‌-മാപ്പ്‌.

ഒരുനാളെൻ കരിവരാ, നിൻമുന്നിൽ നിൽക്കും ഞാൻ

കൈകെട്ടി-നിന്നനിലയിലെ നിൽക്കും ഞാൻ

അന്നേരമെന്നെ നീ കുത്തണം-കൊല്ലണം

നിൻകൊമ്പിലെന്നു ഞാൻ പിടപിടയ്‌ക്കുന്നുവൊ

ക്രിസ്‌തുകുരിശിങ്കലെന്നപോൽ പിടയ്‌ക്കുന്നുവൊ

അന്നു ഞാൻ-ഞ്ഞാനാകും അന്നു നീ നീയാകും.

അന്നു നാം നമ്മളൊന്നായിലയിച്ചിടും

അന്നെന്റെ ദൗത്യം സഫലമായിത്തീർന്നിടും.

Generated from archived content: poem1_may17.html Author: r_nambiyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English