പറയാനൊരുപാടുണ്ടല്ലോ
പറയണമെന്നുമുണ്ടല്ലോ
പറയുവതെങ്ങനെ, അറിയാ
പറയാതിരിക്കുവാൻ വയ്യാ.
പൂക്കളിറുക്കാതിരിക്കൂ
പൂക്കളെക്കണ്ടുരസിക്കൂ
ഉണ്ണികളേ, പൊന്നുണ്ണികളേ- നിങ്ങൾ
പൂക്കളിറുക്കാതിരിക്കൂ
മണ്ണിൽവിരുന്നിനായെത്തും
വിണ്ണിന്റെ സൗരഭം – പൂക്കൾ
മണ്ണിനെപ്പൊന്നാക്കിമാറ്റും
വിണ്ണിൻ വിളക്കുകൾ – പൂക്കൾ
നാളെക്കൊഴിയൂമീപ്പൂക്കൾ
ഇന്നേയിറുക്കരുതെന്നൊ!
പൂക്കൾക്കുമുണ്ടൊരായുസ്സ്
ഓർക്കണമെപ്പൊഴുംനിങ്ങൾ
ആയുസ്സ് തീരുംവരെയും
പൂക്കൾ പുലരട്ടെ ചേലിൽ
ആയുസ്സ് തീരുംവരെയും
പൂമണം പൂശട്ടെ മേലിൽ
പൂക്കളെക്കണ്ടു രസിക്കൂ
പൂക്കളെപ്പോലെ ചിരിക്കൂ
നിങ്ങളും പൂക്കളുമൊന്നായ്
നന്നായി ചിരിച്ചുല്ലസിക്കൂ.
Generated from archived content: poem10_aug14_07.html Author: r_nambiyath