രാവിലെ മണിക്കുട്ടൻ കണ്ണുതിരുമ്മി മുറ്റത്തേക്കിറങ്ങുമ്പോൾ അവനൊരു
കാഴ്‌ചകണ്ടുഃ തേന്മാവിന്റെ ചുവട്ടിൽ തന്റെ കുറിഞ്ഞിപ്പൂച്ചയും
അണ്ണാറക്കണ്ണനും ഒളിച്ചുകളിക്കുന്നു. അവൻ അത്ഭുതത്തോടെ കുറേനേരം
നോക്കിനിന്നു. പെട്ടെന്ന് അവൻ അടുക്കളയിലേക്ക് ഓടി അമ്മയോട് കാര്യം
പറഞ്ഞു. അമ്മ വന്നുനോക്കിയപ്പോൾ കുറിഞ്ഞിപ്പൂച്ചയുടെ പുറത്ത്
അണ്ണാറക്കണ്ണൻ കയറിയിരിക്കുന്നു. “അത്ഭുതം തന്നെ!” അമ്മ പറഞ്ഞു.
കുറിഞ്ഞിയും അണ്ണാറക്കണ്ണനും നല്ല കൂട്ടുകാരായിരിക്കുന്നു. തേന്മാവിന്റെ
ചുവട്ടിൽ അവരെന്നും ഒത്തുകൂടും. ഓടിയും ചാടിയും
തലകുത്തിമറിഞ്ഞുമൊക്കെ കളിക്കും. അണ്ണാറക്കണ്ണൻ കുറിഞ്ഞിയെ
കണക്കിലേറെ വിശ്വസിച്ചിരുന്നു. ‘അണ്ണാറക്കണ്ണന്റെ വിശ്വാസം
നേടിയിട്ടുവേണം വയറ്റിലാക്കാൻ’ കുറിഞ്ഞി വിചാരിച്ചു.
ഒരുദിവസം പതിവുപോലെ അതിരാവിലെ പൂച്ചയും അണ്ണാറക്കണ്ണനും
തേന്മാവിന്റെ ചുവട്ടിൽ തുള്ളിച്ചാടിക്കളിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ
ഓർത്തിട്ടെന്നപോലെ അണ്ണാറക്കണ്ണൻ ‘ചിൽ… ചിൽ…“ എന്നു
ചിലച്ചുകൊണ്ട് ചില്ലകളിലൂടെ ചാടിച്ചാടി തേന്മാവിന്റെ ഉച്ചിയിലെത്തി.
കണ്ണൻ കാക്ക സ്നേഹത്തോടുകൂടി നൽകിയ മീനുമായി അവൾ
താഴേക്കുവന്നു. ആ മീൻ അവൾ കുറിഞ്ഞിപ്പൂച്ചയ്‌ക്ക് സമ്മാനിച്ചു. അവൾ
അത് ആർത്തിയോടെ വിഴുങ്ങി.
കുറിഞ്ഞി വിചാരിച്ചു. ’അണ്ണാറക്കണ്ണന്റെ കൂട്ടിൽ ഇനിയും ഇതുപോലെ
സ്വാദുള്ള മീനുണ്ടാകും. തക്കം കിട്ടുമ്പോൾ അതു തട്ടിയെടുത്ത്
വയറ്റിലാക്കണം‘
പിറ്റേന്ന് അണ്ണാറക്കണ്ണൻ തീറ്റതേടി എങ്ങോട്ടോ പോയി. അപ്പോൾ
കുറിഞ്ഞി വളരെ പ്രയാസപ്പെട്ട് തേന്മാവിന്റെ ചില്ലയിലുള്ള
അണ്ണാറക്കണ്ണന്റെ കൂട്ടിൽ കയറി മീൻ തേടിയെത്തിയ കുറിഞ്ഞിക്ക് ഒരു
ചെതുമ്പലുപോലും കിട്ടിയില്ല. മീനില്ലെങ്കിൽ തൽക്കാലം അണ്ണാറക്കണ്ണന്റെ
കുഞ്ഞുങ്ങളായാലും മതി. ഇത്രത്തോളം ബുദ്ധിമുട്ടി എത്തിയ നിലയ്‌ക്ക്
വെറും കൈയോടെ എങ്ങനെ പോകും? കുറിഞ്ഞിയുടെ കണ്ണുകൾ
മിന്നിത്തിളങ്ങി. പൂച്ചയെക്കണ്ട് വിരണ്ട അണ്ണാൻകുഞ്ഞുങ്ങളെ അവൾ
ആർത്തിയോടെ അകത്താക്കിയിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ ചുണ്ടും
തുടച്ച് തിരിച്ച് മാഞ്ചുവട്ടിലെത്തി.
തീറ്റ അന്വേഷിച്ച് പുറത്തുപോയ അണ്ണാറക്കണ്ണൻ തിരിച്ചെത്തി. കൂട്ടിൽ
തന്റെ കുഞ്ഞുങ്ങളെ കാണാനില്ല. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ
ചുറ്റിലുമൊക്കെ തിരക്കി. മുളങ്കാട്ടിൽ പാർക്കുന്ന കുളക്കോഴിയമ്മയോട്
കാര്യം തിരക്കി. കുളക്കോഴി പറഞ്ഞു. ’അയ്യോ…..ഞാനൊന്നും കണ്ടില്ലല്ലോ.
പാവം കുഞ്ഞുങ്ങൾ! അവരെവിടെപോയോ എന്തോ!”
‘പുറത്തെങ്ങും പോകരുതെന്ന് ഞാൻ പലവട്ടം പറഞ്ഞിരുന്നതാണ്. എന്റെ
കുഞ്ഞുങ്ങൾക്കെന്തുപറ്റിയോ എന്തോ’. അവൾ നെഞ്ചത്തടിച്ചുകരയാൻ
തുടങ്ങി. അപ്പോഴാണ് അണ്ണാറക്കണ്ണൻ അതു കണ്ടത്. തന്റെ
കുഞ്ഞുങ്ങളുടെ രോമം കൂടിനുചുറ്റും ചിതറിക്കിടക്കുന്നു. ‘എന്റെ ദൈവമേ!
എന്നോട് ആരാണീ കടുംകൈ ചെയ്തത്? ആരായാലും ഗതി പിടിക്കില്ല“.
അവൾ മനം നൊന്ത് ശപിച്ചു. വലിയവായിൽ കരഞ്ഞുകൊണ്ട് തേന്മാവിൽ
നിന്നിറങ്ങി വരുന്ന അണ്ണാറക്കണ്ണനെ കണ്ടപ്പോൾ കുറിഞ്ഞിക്ക് കാര്യം
മനസിലായി. എങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ സഹതാപത്തോടെ
അവൾ തിരക്കി. ”എന്തുപറ്റി ചങ്ങാതീ? എന്തിനാ നീ വലിയ വായിൽ
കരയുന്നത്?“
”എന്റെ കുഞ്ഞുങ്ങളെ ആരോ തട്ടിക്കൊണ്ടുപോയി“ അവൾ സങ്കടത്തോടെ
പറഞ്ഞു.
”ഓഹോ! അതിനാണോ നീ അലമുറയിട്ടു കരയുന്നത്? നിന്റെ
കുഞ്ഞുങ്ങളെ തിന്നത് ഞാനാണ്. അണ്ണാനിറച്ചിക്ക് നല്ല സ്വാദുണ്ട്.
അതുകൊണ്ട് ഇനി ഞാൻ നിന്നെയും തിന്നാൻ പോവുകയാണ്“. കുറിഞ്ഞി
പറഞ്ഞു.
”എടീ, ദുഷ്ടേ, ഈ ഇത്രയും വലിയ ചതി ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല“.
അണ്ണാറക്കണ്ണൻ പറഞ്ഞുതീരും മുമ്പേ കുറിഞ്ഞി അവളെ പിടിച്ചു കറുമുറെ
കടിച്ചുകീറിത്തിന്നു.
ഈ കാര്യം അറിഞ്ഞപ്പോൾ മണിക്കുട്ടന് കുറിഞ്ഞിയോട് ദേഷ്യം തോന്നി.
അവന്റെ മനസ് മന്ത്രിച്ചു. ’വിശ്വാസവഞ്ചന കാട്ടുന്നവരോട് കൂട്ടുകൂടരുത്‘.
Generated from archived content: story1_nov20_07.html Author: puthenvelikara_sukumaran