മദർ തെരേസ

ലോകാരാധ്യവിശുദ്ധിയായ്‌ മധുരമാം

സ്നേഹാർദ്ര സംഗീതമായ്‌

മൂകർക്കും ബധിരർക്കുമെന്നുമുഴലും

ദീനർക്കുമാലംബമായ്‌

ആ കമ്രദ്രുതി കൂരിരുട്ടിലരുളും

സൗവർണ്ണനക്ഷത്രമായ്‌

ഹാ! കാരുണ്യമെഴുന്ന നിത്യജനനീ

നിന്നെ സ്തുതിക്കുന്നു ഞാൻ!

സാഫല്യക്കതിർ നൂറുമേനി വിളയാ-

നേറെപ്പണിപ്പെട്ടവർ

സത്യത്തിൻ പൊരുളായ്‌ നിറന്നൊരരുളായ്‌

ശോഭിച്ചു നിന്നീടുമ്പോൾ

സ്ഥൈര്യത്തിൻ മുടിയിൽ പതാകയുയരാൻ

വേർപ്പൊട്ടു വർഷിച്ചവൾ

സർവ്വാർഥപ്രതിഭാസമായ്‌ സുകൃതമാ-

യെന്നും വിരാജിക്കുവോൾ!

ദുഃഖത്തിൻ കടലിൽ നിമഗ്ന, യലിവിൻ

മുത്തായ്‌ വിളങ്ങീടുവോൾ

ദുഗ്ധം തുള്ളിയതിങ്കൽ നിന്നു പെരുതാം

പാലാഴി തീർക്കുന്നവൾ

ആത്മീയപ്രഭയിൽ മനോജ്ഞസുരലോ-

കം നെയ്‌തെടുക്കുന്നവൾ

ആഹാ! മാനവജീവിതത്തെ നവമായ്‌

സൃഷ്ടിച്ചു രക്ഷിച്ചവൾ!

Generated from archived content: poem6_jun13_07.html Author: puthenvelikara_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English