രാവിന്റെ പുഷ്‌പാസ്‌തരണത്തിലേകനായ്
ഞാനുറങ്ങിക്കിടക്കുമ്പോൾ
എന്നെയുണർത്താതെയന്നിലുണരുന്നു
പൊന്നിൻ കിനാക്കളുഡുക്കൾ!
എങ്ങോട്ടുകൊണ്ടുപോയീടുന്നു നിങ്ങളെൻ
പൊങ്ങുതടിയൊത്തദേഹം?
സ്വപ്നങ്ങളേ, നിങ്ങൾക്കുണ്ടോ ചിറകുകൾ
സ്വർഗ്ഗസ്‌ഥരേ നിങ്ങൾ ചൊല്ലൂ?
സപ്‌തവർണ പൂഞ്ചിറകാർന്നമോഹങ്ങൾ
പാറിക്കളിക്കയാണെന്നിൽ
കൂട്ടിൽ മയങ്ങിക്കിടക്കുന്നൊരെന്നെ നീ
തൊട്ടുണർത്താനെത്തിയാലും!
ഏകാന്തതയുടെ മൗനതീരങ്ങളിൽ
എൻകാലിടറി വീഴുമ്പോൾ
ഏതോ ശിലാതലത്തിൽ മയങ്ങുന്നൊരെൻ
ജീവനെ പാടിയുണർത്താൻ
നീയണങ്ങീടൂകൊരിറക്കുഴലുമായ്
നീർമുകിൽ വർണ്ണനെപ്പോലെ!
Generated from archived content: poem3_jan24_09.html Author: puthenvelikara_sukumaran