കണ്ണാ നീയെവിടെ

കായാമ്പൂവായെന്റെ മനസ്സിൽ

മായക്കണ്ണാ നീ വരുമോ?

അമ്പാടിക്കുളിരഴകല്ലേ നീ-

യമ്പിളി തൻപാൽക്കതിരല്ലേ?

നിന്റെ നികുഞ്ജക വാതിൽതുറക്കൂ

നൃത്തംവയ്‌ക്കൂ മണി വർണ്ണാ!

പീലിത്തിരുമടി ചൂടിയനിന്നുടെ

കോലക്കുഴൽവിളിയെന്തുരസം!

നിന്റെ ചിലങ്കദ്ധ്വനി കേൾക്കെ,യെൻ

വേദനയൊക്കെയുമകലുന്നു.

യമുനാതീരലതാകുഞ്ജങ്ങളിൽ

യദുകന്യക രാധികയൊപ്പം

രാസക്രീഡയിലലിയാൻ, മാധവ-

മാസനിലാവായ്‌ നീ വരുമോ?

ദ്വാപരയുഗമീയുലകിനു നൽകിയ

നൂപുരമധുരധ്വനിയാം നീ

കാടും മലയും പുഴയും ചുറ്റി-

പ്പാടിനടക്കും പൂങ്കുയിലോ!

ഇനിയുമൊരിക്കൽക്കൂടി വരൂ, തേൻ

കിനിയുമുഷപ്പൊന്മലരായ്‌ നീ!

കുസൃതിക്കണ്ണാ, നീയെവിടെ?

നിന്നമൃതം പെയ്യും കുഴലെവിടെ?

നിർവൃതിപകരാനെന്നാത്മാവിൽ

നീയെത്തീടുകമുകിൽ വർണ്ണാ!

Generated from archived content: poem1_sept4_07.html Author: puthenvelikara_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English