തിരുവോണം

എങ്ങുമാഹ്ലാദം പുത്തനലകൾ ഞൊറിയുന്നു,

ചിങ്ങപ്പൈങ്കിളി വീണ്ടും പാടുന്നു മധുരമായ്‌.

നൂപുരദ്ധ്വനിയുമായോണമെത്തുന്നു; മല-

നാട്ടുലാവണി നിലാപ്പാൽ ചുരന്നൊഴുകുന്നു!

ചിണുങ്ങിപ്പെയ്യും മഴക്കുളിരിൽ കുളിച്ചോണം

കുണുങ്ങിക്കൈവളകൾ കിലുങ്ങി വന്നെത്തവേ,

കിളിവാതിലിലൂടെ യെത്തിനോക്കുന്നെന്നോർമ്മ-

ക്കിളികാഞ്ഞിരക്കൊമ്പിലമൃതം വർഷിക്കുന്നു!

ഇവിടെപ്പുതുമഴ പെയ്യവേ, യെന്നാത്മാവിൽ

കവിത കൈകാൽക്കുടഞ്ഞുണർന്നു കളിക്കുന്നു!

ഓമനക്കിനാവിനെ പുണരാൻ, തുരുതുരെ

തൂമുത്തം പകരാനെൻ ചേതന കൊതിക്കവേ,

നീയൊരു മൃഗതൃഷ്ണപോലനന്തമാം വഴി-

ത്താരയൂടകലുന്നു, നോവിന്റെ മുൾക്കാടുമായ്‌

ഞാനലയുന്നു, നീയും നിൻ സ്മൃതികളും

തേനലചിന്നും വർഷപ്പുളപ്പായൊഴുകുന്നു!

ഇനിയും വരും തിരുവോണവും മാവേലിയും

കനവിന്നിനിയെന്റെയാത്മാവിലുണർത്തുവാൻ

ആ നിമിഷത്തിൻ മലർച്ചില്ലയിൽ കൈയെത്തിക്കാ-

നായിളം കുരുന്നിനെ കൈക്കൂട്ടിലൊതുക്കുവാൻ

കാത്തു നിൽക്കുന്നെൻ മോഹം

വ്യർത്ഥമാവുകിൽപ്പോലും

ഇത്തിരി സമാശ്വാസത്തേനെന്നിൽ പകർന്നേക്കാം

വരവായ്‌ തിരുവോണം പിന്നെയുമാഹ്ലാദത്തിൻ

തിറച്ചാർത്തൊലിയിലെൻ മാനസം തുടിക്കുന്നു!

Generated from archived content: poem1_sept20_07.html Author: puthenvelikara_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here