ഒരാവസരസ്വപ്‌നം മായുമീ തൃസന്ധ്യയി-
ലൊരു താരകമുദിച്ചുയരാന്‍ വെമ്പുന്നുവോ
പേരിട്ടു വിളിക്കുവാനാവാത്ത മൗനത്തിന്റെ
നേരിനെ, വിളക്കനെ തേടുമീ വെളിച്ചത്തെ
ഓര്‍മയിലൊരുശരത്കാലരാത്രിയും മുഗ്ധ
നര്‍മ്മസല്ലാപങ്ങളും പൂവിട്ടു ചിരിക്കവേ
അന്യോന്യമലിഞ്ഞലിഞ്ഞില്ലാതെയാവുന്നൊരു
വന്യമാം മതിഭ്രമമുയിര്‍ക്കുന്നെന്നാത്മാവില്‍
ഒരു പൂക്കാലത്തിന്റെ സൗരഭ്യലഹരിയി-
ലൊരു ഹേമന്ദത്തിന്റെ മഞ്ഞിലും കുളിരിലും
നീയൊരു മധുരാനുരാഗത്തിന്‍ വിപഞ്ചിക:
നീയെന്നുമെന്നെത്തൊട്ടുതലോടുമേകാന്തത
നിനവായ്, നറുനിലാക്കതിരായൊരിക്കലും
മറക്കാനരുതാത്ത സ്വപ്‌നമായ് നീയെത്തുമ്പോള്‍
പുല്‍കി ഞാനുണര്‍ത്തിടാം നിന്നാത്മദാഹങ്ങളെ
പുഞ്ചിരിക്കാന്‍ മാത്രം നമുക്കു കഴിഞ്ഞെങ്കില്‍!
Generated from archived content: poem1_may29_13.html Author: puthenveli_sukumaran