ബാബു ബാങ്കിൽ നിന്ന് വായ്‌പ എടുത്തത് പെരുകിപ്പെരുകി ജപ്‌തിയോടടുത്തു. നോട്ടീസിൽ പറഞ്ഞ തീയതിക്കു മുമ്പ് ഒരു ലക്ഷം രൂപ സ്വരൂപിക്കാൻ വളരെ കഷ്‌ടപ്പെട്ടു.
നോട്ടീസും പണവും പാസ്‌ബുക്കും കാഷ്യറെ ഏൽപ്പിച്ചു. അദ്ദേഹം എണ്ണിനോക്കിയിട്ടുപറഞ്ഞു. ‘ഇരുപതിനായിരം രൂപയുടെ കുറവുണ്ടല്ലോ.’
‘അങ്ങനെ വരാൻ വഴിയില്ല. ഞാൻ ബ്ലേഡിൽ നിന്ന് എടുത്താണ് കാശുവെച്ചത്. ഇന്നലെ രാത്രി കിടക്കുന്നതിനു മുമ്പുകൂടി ഞാൻ എണ്ണിനോക്കി ബോധ്യപ്പെട്ടതാണ്.
’എന്നാൽ നിങ്ങൾ എണ്ണിനോക്കിക്കോളൂ.‘
കാഷ്യർ പണം ബാബുവിനു കൊടുത്തു.
ബാബു തിരിച്ചും മറിച്ചും എണ്ണിനോക്കിയിട്ടും ഇരുപതിനായിരത്തിന്റെ കുറവ്. ഉള്ള കാശ് വരവുവെക്കാൻ പറഞ്ഞിട്ടും കാഷ്യർ വഴങ്ങിയില്ല.
നിരാശനായാണ് ബാബു വീട്ടിലേക്ക് നടന്നത്. ബാക്കി തുക എങ്ങനെ ഒപ്പിക്കും. നാണംകെട്ടജപ്‌തിയും വഴിയാധാരമാകുന്ന കുടുംബത്തെയുമോർത്ത് അയാൾ തികച്ചും പരിക്ഷീണനായി.
വീട്ടിൽ ചെന്ന് കയറിയപ്പോൾ ഭാര്യ ജാനുവിന് അതുവരെ കണ്ടിട്ടില്ലാത്തത്ര സന്തോഷം.
ബാബു മനംതകർന്ന് സോഫയിലേക്ക് ചാഞ്ഞു.
’ബാബുട്ടാ….. ബാബുട്ടാ…….
സ്‌നേഹം കൂടുമ്പോൾ അവൾ അങ്ങനെയാണ് വിളിക്കാറുള്ളത്.
ടെൻഷൻമൂലം കുഴഞ്ഞു പോകുന്ന നാവും ശരീരവും ബാബു വിഷമത്തോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി.
‘ഞാനേ ഇന്നൊരു ലാഭക്കച്ചവടം നടത്തി.
പണനഷ്‌ടത്തിന്റെ ഒരു തുമ്പുകിട്ടിയപോലെ ബാബു എഴുന്നേറ്റു.
’എന്തു കച്ചവടം?‘
’പടിഞ്ഞാറേലെ രാധയുടെ രണ്ടുപവന്റെ കടകം ഞാൻ വാങ്ങി. ഇരുപതിനായിരം രൂപയേ ആയുള്ളു.
‘നിനക്കെവിടന്നു കാശു കിട്ടി?’
‘എവിടന്നുകിട്ടാൻ? എന്റെ ബാബുട്ടന്റെ കാശല്ലാതെ…..
ഒരു മിന്നൽപ്പിണർപോലെയായിരുന്നു ബാബുവിന്റെ പ്രഹരം.
നിലവിളിയോടെ അകത്തുകയറിയ ജാനു അൽപം കഴിഞ്ഞ് പുറത്തിറങ്ങി. കൂടെ ഒരു വലിയ ട്രാവൽബാഗുമുണ്ടായിരുന്നു.
’നീ എവിടെ പോകുന്നു?‘
ഉള്ളിലെ അമർഷം കടിച്ചിറക്കി ബാബു ചോദിച്ചു.
’ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്. ഇനിയൊരു നിമിഷം ഞാനിവിടെ നിൽക്കില്ല‘.
’പോയ് തുലയ്…. എന്നു പറയാനാണ് തോന്നിയത്, പക്ഷെ, ബാബു ഒന്നും പറഞ്ഞില്ല.
‘മനുഷ്യനായാൽ ഇടക്കൊക്കെ ടീവിലെ സീരിയലുകാണണം. പാരിജാതത്തിലെ അരുണ ഒരു കോടി രൂപ എടുത്തിട്ടും ജെ.പി ഒന്നും പറഞ്ഞില്ല അതാണ് സ്‌നേഹം. എങ്ങിനെയാണ് സ്‌നേഹിക്കേണ്ടതെന്ന് നിങ്ങൾ കണ്ടുപടിക്ക്. എന്നിട്ട് ഞാൻ വരാം ഈ വീട്ടിലേക്ക്.’
ജാനു പടിയിറങ്ങുന്നതു ബാബു നിർവികാരനായി നോക്കിനിന്നു.
Generated from archived content: story2_jan31_11.html Author: purushan_cherayi