വാർധക്യം ഞങ്ങൾക്കു ശാപമല്ല
പോരാട്ട വീറിന്റെ കീർത്തിമുദ്ര
ഏറെ പടവുകൾ താണ്ടി ഞങ്ങൾ
ഏറ്റവും മീതെ ഇവിടെയെത്തി
‘ഇള്ളേ….’ എന്നാദ്യം വിളിച്ചു ഞങ്ങൾ
ഈ മണ്ണിലേക്കു പിറന്നുവീണു
അമ്മതൻ സ്നേഹവും വാത്സല്യവും
ആവോളം കിട്ടി വളർന്നുവന്നു
ശൈശവം പിന്നിട്ടു ബാല്യമെത്തി
ബാല്യത്തിലേറെ കുസൃതികാട്ടി
കൗമാരകേളിയും യൗവനവും
എന്തെല്ലാമോർമ്മകൾ വച്ചുനീട്ടി
ജീവിതം നൽകിയ നല്ല പാഠം
ഉൾക്കൊണ്ടു ഞങ്ങൾ ഇവിടെയെത്തി
അമ്മയുമച്ഛനുമായി ഞങ്ങൾ
അപ്പൂപ്പനമ്മൂമ്മയായി ഞങ്ങൾ
ജീവിതസന്ധിയിൽ ഞങ്ങൾ കാട്ടും
നേർവഴിനോക്കി നടന്നുകൊൾക
നാളേക്കുനാട്ടിൽ വെളിച്ചമേകാൻ
നീളെ തെളിക്കും വിളക്കു ഞങ്ങൾ.
Generated from archived content: poem2_mar26_11.html Author: purushan_cherayi