മാര്‍ച്ച് 5
ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ള ആദ്യ ദിവസം . രാജ്യത്തിന്റെ തലസ്ഥാനം കാണുന്നതിനുള്ള അദമ്യമായ ആഗ്രഹത്തോടു കൂടിയാണ് ഞങ്ങള്‍ നാലു പേര്‍ – ജയരാജ്, ചെല്ലപ്പന്‍, ബാബു, ഞാന്‍ – രാത്രി പതിനൊന്നരക്ക് ദുരന്തോ എക്സ്പ്രസ്സ് യാത്ര തുടങ്ങുന്നത്.
അതിനു മുമ്പേ എറണാകുളത്തു നിന്നു പുറപ്പെട്ടാല്‍ ന്യൂഡല്‍ഹി വരെ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ഞങ്ങള്‍ ഒന്നു കൂടി അയവിറക്കി.
അപരിചിതരായവരോട് അധികം അടുപ്പം വേണ്ട. ആരില്‍ നിന്നും ഭക്ഷണ സാധങ്ങള്‍ വാങ്ങിക്കഴിക്കരുത്. അതു പോലെ ആര്‍ക്കും ഭക്ഷണ സാധങ്ങള്‍ കൊടുക്കരുത്.
ടെയിനില്‍ ബുക്കു ചെയ്തിരിക്കുന്ന സീറ്റുകള്‍ പിടിച്ച് ഞങ്ങള്‍ ലഗ്ഗേജുകള്‍ ഒതുക്കി വച്ചു.
വണ്ടി കൃത്യ സമയത്തു തന്നെ ചൂളം വിളിച്ച് കുതിച്ചു പായാന്‍ തുടങ്ങി.
അപ്പോഴാണ് ഞങ്ങളുടെ സൈഡ് സീറ്റില്‍ ഒരു ചെറുപ്പക്കാരനിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. അപരിചിതമായ അയോളോട് ഒട്ടും മമത പ്രകടിപ്പിക്കാതെ അല്പ്പനേരം ഞങ്ങള്‍ ഇരുന്നു.
മറ്റൊരു നിമിഷത്തില്‍ അപരിചിതന്റെയും എന്റെയും കണ്ണുകള്‍ തമ്മില്‍ ഉടക്കി. അപ്പോള്‍ എവിടെയും സംഭവിക്കുന്നതു പോലെ എന്റെ ചുണ്ടില്‍ ഒരു മന്ദഹാസം വിടര്‍ന്നു അയാളിലും.
” എവിടെന്നാണ്?”
” ഇടുക്കിയില്‍ നിന്ന് – നെടുങ്കണ്ടം”
”പേര്?”
” ഷെമീര്‍”
തടഞ്ഞുനിര്‍ത്തിയിരുന്ന ചാല്‍ തുറന്നു കിട്ടിയപോലെ ഞങ്ങളുടെ സുഹൃത്തുക്കളും സംസാരത്തില്‍ പങ്കു കൊണ്ടു.
” എന്തു ചെയ്യുന്നു?” എവിടെ പോകുന്നു തുടങ്ങിയ ഔപചാരികമായ വാക്കുകള്‍. വാക്കുകളിലെ പൊള്ളത്തരങ്ങള്‍ ഒഴിയുകയും ഞങ്ങള്‍ ചിരപരിചിതരേപ്പോലെ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. പുലരുവോളം നീണ്ടു കിടന്ന രാത്രിയില്‍ സംഭാഷണത്തിലുള്ള ചാതുര്യത്തില്‍ ഞാന്‍ അത്ഭുതം കൊണ്ടൂ. അതോടൊപ്പം പതിയ സുഹൃത്തിന്റെ ലോക പരിചയവും റെയില്‍വേ സ്റ്റേഷനുകളെക്കുറിച്ചുള്ള അറിവും എന്നെ വിസ്മയിപ്പിച്ചു.
ഇന്‍ഡ്യക്കാരുടെ വൃത്തിയില്ലായ്മയെക്കുറിച്ച് ഞങ്ങള്‍ സംസാരിരിച്ചു. കേരളം ഒഴിച്ചു മറ്റെല്ലാ സംസ്ഥാനങ്ങളും വൃത്തിഹീനമാണെന്ന് ഞങ്ങള്‍ വാദിച്ചു. എന്നാല്‍ ഷെമീര്‍ അതിനോടു യോജിച്ചില്ല. ഇന്‍ഡ്യയില്‍ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം കാശ്മീരാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.
ഇതിനിടയ്ക്ക് ഷെമീറിന്റെ യാത്രോദ്ദേശ്യം വെളിപ്പെടുത്തി. അദ്ദേഹം കാലടി സര്‍വകലാശാലയില്‍ പി എച്ച് ഡി യ്ക്ക് ചേര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ ധാരാളം സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് ജെ. എന്‍ യു വില്‍ ചേരാന്‍ കഴിയുമോ എന്ന് അന്വേഷിക്കണം. അതിനു വേണ്ടി ഒരു ഇന്റ്റെര്‍വ്യൂവിനു അറ്റന്റ് ചെയ്യാനാണ് ഈ യാത്ര.
ഏഴാം തീയതി രാത്രി എട്ടുമണിയോടെ ട്രെയിന്‍ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തി. അവിടെ ഞങ്ങളെ കാത്ത് അയല്‍ക്കാരും ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥരുമായ കെ. എസ് സന്തോഷും വി. ആര്‍ ബാബുവും നിന്നിരുന്നു. പിന്നാലെ ഇറങ്ങി വന്ന ഷെമീറിനെ ഞങ്ങള്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ഞങ്ങള്‍ അവിടെ നിന്നും കെ. എസ് സന്തോഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ( അവിടെയാണ് കൂടുതല്‍ ദിവസവും ഞങ്ങള്‍ താമസിച്ചത്) തുടര്‍ന്ന് മൂന്നു ദിവസം ഞങ്ങള്‍ ഡല്‍ഹി എന്ന വിസ്മയ നഗരത്തിലെ കാഴ്ചകളില്‍ മുഴുകിപ്പോയി. പത്താം തീയതി രാത്രി ഞങ്ങള്‍ വി. ആര്‍ ബാബുവിന്റെ ക്വോര്‍ട്ടേഴ്സിലാണ് താമസിച്ചത്. അത് ഷാലിമാര്‍ബാഗിലായിരുന്നു.
ബാബുവുന്റേയും സന്തോഷിന്റെയും സുഹൃത്തുക്കളായ ഡല്‍ഹി പോലീസിലെ മറ്റു മലയാളികളും ഒത്തു ചേര്‍ന്ന് ആ രാത്രി അവിസ്മരണീയമാക്കി.
പിറ്റേന്ന് നേരം പുലര്‍ന്ന് അല്പം കഴിഞ്ഞപ്പോള്‍ മലയാള മനോരമ പത്രം വന്നു. അതിന്റെ രണ്ടാം പേജില്‍ ഷെമീറിന്റെ ചിത്രം ; വാര്‍ത്ത ..മലയാളി യുവാവ് റോഡ് മുറിച്ചു കടക്കുമ്പോള്‍ ബൈക്കിടിച്ചു മരിച്ചു. എന്റെ മനസ്സില്‍ കരച്ചിലിന്റെ മഹാവിസ്ഫോടനം നടന്നു. വാര്‍ത്തയുടെ സംക്ഷിപ്ത രൂപം ഇങ്ങിനെ.
‘ ഇടുക്കി സ്വദേശിയായ ഷെമീര്‍ എന്ന യുവാവ് വസന്ത നഗര്‍ എന്ന സ്ഥലത്തുവച്ച് റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ചു മരിച്ചു. ഡല്‍ഹിയലെ ഏതോ സുഹൃത്തിനെ കാണാന്‍ പോയതായിരുന്നു. അവിടെ നിന്നും തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഷെമീര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ഞാന്‍ സുഹൃത്തുക്കളെ വിളിച്ച് പത്രം കാണിച്ചു.
എല്ലാവരും അപ്രതീക്ഷിതമായ ദുരന്തത്തില്‍ നടുങ്ങിത്തെറിച്ചു.
ട്രെയിനില്‍ നിന്ന് വിടപറയുമ്പോഴുള്ള ഷെമീറിന്റെ നോട്ടം എന്റെ മനസ്സില്‍ ഇന്നും പതിഞ്ഞു കിടക്കുന്നു. ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ചിത്രമായി.
Generated from archived content: story1_may9_2013.html Author: purushan_cherai